കെ സിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കെ സിബിസി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: കേരള കത്തോലിക്കാ സഭയുടെ മീഡിയ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ 2017ലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദീപിക മുന്‍ ചീഫ് എഡിറ്റര്‍ ഫാ. അലക്‌സാണ്ടര്‍ പൈകട, രാഷ്ട്രദീപിക ലിമിറ്റഡ് മുന്‍ മാനേജിംഗ് ഡയറക്ടര്‍ മോണ്‍. മാത്യു എം. ചാലില്‍ എന്നിവരുള്‍പ്പടെ നാലു പേരെ കെസിബിസി ഗുരുപൂജ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. ഷെവ. പ്രഫ. ഏബ്രഹാം അറയ്ക്കല്‍, സോളമന്‍ ജോസഫ് എന്നിവരാണു ഗുരുപൂജ അവാര്‍ഡിന് അര്‍ഹരായ മറ്റുള്ളവര്‍.

മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപികയിലെ ശ്രദ്ധേയമായ മുഖപ്രസംഗങ്ങള്‍, ഗ്രന്ഥങ്ങള്‍ എന്നിവ വഴി മലയാളിയുടെ മാധ്യമബോധത്തെ ജ്വലിപ്പിച്ച പത്രാധിപരായിരുന്നു ഫാ. അലക്‌സാണ്ടര്‍ പൈകട. വിദ്യാഭ്യാസ മേഖലയിലെ 50 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനം അര്‍പ്പിച്ച വ്യക്തിയാണ് മോണ്‍.ചാലില്‍. തലശേരി അതിരൂപത മുന്‍ വികാരി ജനറാളും ചെന്‌പേരി വിമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് മുന്‍ ചെയര്‍മാനും നിര്‍മലഗിരി കോളജ് മുന്‍ മാനേജര്‍ എന്നിങ്ങനെ പ്രവര്‍ത്തിച്ചു. ദീര്‍ഘകാലമായി രാഷ്ട്രദീപിക കന്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു.

നോവലിസ്റ്റ് ലിസിയാണ് ഈ വര്‍ഷത്തെ സാഹിത്യ അവാര്‍ഡിന് അര്‍ഹത നേടിയത്. നടന്‍ ടിനി ടോമിനു മാധ്യമ അവാര്‍ഡും സംഗീത സംവിധായകന്‍ റോണി റാഫേലിനു യുവപ്രതിഭാ അവാര്‍ഡും നല്‍കും. എഴുത്തുകാരന്‍ റവ.ഡോ. അഗസ്റ്റിന്‍ മുള്ളൂരിനാണു ദാര്‍ശനിക വൈജ്ഞാനിക അവാര്‍ഡ്. ജൂലൈ 15നു കൊച്ചി പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന മാധ്യമ ദിനാഘോഷ സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും.

You must be logged in to post a comment Login