പെന്തക്കോസ്ത് വിശ്വാസിക്ക് കത്തോലിക്കാ വൈദികന്റെ വൃക്കദാനം

പെന്തക്കോസ്ത് വിശ്വാസിക്ക് കത്തോലിക്കാ വൈദികന്റെ വൃക്കദാനം

സഹോദരങ്ങളേ പരമാവധി ഷെയര്‍ ചെയ്യൂ എന്ന മട്ടില്‍ എത്രയോ ഫെയ്‌സ്ബുക്ക് സന്ദേശങ്ങള്‍ കണ്ടിട്ടും കാണാതെ പോകുന്നവരാണ് നമ്മള്‍. എന്നിട്ടും ആ സന്ദേശത്തില്‍ എവിടെയോ ജീവന്റെ തുടിപ്പ് ഉണ്ടെന്ന് തിരിച്ചറിയാന്‍ കപ്പൂച്ചിന്‍ വൈദികനായ ഫാ. ക്രിസ്പിന്‍ ജോണിന് കഴിഞ്ഞു. അതാണ് അമ്മയ്ക്ക് വേണ്ടി മകന്‍ നടത്തിയആ  സഹായാഭ്യര്‍ത്ഥനയ്ക്ക് ചെവി കൊടുക്കാന്‍ അദ്ദേഹം സന്നദ്ധനായത്. അത് വൃക്കദാന ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി രചിക്കാന്‍ ഇടയാവുകയും ചെയ്തു.

ആ കഥ ഇങ്ങനെയാണ്.

ഹിമാച്ചല്‍ പ്രദേശില്‍ നിന്ന് ഇരുപത് ദിവസത്തെ അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഫാ. ക്രിസ്പിന്‍. അതിനിടയിലാണ് ആ അഭ്യര്‍ത്ഥന അദ്ദേഹത്തിന്റെ കണ്ണിലുടക്കിയത്. പിന്നെ മനസ്സിലും.

സഹോദരങ്ങളേ, പരമാവധി ഷെയര്‍ ചെയ്യൂ എന്റെ അമ്മയുടെ ജീവന്‍ രക്ഷിക്കൂ.. വൃക്കരോഗത്തിന് ചികിത്സയില്‍ കഴിയുന്ന അമ്മ ഫിലോമിനയ്ക്ക് വേണ്ടി ആലപ്പുഴ പുളിങ്കുന്ന് കൊച്ചുവീട്ടില്‍ ക്രിസ്റ്റിന്‍ വര്‍ഗീസ് പോസ്റ്റ് ചെയ്തതായിരുന്നു ആ അഭ്യര്‍ത്ഥന. ആദ്യം സംശയം തോന്നിയെങ്കിലും പോസ്റ്റിലെ നമ്പറില്‍ വിളിച്ചപ്പോള്‍ അത് സത്യമാണെന്ന് അച്ചന് മനസ്സിലായി. ഒ പോസിറ്റീവ് വൃക്കയായിരുന്നു ആവശ്യം.

കൊല്ലം കോവില്‍ത്തോട്ടം ജോണ്‍ ഫിലോമിന ദമ്പതികളുടെ മകനായ ഫാ. ക്രിസ്പിന്‍ മാതാപിതാക്കളോടും അധികാരികളോടും താന്‍ വൃക്കദാനം ചെയ്യാന്‍ സന്നദ്ധനാണെന്ന് അറിയിച്ചു. ആര്‍ക്കും എതിര്‍പ്പില്ലായിരുന്നു. ആരെയും അറിയിക്കാതെ ഹിമാചല്‍ പ്രദേശിലേക്ക് തന്നെ മടങ്ങാനായിരുന്നു അച്ചന്റെ ഉദ്ദേശ്യമെങ്കിലും പെന്തക്കോസ്ത് വിശ്വാസിയായ ഫിലോമിനയുടെ പാസ്റ്റര്‍ റവ. ജോണ്‍ ബാപ്റ്റിസ്റ്റ് അതിന് സമ്മതിച്ചില്ല.

ഫാ. ക്രിസ്പിന്‍ ചെയ്യുന്നത് വലിയ കാര്യമാണെന്നും അത് മറ്റുള്ളവര്‍ക്കു കൂടി പ്രചോദനമാകണമെങ്കില്‍ അക്കാര്യം പുറത്തറിയിക്കേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു. അങ്ങനെയാണ് ഈ വൃക്കദാനം മാധ്യമങ്ങളിലൂടെ പുറത്തുവന്നത്.

ഇരുവരുടെയും പരിശോധനകള്‍ പൂര്‍ത്തിയായി. ഇരുപതാം തീയതിയാണ് ഓപ്പറേഷന്‍. കപ്പൂച്ചിന്‍ സഭ സെന്റ് ഫ്രാന്‍സിസ് പ്രൊവിന്‍സിലെ അംഗമാണ്  മുപ്പത്തിയഞ്ചുകാരനായ ഫാ. ക്രിസ്പിന്‍ ജോണ്‍. ഇരുവര്‍ക്കും നമ്മുടെ പ്രാര്‍ത്ഥനകള്‍ നേരാം.

You must be logged in to post a comment Login