കാണ്ടമാല്‍: 7 ക്രൈസ്തവരുടെ മോചനത്തിനായി പ്രാര്‍ത്ഥനായജ്ഞം തുടരുന്നു

കാണ്ടമാല്‍: 7 ക്രൈസ്തവരുടെ മോചനത്തിനായി പ്രാര്‍ത്ഥനായജ്ഞം തുടരുന്നു

ഭുവനേശ്വര്‍: കാണ്ടമാല്‍ കലാപത്തിന്റെ ബാക്കിപത്രമെന്നോണം ജയിലില്‍ കഴിയുന്ന ഏഴ് ക്രൈസ്തവരുടെ മോചനത്തിനായി പ്രാര്‍ത്ഥനായജ്ഞം തുടരുന്നു. കഴിഞ്ഞ ഒമ്പതു വര്‍ഷമായി നിരപരാധികളായ ഇവരെ ഭരണകൂടം ജയിലില്‍ അടച്ചിട്ടിരിക്കുകയാണ്. പത്രപ്രവര്‍ത്തകനായ ആന്റോ അക്കരയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. അദ്ദേഹമാണ് ഈ നിരപരാധികളുടെ ജീവിതം പൊതുസമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചതും ഇവരുടെ മോചനത്തിനായി ഓണ്‍ലൈന്‍ ഒപ്പുശേഖരം നടത്തിയതും.

സ്വാമി ലക്ഷ്മണാനന്ദയെ കൊന്നതാര് എന്ന പുസ്‌കതത്തിലൂടെയാണ് ആന്റോ അക്കര കാണ്ടമാല്‍ കലാപവുമായി ബന്ധപ്പെട്ട പല സത്യങ്ങളും വിശദീകരിക്കുന്നത്. ഒക്ടോബര്‍ 15 ന് കൊച്ചിയിലാണ് ഈ പ്രാര്‍ത്ഥനായജ്ഞത്തിന് തുടക്കമിട്ടത്. പിന്നീട് ഇത് കാട്ടുതീ പോലെ മറ്റിടങ്ങളിലേക്കും പടരുകയായിരുന്നു.

ജയിലില്‍ കഴിയുന്ന ആ ഏഴുപേര്‍ വിശ്വാസത്തിന്റെ രക്തസാക്ഷികളാണ് എന്ന് ആന്റോ അക്കര പറയുന്നു. കാണ്ടമാലിലെ റെയ്ക്കിയ കത്തോലിക്കാ ദേവാലയത്തില്‍ നടന്ന പ്രാര്‍ത്ഥനാസമ്മേളനത്തില്‍ ഏഴുപേരുടെ ഭാര്യമാരും പങ്കെടുത്തു. ക്രൈസ്തവര്‍ക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തിന്റെ പേരില്‍ ഈ ക്രൈസ്തവരെ ജയിലില്‍ അടച്ചിരിക്കുന്നത്. ഇവരില്‍ ഒരാള്‍ ഒഴികെ എല്ലാവരും നിരക്ഷരരുമാണ്.

സ്വാമിയുടെ കൊലപാതകത്തെതുടര്‍ന്നുണ്ടായ കലാപത്തില്‍ നൂറു ക്രൈസ്തവര്‍ കൊല്ലപ്പെടുകയും ആറായിരത്തോളം ക്രൈസ്തവഭവനങ്ങളും മുന്നൂറോളം ദേവാലയങ്ങളും തകര്‍ക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുമുണ്ട്.

You must be logged in to post a comment Login