ക്രിസ്തുവായി അഭിനയിച്ചതിന് ശേഷം ഹോളിവുഡില്‍ നിന്ന് നേരിടേണ്ടി വന്ന തിരസ്‌ക്കരണങ്ങളെക്കുറിച്ച് പാഷന്‍ ഓഫ് ദ ക്രൈസ്റ്റിലെ നടന്‍

ക്രിസ്തുവായി അഭിനയിച്ചതിന് ശേഷം ഹോളിവുഡില്‍ നിന്ന് നേരിടേണ്ടി വന്ന തിരസ്‌ക്കരണങ്ങളെക്കുറിച്ച് പാഷന്‍ ഓഫ് ദ ക്രൈസ്റ്റിലെ നടന്‍

ജിം കാവിയെസെല്‍ എന്ന് പേരു പറഞ്ഞാല്‍ അധികം പേര്‍ക്കും കൃത്യമായി ഓര്‍മ്മ വരണമെന്നില്ല. എന്നാല്‍ പാഷന്‍ ഓഫ് ദ ക്രൈസ്റ്റിലെ ക്രിസ്തുവെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും ആളെ പെട്ടെന്ന് പിടികിട്ടുക തന്നെ ചെയ്യും. മെല്‍ ഗിബ്‌സന്റെ ബൈബിള്‍ ഇതിഹാസചിത്രമായ ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ ക്രിസ്തുവായി വേഷമിട്ടത് നടന്‍ ജിം ആയിരുന്നു.

പക്ഷേ ആ ചിത്രത്തിലെ അഭിനയത്തിന് ശേഷം ഹോളിവുഡില്‍ നിന്ന് തനിക്ക് നേരിടേണ്ടിവന്നത് തിരസ്‌ക്കരണങ്ങളായിരുന്നുവെന്ന് അടുത്തയിടെ നടന്ന ഒരു അഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞു. ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, ക്രിസ്തുവായി അഭിനയിക്കുകയല്ലാതെ.. ജിം വിശദീകരിച്ചു.

ഈ തിരസ്‌ക്കരണം തന്നെ വേദനിപ്പിച്ചിട്ടില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഓരോരുത്തര്‍ക്കും അവനവര്‍ വഹിക്കേണ്ട കുരിശുണ്ട്. ലോകം മാറിക്കൊണ്ടാണിരിക്കുന്നത്. ഈ ലോകം എന്നത്തേയ്ക്കുമായിട്ടുള്ളതാണ് എന്നെനിക്ക് തോന്നുന്നില്ല. ഓരോരുത്തരും അവനവര് ചെയ്യുന്ന പ്രവൃത്തികള്‍ക്കനുസരിച്ച് ഉത്തരം നല്‌കേണ്ടിവരും. ജിം പറയുന്നു.

2004 ല്‍ പുറത്തിറങ്ങിയ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് അതുവരെയുള്ളതില്‍ വച്ചേറ്റവും പണം വാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു. 612 മില്യന്‍ ഡോളറാണ് ലോകത്തെവിടെ നിന്നുമായി ചിത്രം കളക്ട് ചെയ്തത്. 30 മില്യന്‍ ഡോളറായിരുന്നു നിര്‍മ്മാണചെലവ്. മൂന്ന് ഓസ്‌ക്കാര്‍ നോമിനേഷനും നേടിയിരുന്നു.

ക്രിസ്തുവായി അഭിനയിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജിമ്മിനും 33 വയസായിരുന്നു. എന്നാല്‍ അതിനെ യാദൃച്ഛികമെന്ന് വിശേഷിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.

നിരീശ്വരവാദികള്‍ മാത്രമേ യാദൃച്ഛികതയില്‍ വിശ്വസിക്കുന്നുള്ളൂ. യാദൃച്ഛികമായി ഒന്നും സംഭവിക്കുന്നില്ല. അദ്ദേഹം പറയുന്നു. ദൈവത്തിന് ഒന്നും യാദൃച്ഛികമല്ല. ക്രിസ്തു മരിച്ച് ഉയിര്‍ത്തെണീറ്റതിനെ പോലും അവിശ്വാസികള്‍ യാദൃച്ഛികമെന്ന് പറഞ്ഞേക്കാം. ജിം പറയുന്നു.

You must be logged in to post a comment Login