ഈ കുറ്റവാളിയെ മാറ്റിമറിച്ചത് ജയിലിലെ ജപമാല നിര്‍മ്മാണം

ഈ കുറ്റവാളിയെ മാറ്റിമറിച്ചത് ജയിലിലെ ജപമാല നിര്‍മ്മാണം

ബ്രിയോണസിനെ വല്യപ്പച്ചനും വല്യമ്മച്ചിയുമാണ് വളര്‍ത്തിയത്. ദാരിദ്ര്യം ആ വീട്ടിലെ വിരുന്നുകാരനായിരുന്നില്ല സ്ഥിരം അംഗം തന്നെയായിരുന്നു. ചിലിയെ പിടിമുറുക്കിയിരുന്ന ചാരായം, ഗാര്‍ഹികപീഡനം, മയക്കുമരുന്ന് എന്നിവയെല്ലാം അവന്റെ കുടുംബത്തിലെ പതിവു പരിപാടികളായിരുന്നു.

നന്നായി ജീവിക്കാനുള്ള സാധ്യതകള്‍ ഒന്നും കണ്‍മുമ്പില്‍ തെളിഞ്ഞുവരാതിരുന്ന ആ കാലത്ത് സ്വഭാവികമായും ജീവിക്കാനുള്ള വഴി തേടി അക്രമത്തിലേക്കും മോഷണത്തിലേക്കും അവന്റെ ജീവിതം ചിതറിപോയി. അങ്ങനെ ബാല്യവും കൗമാരവും ജുവനൈല്‍ സെന്ററുകളിലായി.

കുറ്റവാളികളാണെങ്കിലും മോണ്‍ട് സെറാത്തിലെ ഔര്‍ ലേഡിയോട് അതീവഭക്തിയുള്ളവരായിരുന്നു ജയില്‍പ്പുള്ളികള്‍. മാതാവ് തങ്ങളെ സംരക്ഷിക്കുമെന്നും ജയിലില്‍ നിന്ന് മോചിപ്പിക്കുമെന്നും അവര്‍ പ്രതീക്ഷിച്ചിരുന്നു. സ്വഭാവികമായും ബ്രിയോണ്‍സും മാതാവിനോട് പ്രാര്‍ത്ഥിച്ചുതുടങ്ങി.

കാരണം ജയിലില്‍ അവന് ശത്രുക്കളുമുണ്ടായിരുന്നു. അവരുടെ കൈകളാല്‍ താന്‍ കൊല്ലപ്പെടുമെന്ന് അവന്‍ ഭയന്നിരുന്നു. ഇക്കാലത്താണ് പാറ്റേര്‍നിറ്റാസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള റോസറി വര്‍ക്ക്‌ഷോപ്പ് ജയിലില്‍ നടന്നത്.

പുനരധിവാസം, തൊഴില്‍ പരിശീലനം എന്നിവയെല്ലാം ഇതിന്റെ ഭാഗമായിരുന്നു. മാസം തോറും 3500 കൊന്തകളാണ് ജയില്‍പ്പുള്ളികള്‍ ജയിലില്‍ നിര്‍മ്മിച്ചിരുന്നത്. ഇവര്‍ കുടുംബങ്ങളിലേക്ക് മടങ്ങുമ്പോള്‍ സാമ്പത്തികമായും അത് അവര്‍ക്ക് പ്രയോജനപ്പെട്ടിരുന്നു. ബ്രിസോണ്‍സും അങ്ങനെ ജപമാല കെട്ടലിന്റെ ഭാഗമായി.

ജയിലിലെ അന്ധകാരത്തിലേക്ക് വന്ന പ്രകാശമായിരുന്നു ജപമാല എന്നാണ് ബ്രിയോണ്‍സ് അതിനെ വിശേഷിപ്പിക്കുന്നത്. എങ്കിലും ഇക്കാലത്ത് അവന്‍ ജപമാല പ്രാര്‍ത്ഥന പഠിക്കുകയോ ജപമാലയുടെ മൂ്‌ല്യം മനസ്സിലാക്കുകയോ ചെയ്തിരുന്നില്ല. അങ്ങനെ ജയില്‍ ജീവിതം മുഴുവന്‍ അവന്‍ കൊന്ത ഉണ്ടാക്കാന്‍ പഠിച്ചു.

ജയിലില്‍ നി്ന്ന് പുറത്തിറങ്ങിയപ്പോള്‍ ഫൗണ്ടേഷന്റെ കീഴില്‍ ക്ലീനിങ് അസിസ്റ്റന്റായി സേവനം ആരംഭിച്ചു. ഒപ്പം സോഷ്യല്‍വര്‍ക്കിനുള്ള പഠനവും. പിന്നെ റോസറി വര്‍ക്ക്‌ഷോപ്പിന്റെ പരിശീലകനായി. ഈ സമയത്താണ് യഥാര്‍ത്ഥത്തില്‍ അവന്‍ ജപമാലയോടും പരിശുദ്ധ അമ്മയോടും സ്‌നേഹം തോന്നിതുടങ്ങിയത്. അനന്തരം ബസുകളില്‍ കയറിയിറങ്ങി കൊന്ത വിറ്റുതുടങ്ങി. ഇതിനിടയിലും പ്രലോഭനങ്ങള്‍ പലതരത്തില്‍ വിഴുങ്ങാന്‍ കാത്തുനിന്നിരുന്നു.

ആ സമയത്തെല്ലാം ജപമാലയില്‍ അവന്‍ ശരണംവച്ച് കരഞ്ഞു. പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതാണെന്ന് തിരിച്ചറിഞ്ഞ നാളുകള്‍. നമ്മുടെ അമ്മ നമ്മുടെ കൂടെയുണ്ട്. അമ്മ നമ്മളെ രക്ഷിക്കും. ദൈവം എന്നെ ഒരു നല്ല ക്രിസ്ത്യാനിയാക്കി.

ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിലി സന്ദര്‍ശനത്തോട് അനുബന്ധിച്ച് മില്യന്‍ റോസറി ക്യാമ്പെയ്‌ന്റെ പുറകെയാണ് ഇദ്ദേഹം. തന്റെ ജീവിതം മാറ്റിമറിച്ച ജപമാലപ്രാര്‍ത്ഥനയോടുള്ള നന്ദി മാത്രമാണ് ഇന്ന് ബ്രിയോണ്‍സിന്റെ മനസ്സ് മുഴുവന്‍.

 

You must be logged in to post a comment Login