കരുണയുടെ ഹൃദയകവാടം തുറന്നുള്ള ജോയിക്കുട്ടിയുടെ അന്നദാന ശുശ്രൂഷയ്ക്ക് പതിനഞ്ച് വര്‍ഷം

കരുണയുടെ ഹൃദയകവാടം തുറന്നുള്ള ജോയിക്കുട്ടിയുടെ അന്നദാന ശുശ്രൂഷയ്ക്ക് പതിനഞ്ച് വര്‍ഷം

പതിനഞ്ച് വര്‍ഷം മുമ്പ് തിരുവനന്തപുരം നഗരത്തില്‍ ഭിക്ഷക്കാര്‍ക്ക് വേണ്ടി പൊതിച്ചോറുമായി പോയ ജോയിക്കുട്ടിയുടെ കരുണാദ്രമായ ഹൃദയം എല്ലാവര്‍ക്കും കാണാന്‍ കഴിയില്ല. വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണമെങ്കിലും നല്‍കിയാല്‍ അത് വലിയ കാര്യമായി കരുതി അന്ന് ഈ ശുശ്രൂഷ ആരംഭിച്ചു. ദൈവത്തിന്റെ കരസ്പര്‍ശം ഈ ശുശ്രൂഷയിലുടനീളം  പതിനഞ്ച്  വര്‍ഷമായി അനുഭവിക്കുന്നതിന് ജോയിക്കുട്ടിക്ക് കഴിയുന്നു.

വലിയ കാര്യങ്ങള്‍ ചെയ്ത് ഒരു വലിയ ജീവകാരുണ്യ പ്രവര്‍ത്തകന്‍ ആകാനല്ല, മറിച്ച് വിശക്കുന്നന്റെ അടുത്തേയ്ക്ക് വീട്ടില്‍ പാകംചെയ്ത ചോറും കറികളുമായി വന്ന് അത് അവര്‍ക്ക് വിളമ്പിക്കൊടുക്കുമ്പോഴുള്ള ഹൃദയാനന്ദം അത് ഒരു പ്രത്യേക അനുഭൂതിയായിട്ടാണ് അദ്ദേഹം കാണുന്നത്.

ഏതാനും ബന്ധുക്കളും സുഹൃത്തുക്കളുംസഹായഹസ്തമായിട്ടുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മുടക്കമില്ലാതെ ഭക്ഷണം നല്‍കുകയാണ്. അന്നന്നേയ്ക്കുള്ള അന്നത്തിനുള്ള വക എങ്ങനെയെങ്കിലും ലഭിക്കും. ബുദ്ധിമുട്ട് അനുവഭവിക്കുന്ന സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്ഷണവുമായി മെഡിക്കല്‍ കോളേജില്‍ എത്തുമ്പോള്‍ രോഗികളുടെ കൂട്ടിരിപ്പുകാര്‍ ക്യൂവായിട്ട് നിന്നിരിക്കും.

മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ വാര്‍ഡുകളിലും ശ്രീഅവിട്ടം തിരുനാള്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ സര്‍ജിക്കല്‍ വാര്‍ഡുകളിലും മാത്രമേ ഭക്ഷണം നല്‍കുന്ന വിവരം അറിയിച്ചിട്ടുള്ളു. എങ്കിലും ഇരുന്നൂറ് പേര്‍ക്ക് ഭക്ഷണം നല്‍കാറുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷന്റെ രജിസ്‌ട്രേഷനും സൂപ്രണ്ടിന്റെ അനുമതിയും നേടിയിട്ടുണ്ട്.

ഇങ്ങനെയൊരു ശുശ്രൂഷ തുടങ്ങാനുള്ള കാരണം എന്തെന്ന് പലരും ചോദിക്കാറുണ്ട്. അതിനുള്ള യഥാര്‍ത്ഥ മറുപടി എന്തെന്ന് ജോയിക്കുട്ടിക്ക് തന്നെ വ്യക്തമല്ല. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ച് വളര്‍ന്നു. തിരുവനന്തപുരത്തായിരിക്കുമ്പോള്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് വിദഗ്ധ ചികിത്സായ്ക്കായി എത്തുന്ന രോഗികളുടെ കഷ്ടപ്പാടുകളും ദു:ഖങ്ങളും നേരിട്ടറിയാന്‍ കഴിഞ്ഞിരുന്നു.

എന്തെങ്കിലും ഒരു സാഹചര്യമുണ്ടായാല്‍ കഴിവുള്ള സഹായങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒരിക്കല്‍ എറണാകുളത്ത് സുഹൃത്തായ സാബു എല്‍സി ദമ്പതികള്‍ നടത്തുന്ന അന്നദാന ശുശ്രൂഷ നേരില്‍ കാണാന്‍ ഇടയായി. അതും ഒരു പ്രേരകശക്തിയായിരുന്നു.

ഇന്ന് ഈ ചെയ്യുന്ന ശുശ്രൂഷ ഒരു സംഘടനയ്ക്ക് പോലും ചെയ്യാന്‍ കഴിയുന്നതല്ല. എങ്കിലും ദൈവം ഇതിനെ നടത്തുകയാണ്. നന്മയുള്ളിടത്ത് തിന്‍മയുടെ ശക്തി നമ്മെ അലോസരപ്പെടുത്തും. അതും ജോയിക്കുട്ടിക്ക് അനുഭവമാണ്. എല്ലാം സഹിക്കാനുള്ള കൃപയും സമര്‍പ്പണവും പ്രാര്‍ത്ഥനയും ഉണ്ടെങ്കില്‍ മാത്രമേ ഇപ്രകാരമുള്ള ശുശ്രൂഷകള്‍ മുന്നോട്ട് കൊണ്ടുപോകാനാകൂ. ചോറും കറികളും പാത്രങ്ങളില്‍ വിളമ്പിക്കൊടുക്കുകയാണ് ചെയ്യുന്നത്. അത് വാങ്ങി ദൈവം വലിയ പ്രതിഫലം നല്‍കുമെന്ന് ചിലര്‍ പറയാറുണ്ട്. ദൈവത്തിന്റെ കരുതല്‍ ഈ അന്നദാനത്തിനുണ്ട് എന്ന് ജോയിക്കുട്ടി വിശ്വസി്ക്കുന്നു.

അന്നദാനം നടത്തുന്നത് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ ഒരു മരത്തിന്റെ ചുവട്ടിലാണ്. വലിയ മഴയുളള അവസരങ്ങളിലും ഈ അന്നദാന സമയത്ത് മഴ പെയ്യാറില്ല. ഭക്ഷണം വിളമ്പാന്‍ വരുന്നവര്‍ ഇത് വലിയ അത്ഭുതമായി കാണുന്നു. വലിയ പ്രാര്‍ത്ഥനയുടെ ശക്തി ഈ ശിശ്രൂഷക്കുണ്ട്. ഈ ഭക്ഷണം ദൈവമേ നീ വലിയ ഔഷധമാക്കി മാറ്റി ഇത് ഭക്ഷിക്കുന്നവര്‍ക്ക് രോഗശാന്തിയുടെ അനുഭവം നല്‍കണമെന്നും ഈ ശുശ്രൂഷയെ സഹായിക്കുന്നവരെ സമര്‍പ്പിച്ചു പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു.

രക്തം ആവശ്യമുളളവര്‍ക്ക അതു ക്രമീകരിച്ചു കൊടുക്കുക, പാവപ്പെട്ടകുട്ടികളുടെ പഠനത്തിന് സഹായിക്കുക, വസ്ത്രങ്ങളും മറ്റ് അത്യാവശ്യ വീട്ടുപകരണങ്ങളും ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുക തുടങ്ങിയ ശുശ്രൂഷകളുംജോയിക്കുട്ടി ചെയ്യുന്നുണ്ട്. മലങ്കരകത്തോലിക്ക സഭാംഗമായ ജോയിക്കുട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മാനിച്ച് തിരുവനന്തപുരം എക്‌സ് എന്‍ ആര്‍ ഐ ആന്റ് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ മികച്ച സാമൂഹിക പ്രവര്‍ത്തകനുളള അവാര്‍ഡ് നല്‍കിയിരുന്നു. നാഷണല്‍ ചൈല്‍ഡ് ഡെവല്‍പ്പെന്റ് കൗണ്‍സില്‍ പുരസ്‌കാരം, പി റ്റി ചാക്കോ ഫൗണ്ടേഷന്‍ പുരസ്‌കാരം എന്നിവയും ജോയിക്കുട്ടിക്ക് ലഭിച്ചിട്ടുണ്ട്‌

മാര്‍ ബസേലിയേസ് എന്‍ജിനിയറിംഗ് കോളേജില്‍ സീനിയര്‍ ഓഫീസ് അസിസ്റ്റന്റാണ് ജോയിക്കുട്ടി.

ഫോണ്‍- 9497016956

You must be logged in to post a comment Login