സ​​​ഭ​​​യു​​​ടെ ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ സാ​​​ക്ഷ്യ​​​വും ജാ​​​ഗ്ര​​​ത​​​യും ഉ​​ണ്ടാ​​വ​​ണം: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​എം.​ സൂ​​​സ​​​പാ​​​ക്യം

സ​​​ഭ​​​യു​​​ടെ ശു​​​ശ്രൂ​​​ഷ​​​ക​​​ളി​​​ൽ സാ​​​ക്ഷ്യ​​​വും ജാ​​​ഗ്ര​​​ത​​​യും ഉ​​ണ്ടാ​​വ​​ണം: ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​എം.​ സൂ​​​സ​​​പാ​​​ക്യം
കൊച്ചി: സഭയുടെ ശുശ്രൂഷകളിൽ സാക്ഷ്യവും ജാഗ്രതയും ഉണ്ടാവണമെന്നു കെസിബിസി പ്രസിഡന്‍റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം. കെസിബിസി-കെസിഎംഎസ് സംയുക്തസമ്മേളനം പാലാരിവട്ടം പിഒസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാടപ്രാവിന്‍റെ നിഷ്കളങ്കതയും സർപ്പത്തിന്‍റെ വിവേകവും ഒരുവനിൽ സംഗമിക്കുമ്പോഴാണു യഥാർഥ സാക്ഷ്യവും ജാഗ്രതയും പ്രാവർത്തികമാക്കുക. തെളിനീരൊഴുകുന്ന ഗലീലിയ തടാകം പോലെയാണോ, ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന ചാവുകടൽ പോലെയാണോ നാം എന്ന ആത്മപരിശോധന വേണമെന്നും ഡോ. സൂസപാക്യം ഓർമിപ്പിച്ചു.

കെസിബിസി സെക്രട്ടറി ജനറൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ഏല്പിക്കപ്പെട്ട ദൗത്യങ്ങൾ പൂർണതയിൽ നിറവേറ്റാനുള്ള പരിശ്രമങ്ങളിൽ ജാഗ്രതയും സാക്ഷ്യവും വിട്ടുപോകുമ്പോൾ പൊതുലക്ഷ്യമായ ദൈവരാജ്യവളർച്ചയിൽനിന്ന് അകലാനും എതിർസാക്ഷ്യത്തിനും സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൈസ്തവമൂല്യങ്ങൾ ചോർന്നുപോകാത്ത പ്രതികരണത്തിലൂടെ പ്രതിസന്ധികളെ ധൈര്യപൂർവം നേരിടണമെന്നും അദ്ദേഹം പറഞ്ഞു. കുരിശിനെ ഭാരവും ചുമടുമായി കാണാതെ സ്നേഹമാക്കി മാറ്റണമെന്നും ജീവിത സാഹചര്യങ്ങളിൽ വിളിയോടു വിശ്വസ്തത പുലർത്തണമെന്നും ബിഷപ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ അനുഗ്രഹ പ്രഭാഷണത്തിൽ ഉദ്ബോധിപ്പിച്ചു.

കെസിഎംഎസ് പ്രസിഡന്‍റ് റവ. ഡോ. സെബാസ്റ്റ്യൻ തുണ്ടത്തിക്കുന്നേൽ, ഫാ. തോമസ് മഞ്ഞക്കുന്നേൽ, സിസ്റ്റർ ലിറ്റിൽ ഫ്ളവർ എന്നിവർ പ്രസംഗിച്ചു. സാക്ഷ്യവും ജാഗ്രതയും എന്ന വിഷയത്തിൽ മുൻ ഡിജിപി ജേക്കബ് പുന്നൂസ് പ്രബന്ധം അവതരിപ്പിച്ചു. ശോഭാ കോശി, സിബി മാത്യൂസ് എന്നിവർ പോക്സോയും സുരക്ഷിതത്വവും എന്ന വിഷയത്തിലുള്ള പാനൽ ചർച്ചയിൽ പങ്കെടുത്തു. ബിഷപ്പുമാരായ മാർ തോമസ് തറയിൽ, മാർ റാഫേൽ തട്ടിൽ എന്നിവർ മോഡറേറ്റർമാരായി.

കെസിബിസി വർഷകാല സമ്മേളനത്തിന്‍റെ ഇന്നും നാളെയും നടക്കുന്ന വിവിധ സെഷനുകളിൽ കുട്ടികളുടെയും ദുർബലരുടെയും സുരക്ഷിതത്വം, സഭാസ്വത്ത് നിയമങ്ങൾ, ദളിത് ശാക്തീകരണം, ആനുകാലിക രാഷ്‌ട്രീയം തുടങ്ങി സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചു ചർച്ചകളുണ്ടാകും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാർ പങ്കെടുക്കുന്ന സമ്മേളനം നാളെ സമാപിക്കും.

You must be logged in to post a comment Login