കോട്ടയം അതിരൂപത പ്രഥമ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് കുന്നശേരി ദിവംഗതനായി

കോട്ടയം  അതിരൂപത പ്രഥമ ആർച്ച്ബിഷപ് മാർ കുര്യാക്കോസ്  കുന്നശേരി ദിവംഗതനായി

കോട്ടയം:കോട്ടയം ക്നാനായ അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ് മാർ കുര്യോക്കോസ് കുന്നശേരി കാലം ചെയ്തു.88 വയസായിരുന്നു. ദേഹവിയോഗം വൈകുന്നേരം നാലിന് കാരിത്താസ് ആശുപത്രിയിലായിരുന്നു.

1928 സെപ്റ്റംബർ 11ന് കടുത്തുരുത്തി ഇടവകയിൽ കുന്നശേരി ജോസഫ്-അന്നമ്മ ദന്പതികളുടെ മൂത്ത പുത്രനായി ജനിച്ച കുര്യാക്കോസ് കോട്ടയം സിഎൻഐ എൽപിഎസ്, കടുത്തുരുത്തി സെന്‍റ് മൈക്കിൾസ്, കോട്ടയം എസ്എച്ച് മൗണ്ട് ഹൈസ്കൂളുകളിലും സ്കൂൾ പഠനം പൂർത്തിയാക്കി. കോട്ടയം തിരുഹൃദയക്കുന്ന് സെന്‍റ് സ്റ്റെനിസ്ലാവോസ് മൈനർ സെമിനാരിയിലും ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും റോമിലെ പ്രൊപ്പഗാന്ത യൂണിവേഴ്സിറ്റിയിലുമായി വൈദിക പരിശീലനത്തിനുശേഷം 1955 ഡിസംബർ 21നു വൈദിക പട്ടം സ്വീകരിച്ചു. തുടർന്ന് റോമിൽ നിന്നു കാനോൻ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ ബോസ്റ്റണ്‍ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്സിൽ എംഎയും കരസ്ഥമാക്കി.

1967 ഡിസംബർ ഒൻപതിന് പോൾ ആറാമൻ മാർപാപ്പ കോട്ടയം രൂപതയുടെ പിൻതുടർച്ചാ അവകാശത്തോടുകൂടിയ സഹായമെത്രാനായി 39-ാം വയസിൽ അദ്ദേഹത്തെ നിയമിച്ചു. 1968 ഫെബ്രുവരി 24ന് 39-ാം വയസിൽ സഹായ മെത്രാനായി. 1974 മേയ് അഞ്ചിനു കോട്ടയം രൂപതാധ്യക്ഷനായി ചുമതലയേറ്റു. പൗരസ്ത്യ റീത്തുകൾക്കു വേണ്ടി മാത്രം 1992-ൽ പുറത്തിറക്കിയ കാനൻ നിയമസംഹിത ക്രോഡീകരിച്ച കമ്മീഷനിൽ അംഗമായി ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ മാർ കുന്നശേരിയെ നിയമിച്ചു.

2005 മേയ് ഒൻപതിനു കോട്ടയം അതിരൂപതയായി ഉയർത്തപ്പെട്ടപ്പോൾ മാർ കുന്നശേരി പ്രഥമ ആർച്ച്ബിഷപ്പായി നിയമിതനായി. 2006 ജനുവരി 14നാണ് അതിരൂപതാ ഭരണത്തിൽ നിന്നും വിരമിച്ചത്.

You must be logged in to post a comment Login