തീരദേശപരിപാലന രേഖയിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം – കെസിബിസി പ്രൊലൈഫ് സമിതി

തീരദേശപരിപാലന രേഖയിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം – കെസിബിസി പ്രൊലൈഫ് സമിതി

കൊച്ചി: കേരളതീരദേശ പരിപാലന അതോറിറ്റിയുടെ മെല്ലെപ്പോക്ക് നയം തീരദേശനവികസനത്തിനും തീരദേശവാസികളുടെ ജീവിതത്തിനും തുരങ്കം വക്കുകയാണ്. തീരദേശ പരിപാലന ആസൂത്രണ കരട് രേഖ തയ്യാറാക്കിയിട്ടു രണ്ടുവര്‍ഷമായെങ്കിലും അതിന്റെ പൂര്‍ണരൂപം അന്തിമമായി തയ്യാറാക്കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം നേടിയെടുക്കാന്‍ കേരള തീരദേശപരിപാലന അതോറിറ്റി നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

ഇതുമൂലം പുതിയതായി നഗരസഭയോടും കോര്‍പറേഷനോടും ചേര്‍ക്കപ്പെട്ട പഞ്ചായത്തുകളിലെ വികസനപ്രവര്‍ത്തനങ്ങളും, പ്രത്യേകിച്ചു മല്‍സ്യതൊഴിലാളികളില്‍ പലരുടെയും ഭവനങ്ങളില്‍ പലതും തകര്‍ന്നുവീഴുകയോ ജീര്‍ണാവസ്ഥയിലാകുകയോ ചെയ്തുകഴിഞ്ഞു. കേറികിടക്കുവാന്‍ ഒരു കൂരക്കുവേണ്ടി അപേക്ഷകള്‍ കൊടുത്തു വര്‍ഷങ്ങളായി തിരുവനന്തപുരത്തെ ഓഫീസുകളില്‍ ആയിരക്കണക്കിനുപേര്‍ കയറിയിറങ്ങുകയാണ്.

2015ല്‍ സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പും പരിസ്ഥിതി കൗണ്‍സിലും ദേശീയ ഭൗമശാസ്ത്രപഠന കേന്ദ്രവും തയ്യാറാക്കിയതാണ് പുതിയ കരട് രേഖ. ചെന്നൈയിലുളള ദേശീയ സുസ്ഥിര തീരദേശപരിപാലന കേന്ദ്രത്തില്‍ പരിശോധന കഴിഞ്ഞു വന്ന കരട് രേഖ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് ജനങ്ങളുമായി സംവാദം നടത്തി കേന്ദ്രത്തിലേക്ക് അയക്കുക എന്ന ജോലിയാണ് ഇനി അവശേഷിക്കുന്നത്.

രണ്ടുമാസം കൊണ്ട് തീര്‍ക്കാവുന്ന ഇത് രണ്ട് വര്‍ഷമായിട്ടും തീര്‍ക്കുന്നില്ല എന്നുള്ളത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേട് മാത്രമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പാണ് ഇപ്പോഴത്തെ തളര്‍ച്ചയ്ക്കു കാരണം എന്നുള്ളതും വികസനം നടക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ വാഗ്ദാനത്തിന് വെല്ലുവിളിയാണ്. ഇത്തരം മേഖലകള്‍ പുതിയ തീരദേശപരിപാലന ആസൂത്രണ കരട് രേഖയില്‍ സി ആര്‍ ഇസഡ് 2 വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ നിലവിലുളള 1996ലെ തീരദേശ പരിപാലന ആസൂത്രണരേഖയില്‍ നഗരസഭയോടും കോര്‍പറേഷനോടും കൂട്ടിച്ചേര്‍ത്ത പഞ്ചായത്തുകള്‍ സി ആര്‍ ഇസഡ് 3 വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് കാരണം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും വളരെയധികം നിയന്ത്രണങ്ങളുണ്ട്. ഇത്തരം നിയന്ത്രണങ്ങള്‍ മാറ്റിയെടുക്കാന്‍ തയ്യാറാക്കിയ പുതിയ കരട് രേഖയ്ക്ക് എത്രയും വേഗം കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം വാങ്ങിയെടുക്കാനുള്ള ഊര്‍ജിതനടപടികളാണ് കേരള തീരദേശ പരിപാലന അതോറിറ്റിയും സംസ്ഥാനസര്‍ക്കാരും സ്വീകരിക്കേണ്ടത്.

സാധാരണക്കാരന്റെ ജീവിക്കാനുള്ള മൗലികവകാശത്തിന്മേല്‍ ഉള്ള കടന്നുകയറ്റമാണ് ഉദ്യോഗസ്ഥരുടെ ഈ അലസത കൊണ്ട് സംഭവിച്ചിരിക്കുന്നതെന്നു കെസിബിസി (കേരള കത്തോലിക്കാ മെത്രാന്‍ സമിതി) പ്രൊലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍, ഫാ. പോള്‍ മാടശ്ശേരിയും, സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് എഫ് സേവ്യര്‍ വലിയവീടും സംസ്ഥാന ജനറല്‍ സെക്രട്ടറി സാബുജോസും സംസ്ഥാന ട്രഷറര്‍ അഡ്വക്കേറ്റ് ജോസി സേവ്യറും സംസ്ഥാന സെക്രട്ടറി റോണാ റിബെയ്‌റോയും ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരുടെ തലയില്‍ ഉത്തരവാദിത്വമെല്ലാം കെട്ടി വെച്ചു കൈകഴുകുവാന്‍ സര്‍ക്കാരിന് കഴിയില്ല.

ആയതിനാല്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു എത്രയും പെട്ടെന്ന് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് കെസിബിസി പ്രൊലൈഫ് സമിതി ആവശ്യപ്പെട്ടു.

You must be logged in to post a comment Login