വര്‍ഷത്തില്‍ മൂന്ന് ദിവസം മാത്രം പ്രവേശനമുള്ള ജോര്‍ദാന്‍ നദി…

വര്‍ഷത്തില്‍ മൂന്ന് ദിവസം മാത്രം പ്രവേശനമുള്ള ജോര്‍ദാന്‍ നദി…

വിശുദ്ധ നാട്ടിലെ ഏറ്റവും വലുതും ജലസമൃദ്ധവുമായ നദിയാണ് ജോര്‍ദ്ദാന്‍ നദി. ഗലീലിയ തടാകം പോലെ തീര്‍ത്ഥാടകര്‍ക്ക് വളരെ പരിശുദ്ധമായ ഒന്നാണിത്. ഹെര്‍മോണ്‍ മലകളില്‍ നിന്ന് ഉത്ഭവിച്ച് തെക്കോട്ട് ഒഴുകി മിറോം തടാകത്തിലും പിന്നീട് ഗലീലിയാ തടാകത്തിലും വീഴുന്നു. അവിടെ നിന്ന് വീണ്ടും പുറപ്പെട്ട് ജോര്‍ദാന്‍ താഴ്‌വരയെ ഫലഭൂയിഷ്ടമാക്കി വളഞ്ഞുപുളഞ്ഞൊഴുകി ചാവുകടലില്‍ തന്റെ യാത്ര അവസാനിപ്പിക്കുന്നു. ഗലീലിയാ തടാകത്തിന് അടുത്ത് ജോര്‍ദ്ദാന്‍ നദിയില്‍ ഒരു അണക്കെട്ട് ഉള്ളതിനാല്‍ ചാവുകടലിലേക്കുള്ള നീരൊഴുക്ക് ഇപ്പോള്‍ വളരെ കുറവാണ്.

ജോര്‍ദ്ദാന്‍ താഴ്‌വര ഫലഭൂയിഷ്ടമായ ഒന്നാണ്. ധാരാളം പഴവര്‍ഗ്ഗങ്ങളും പുഷ്പങ്ങളും ആധുനിക രീതിയില്‍ കൃഷി ചെയ്ത് വിദേശങ്ങളിലേക്ക് കയറ്റിയയക്കുന്നു. ഇസ്രായേലിനെയും ജോര്‍ദ്ദാന്‍ രാജ്യത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മൂന്നു പാലങ്ങളാണ് ജോര്‍ദ്ദാനുള്ളത്. പഴയ നിയമത്തില്‍ ജോര്‍ദ്ദാന്‍ നദി കടന്നാണ് ജ്വോഷ്വയുടെ നേതൃത്വത്തില്‍ ഇസ്രായേല്യര്‍ വാഗ്ദത്തനാട്ടിലേക്ക് കടന്നത്. കുഷ്ഠരോഗിയായ നാമാന്‍ ഏലീശ്വാ പ്രവാചകന്റെ നിര്‍ദേശപ്രകാരം ജോര്‍ദ്ദാനില്‍ കുളിച്ച് ശുദ്ധനായി.

പുതിയ നിയമത്തില്‍ സ്‌നാപക യോഹന്നാന്‍ ഈ നദീതീരത്താണ്പാപമോചനത്തിനായുള്ള മാനസാന്തരം പ്രസംഗിച്ചതും ജനങ്ങള്‍ക്ക് ജ്ഞാനസ്‌നാനം നല്‍കിയതും. ഈശോ സ്‌നാപകനില്‍ നിന്നു ജ്ഞാനസ്‌നാനം സ്വീകരിച്ചതും ഈ നദിയില്‍ വച്ചാണ്.

വി. മര്‍ക്കോസിന്റെ സുവിശേഷത്തില്‍ 1 (9-11) നമ്മള്‍ വായിക്കുന്നു. അന്നൊരിക്കല്‍ യേശു ഗലീലിയിലെ നസ്രത്തില്‍ നിന്നു വന്ന ജോര്‍ദ്ദാനില്‍ വച്ച് യോഹന്നാനില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ചു. വെള്ളത്തില്‍ നിന്നു കയറുമ്പോള്‍ പെട്ടെന്ന് ആകാശം പിളരുന്നതും ആത്മാവ് പ്രാവിന്റെ രൂപത്തില്‍ ഇറങ്ങിവരുന്നതും അവര്‍ കണ്ടു. സ്വര്‍ഗ്ഗത്തില്‍ നിന്നും ഒരു സ്വരം ഉണ്ടായി. നീ എന്റെ പ്രിയ പുത്രന്‍. നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.
ഈശോ ജ്ഞാനസ്‌നാനം സ്വീകരിച്ചതായി കരുതപ്പെടുന്ന സ്ഥലം ജെറീക്കോയില്‍ നിന്ന് എട്ടു കിലോമീറ്റര്‍ അകലെ നദീതീരത്ത് വണക്കപ്പെടുന്നു. അല്ലന്‍സി, രാജാ അബ്ദുല്ല പാലങ്ങള്‍ക്ക് മദ്ധ്യത്തിലാണ് ഈ സ്ഥലം.

ഈ സ്ഥലം ഇന്ന് ജോര്‍ദ്ദാന്‍ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് വര്‍ഷത്തില്‍ മൂന്നു ദിവസം മാത്രമേ ഇവിടെ പ്രവേശനമുള്ളൂ. ഗലീലിയ തടാകത്തില്‍ നിന്ന് നദി പുറപ്പെട്ടുകഴിഞ്ഞാല്‍ ഉടനെ നദീതീരത്ത് തീര്‍ത്ഥാടകര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ഒരു സ്ഥലമുണ്ട്. ഇവിടെ അവര്‍ പ്രാര്‍ത്ഥിക്കുകയും ജ്ഞാനസ്‌നാന നവീകരണം നടത്തുകയും ചെയ്യുന്നു.

You must be logged in to post a comment Login