ഏറ്റവും ഭാഗ്യവാനായ പിതാവും ഏറ്റവും സന്തുഷ്ടനായ മകനും

ഏറ്റവും ഭാഗ്യവാനായ പിതാവും ഏറ്റവും സന്തുഷ്ടനായ മകനും

ദൈവത്തെ കൈകളിലെടുക്കാന്‍ ഭാഗ്യം സിദ്ധിച്ചവന്‍. ദൈവത്തെ വളര്‍ത്താന്‍ അവസരം കിട്ടിയവന്‍..വി.യൗസേപ്പിതാവിനെ ഉണ്ണീശോയുമൊത്ത് കാണുമ്പോള്‍ തോന്നുന്നതാണിത്. ഈ ലോകത്തില്‍ വച്ചേറ്റവും ഭാഗ്യവാനായ പിതാവ് വിശുദ്ധ യൗസേപ്പിതാവല്ലാതെ മറ്റാരാണ?.

എന്തൊരു അഭിമാനമാണ് ആ മുഖത്ത്.. എന്തൊരു തിളക്കമാണ് ആ കണ്ണുകളില്‍. ഈ തച്ചന്റെ വിശുദ്ധി അറിവുള്ളതുകൊണ്ടാണ് ദൈവം തന്റെ മകന്റെ വളര്‍ത്തുപിതാവായി യൗസേപ്പിനെ തന്നെ തിരഞ്ഞെടുത്തത്. ഇങ്ങനെയൊരു അപ്പനെ കിട്ടിയതുകൊണ്ട് ഈശോയും എന്തുമാത്രം സന്തോഷിച്ചിരിക്കണം! നല്ല മക്കള്‍ മാത്രമല്ല നല്ല അപ്പനും ഒരു ഭാഗ്യമാണ്. തച്ചന്റെ മകന്‍ എന്ന വിശേഷണം തീര്‍ച്ചയായും ഈശോ അഭിമാനത്തോടെയാണ് സ്വീകരിച്ചിരുന്നത്. ഈ ലോകത്തിലെ എല്ലാ അപ്പന്മാര്‍ക്കും മാതൃകയായ അപ്പന്‍ യൗസേപ്പിതാവാണ്.

എന്റെ മകനെ എങ്ങനെ വളര്‍ത്തണമെന്ന് എനിക്ക് അറിയില്ല. മാനുഷികമായ എന്റെ ബലഹീനതകളും കുറവുകളും അവനെ ഒരു നല്ല മകനായി വളര്‍ത്തുന്നതിന് തടസ്സമായി നില്ക്കുന്നുണ്ടാവാം. അതുകൊണ്ട് ഞാന്‍ യൗസേപ്പിതാവിനോട് മാധ്യസ്ഥം തേടുന്നു. എന്റെ യൗസേപ്പിതാവേ, ദൈവപുത്രനെ വളര്‍ത്താന്‍ ഭാഗ്യം സിദ്ധിച്ച അങ്ങേയ്ക്ക് ഞാനെന്റെ മകനെ സമര്‍പ്പിക്കുന്നു.അവനെ അങ്ങ് നന്നായി വളര്‍ത്തണമേ.. നന്മയും തിന്മയും പറഞ്ഞുകൊടുത്ത്, വെളിച്ചവും ഇരുട്ടും കാട്ടിക്കൊടുത്ത്.. അങ്ങ് അവനെ നന്നായി നടത്തുക.. .
നെറ്റില്‍ വെറുതെ സെര്‍ച്ച് ചെയ്തപ്പോള്‍ അതുവരെ കണ്ടിട്ടില്ലാത്ത ഒരു ചിത്രം കണ്ണില്‍പെട്ടു.

ഉണ്ണീശോയുടെ കൈയ്ക്ക് പിടിച്ച് നടക്കുന്ന യൗസേപ്പിതാവ്. പതിനാറാം നൂറ്റാണ്ടില്‍ സ്‌പെയ്‌നില്‍ ജീവിച്ചിരുന്ന ക്രൈസ്തവചിത്രകാരനായ ബര്‍ട്ടോലോമി വരച്ച ചിത്രമായിരുന്നു അത്. എത്ര മഹത്തായ ഒരു ഭാവനയാണതെന്നോര്‍ത്ത് കൈകൂപ്പിപ്പോയി.. തീര്‍ച്ചയായും അങ്ങനെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അതേക്കുറിച്ച് പകര്‍ത്താന്‍ അതിരുകടന്ന ഒരു ചിന്ത വേണമല്ലോ?
അതുപോലെ ഏറെ ഹൃദ്യമായ മറ്റൊരു ചിത്രവും കണ്ടിട്ടുണ്ട്.യൗസേപ്പിതാവിന്റെ മരണസമയത്തേതാണ് ആ ചിത്രീകരണം. യൗസേപ്പിതാവിന്റെ ഇരുവശങ്ങളിലായി മാതാവും ഈശോയും.

യൗസേപ്പിതാവിന്റെ മരണത്തെക്കുറിച്ച് ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ വിശദീകരിച്ച് പറയുന്നുണ്ട്. ഒരു മകന്റെ സ്‌നേഹത്തോടും കരുതലോടും കൂടി ഈശോ യൗസേപ്പിതാവിനെ അവസാനമണിക്കൂറില്‍ പരിചരിക്കുന്നതും മറ്റും നമുക്കിവിടെ കാണാന്‍ കഴിയും. നിര്‍മ്മലമായ തന്റെ കണ്ണുകള്‍ കൊണ്ട്മാതാവിനെയും ഈശോെയെയും അനുഗ്രഹിക്കുന്ന യൗസേപ്പിതാവ്. ആ നേരങ്ങളില്‍ ഈശോ പറയുന്നു: നീതിമാനും വാത്സല്യനിധിയുമായ പിതാവേ, പരിശുദ്ധിയുടെ നിറകുടമേ, ഞങ്ങളുടെ ഈ ലോകത്തിലെ കാവല്‍ക്കാരാ, എന്റെ എത്രയും പ്രിയപ്പെട്ട അപ്പേ എന്റെ പേരിലും എന്റെ അമ്മയുടെ പേരിലും ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു.. ..എന്റെ നീതിമാനായ പിതാവേ അങ്ങയുടെ മഹത്വം ലോകാവസാനം വരെ നിലനില്ക്കും. അങ്ങയെ സ്വര്‍ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ഞാന്‍ വേഗം വരും….അപ്പാ,പോകുക എന്റെ അനുഗ്രഹം അങ്ങയെ അനുഗമിക്കട്ടെ…

നക്ഷത്രത്തിളക്കമുള്ള കണ്ണുകള്‍ കൊണ്ട് മാതാവിനെയും ഈശോയെയും വാത്സല്യത്തോടെ നോക്കി ഈശോയുടെ മാറില്‍ മുഖം ചേര്‍ത്താണ് യൗസേപ്പിതാവ് മരിച്ചത്. വെറുതെയല്ല യൗസേപ്പ് നന്മരണത്തിന്റെ മാധ്യസ്ഥനായത്.

മകനെ കണ്ട്, അവന്റെ മാറില്‍ മുഖം ചേര്‍ത്ത് മരണമടയുക എന്നത് ഏതൊരു പിതാവിന്റെയും ഏറ്റവും വലിയ സ്വപ്നമല്ലേ? അതു കണ്ടപ്പോള്‍ മുതല്‍ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയുണ്ട്,
മകനേ എന്റെ മരണക്കിടയ്ക്കരികില്‍ നീയുണ്ടായിരിക്കണമേ… നിന്റെ കരങ്ങള്‍ ശരീരംവിട്ടുപോകുന്ന എന്റെ ആത്മാവിനെ സ്പര്‍ശിച്ച് അതിന് ആശ്വാസം നല്കണമേ.. നിന്റെ ആശീര്‍വാദത്തിന്റെ തൈലം എന്റെ നെറ്റിത്തടങ്ങളില്‍ ഉണ്ടായിരിക്കണമേ.. ഭൂമിയില്‍ ഇനിയൊരിക്കലും കണ്ടുമുട്ടാന്‍ സാധിക്കാത്തവിധമുള്ള അവസാന ഈ വിനാഴികയില്‍ എന്റെ ശരീരം തണുത്തുറയും മുമ്പ് എന്റെ ശരീരത്തിലെ ചൂട് നഷ്ടപ്പെടും മുമ്പ് നീ കുഞ്ഞുപ്രായത്തില്‍ എന്നെ ആലിംഗനം ചെയ്തിരുന്നതുപോലെ, അതിന്റെ എല്ലാ നിഷ്‌ക്കളങ്കതയോടും സ്‌നേഹത്തോടുംകൂടി നീയെന്നെ ഒരിക്കല്‍ക്കൂടി അവസാനമായി ആലിംഗനം ചെയ്യണമേ…

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login