ജോര്‍ദാന്‍: ഈസ്റ്ററിന് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കാവലായി നിന്നത് മുസ്ലീങ്ങള്‍

ജോര്‍ദാന്‍: ഈസ്റ്ററിന് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് കാവലായി നിന്നത് മുസ്ലീങ്ങള്‍

ജോര്‍ദാന്‍: ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ സന്തോഷങ്ങളില്‍ പങ്കുചേരാനും തിരുക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കാനുമായി എത്തിച്ചേര്‍ന്ന ക്രൈസ്തവസഹോദരങ്ങള്‍ക്ക് സാഹോദര്യത്തിന്റെ പുതിയ മുഖം കാട്ടി മുസ്ലീം സഹോദരങ്ങള്‍ ദേവാലയങ്ങള്‍ക്ക് കാവല്‍ നിന്നു. ഈജിപ്തിലെ കോപ്റ്റിക് ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാന ഞായറാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 45 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈസ്റ്ററിനും ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമോയെന്ന് ഭയന്നായിരുന്നു ഈ മുന്‍കരുതല്‍.

ജോര്‍ദാനിലെ ദേവാലയങ്ങള്‍ക്ക് ഈസ്റ്റര്‍ ദിനത്തില്‍ ഭീഷണികളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇറാക്കിന്റെയും സിറിയയുടെയും അതിര്‍ത്തിയിലുള്ളതിനാല്‍ ആക്രമണസാധ്യത തള്ളിക്കളയാനുമാവില്ല. യുഎസ്എ ഓപ്പന്‍ ഡോര്‍സിന്റെ ലിസ്റ്റ് പ്രകാരം ലോകമെങ്ങുമുള്ള മതപീഡനങ്ങളില്‍ 27 ാം സ്ഥാനമാണ് ജോര്‍ദാനുള്ളത്.

ക്രൈസ്തവദേവാലയങ്ങള്‍ക്ക് മുസ്ലീം സഹോദരങ്ങള്‍ കാവല്‍ നിന്നത് ജോര്‍ദാന്റെ ഐക്യത്തിന്റെ നിദര്‍ശനമാണെന്നും ആരെയും ഭയമില്ലാതെ സ്വന്തം വിശ്വാസം പ്രകടിപ്പിക്കുന്നതിനും അതില്‍ ജീവിക്കുന്നതിനും ഓരോ വ്യക്തിക്കും ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നും ഉള്ളതിന്റെ അടയാളമാണിതെന്നും ബാല്‍ക്ക ഗവര്‍ണറേറ്റിന്റെ ഫയസ് റുഗ്വേദി പറഞ്ഞു.

എന്റെ പ്രിയപ്പെട്ട കോപ്റ്റിക് സഹോദരീ സഹോദരന്മാരേ, നിങ്ങള്‍ വിഷമിക്കരുത്. ക്രൈസ്തവരും മുസ്ലീങ്ങളും ഒന്നാണ്. ജനറല്‍ നാഗ്വാ എല്‍ ഹാഗറിന്റെ അനന്തിരവന്‍ ഇസ്ലാം ഫാത്തി പറഞ്ഞു. അയല്‍ക്കാരായ ക്രൈസ്തവരുടെ ജീവന് വേണ്ടി സ്വജീവന്‍ പോലും നഷ്ടപ്പെടുത്താന്‍ തയ്യാറായിട്ടുള്ളവരാണ് ജോര്‍ദാനിലെ മുസ്ലീങ്ങള്‍. ഈജിപ്തില്‍ ഓശാനഞായര്‍ ദിനത്തില്‍ നടന്ന ബോംബാക്രമണത്തില്‍ ക്രൈസ്തവരെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മരണമടഞ്ഞത് മൂന്ന് മുസ്ലീം വനിത പോലീസ് ഉദ്യോഗസ്ഥരായിരുന്നു.

ലോകത്തിന്റെവിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ ഐഎസ് ഭീകരവാദികള്‍ ആക്രമണങ്ങള്‍ നടത്തുമ്പോഴും അവയെ അപലപിച്ചും ക്രൈസ്തവരോടുള്ള ഐകദാര്‍ഢ്യം പ്രഖ്യാപിച്ചും മുസ്ലീങ്ങള്‍ രംഗത്തിറങ്ങാറുണ്ട്. ലാഹോറില്‍ സെന്റ് ആന്റണി ദേവാലയത്തില്‍ 2013  ഒക്ടോബറില്‍ നടന്ന ഭീകരാക്രമണത്തോട് അനുബന്ധിച്ച് മുസ്ലീങ്ങള്‍ രംഗത്തിറങ്ങിയത് ഒരുദാഹരണം മാത്രം.

You must be logged in to post a comment Login