…നീറോ ഇന്നും വീണ വായിക്കുന്നുണ്ട്

…നീറോ ഇന്നും വീണ വായിക്കുന്നുണ്ട്

റോമാനഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ഒരു പഴങ്കഥയൊന്നുമല്ല.  ഇന്നും നീറോമാര്‍ പലവിധത്തില്‍ വീണ വായിക്കുന്നുണ്ട്. അതിലേറ്റവും വലിയ ഉദാഹരണമാണ് ലോകത്തെ പോലും സങ്കടത്തിലാഴ്ത്തിയതെന്ന് വിലയിരുത്തപ്പെടാവുന്ന കേരളത്തിലെ മഹാപ്രളയത്തോട് അനുബന്ധിച്ച് ചിലര്‍നടത്തിയ വില കുറഞ്ഞ പ്രകടനങ്ങളും അഭിപ്രായങ്ങളും.

തുരുത്തുകളില്‍ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനായി ഹെലികോപ്റ്റര്‍ വട്ടം കറങ്ങുമ്പോള്‍ ചുവന്ന ഷര്‍ട്ടൂരി കാണിച്ച് ശ്രദ്ധക്ഷണിച്ചവരുത്തിയ കൗമാരക്കാരന്‍ രക്ഷാപ്രവര്‍ത്തകനോട് പറഞ്ഞത് അതിലൊന്നാണ്. ഒരു സെല്‍ഫിയെടുത്തതിന് ശേഷം രക്ഷാപ്രവര്‍ത്തകരോട് തിരിച്ചുപൊയ്‌ക്കൊള്ളാന്‍ ആ കൗമാരക്കാരന്‍ പറഞ്ഞുവത്രെ. രക്ഷാപ്രവര്‍ത്തകന്‍ തന്നെയാണ് ചാനലില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദുരന്തങ്ങളെ പോലും എത്ര ലാഘവത്തോടും തമാശയോടും കൂടിയാണ് ചിലരെങ്കിലും കാണുന്നത് എന്നതിന് ഇതിലപ്പുറം മറ്റെന്താണ് തെളിവ് വേണ്ടത്?

ചാലക്കുടിയില്‍ വെള്ളം ഇറങ്ങിയപ്പോള്‍ മദ്യക്കുപ്പികള്‍ ശേഖരിക്കാന്‍ ഇറങ്ങിയവരായിരുന്നു മറ്റൊരുകൂട്ടര്‍. പച്ചക്കറികള്‍ തീപിടിച്ച വിലയില്‍ വില്ക്കുന്നവര്‍… അരിയും മറ്റു സാധനങ്ങളും പൂഴ്ത്തിവയ്ക്കുന്നവര്‍..

ശേഖരിച്ചുകിട്ടിയ നൂറുകണക്കിന് അരിയും മറ്റു സാധനങ്ങളും മഴ നനയാതെ സൂക്ഷിച്ചുവയ്്ക്കാന്‍ ഉപയോഗിക്കാതെ കിടന്ന മുറിചോദിച്ചിട്ടും വിട്ടുതരാത്ത സാംസ്‌കാരികജില്ലയിലെ പ്രഗത്ഭരായ വക്കീലന്മാര്‍..

ദുരിതാശ്വാസക്യാമ്പുകളില്‍ സാനിട്ടറി നാപ്കിന്‍ ആവശ്യമുണ്ടെന്ന് പോസ്റ്റ് ചെയ്തതിന് ചുവട്ടില്‍ കോണ്ടം ആവശ്യമുണ്ടോ എന്ന് വൃത്തികെട്ട വര്‍ത്തമാനം ചൊറിഞ്ഞ വിദേശമലയാളി. ബോട്ടില്‍ നിന്ന് ഇറങ്ങാന്‍ സ്ത്രീകള്‍ക്കായി ചെളിവെള്ളത്തില്‍ മുട്ടുകുത്തി നിന്ന് മുതുകുകാണിച്ചുകൊടുത്ത ചെറുപ്പക്കാരനെ കടപ്പുറംടീമല്ലേ ഇതല്ല ഇതിലപ്പുറവും കാണിക്കും എന്ന് കമന്റ് ചെയ്തവ്യക്തി.

ഇവരൊക്കെ മനസ്സാക്ഷിമരവിച്ചവരാണ്. മനുഷ്യന്‍ എന്ന പേരിന് പോലും അര്‍ഹതയില്ലാത്തവര്‍. പത്രമാധ്യമങ്ങളിലൂടെ ദുരന്തത്തിന്റെതീവ്രത അറിഞ്ഞവരില്‍ പലര്‍ക്കും ഒരുപക്ഷേ സഹായിക്കാനായി അവിടെഎത്താന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. എന്നിട്ടും അവരുടെ ഉള്ളില്‍ വേദനയുണ്ടായിരുന്നു. സഹജീവി സ്‌നേഹമുണ്ടായിരുന്നു. ഒരിറ്റു കണ്ണീരെങ്കിലും പൊഴിഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഇവര്‍ക്കൊക്കെ എങ്ങനെയാണ് ഇങ്ങനെ പ്രതികരിക്കാന്‍ കഴിയുക?

സഹായിക്കാന്‍ സാധിച്ചില്ലെങ്കിലും സാരമില്ല സഹായിച്ചവരെ നിന്ദിക്കാതിരിക്കാനുള്ളമനസ്സെങ്കിലും നമ്മള്‍ കാണിക്കണം. മറ്റുള്ളവര്‍ ചെയ്യുന്ന നന്മകളെവില കുറച്ച് കാണാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കണം. അതും മനുഷ്യത്വമാണെന്ന് ഇവരെന്നാണ് തിരിച്ചറിയുക?

ബിജു

You must be logged in to post a comment Login