ഒക്ടോ.23 ന് ബഹുജന മാര്‍ച്ച്, നവംബര്‍ 15 മുതല്‍ മദ്യവിമോചന കേരളയാത്ര

ഒക്ടോ.23 ന് ബഹുജന മാര്‍ച്ച്, നവംബര്‍ 15 മുതല്‍ മദ്യവിമോചന കേരളയാത്ര

കൊച്ചി : സര്‍ക്കാരിന്റെ വികലമായ മദ്യനയത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 23 ന് തിരുവനന്തപുരത്ത് സംഘടിക്കപ്പെടുന്ന ബഹുജന മാര്‍ച്ചില്‍ കേരളത്തിലെ 31 രൂപതകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ അറിയിച്ചു.

23 ന് രാവിലെ 10.30 ന് തിരുവനന്തപുരം മ്യൂസിയം ജങ്ഷനില്‍ നിന്ന് സെക്രട്ടറിയേറ്റിനു മുന്നിലേക്ക് നടത്തുന്ന മാര്‍ച്ചിന് കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.സൂസപാക്യം, കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ജാതി-മത വ്യത്യാസമില്ലാതെ സാമുദായിക-സാംസ്‌കാരിക- സാഹിത്യ മേഖലയിലെ വ്യക്തികളും മുഴുവന്‍ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും മാര്‍ച്ചില്‍ പങ്കാളികളാകും.

നവംബര്‍ 15 മുതല്‍ ഡിസംബര്‍ 3 വരെ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡു വരെ ‘മദ്യവിമോചന കേരളയാത്ര’ നടത്തുവാന്‍ പി.ഒ.സി.യില്‍ ചേര്‍ന്ന സമിതി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു. കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ഭാരവാഹികളായ അഡ്വ.ചാര്‍ളിപോള്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ്ബ് ചാവറ, യോഹന്നാന്‍ ആന്റണി, തോമസുകുട്ടി മണക്കുന്നേല്‍, ജോസ് ചെമ്പിശേരി, ബനഡിക്ട് ക്രിസോസ്റ്റം, ഷിബു കാച്ചപ്പിള്ളി, വൈ.രാജു, തങ്കച്ചന്‍ വെളിയില്‍, സിസ്റ്റര്‍ ആനീസ് തോട്ടപ്പിള്ളി, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, ഫാ.ദേവസ്സി പന്തലൂക്കാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ കേരളയാത്ര നയിക്കും.

You must be logged in to post a comment Login