4006 പതാകകള്‍ ഉയര്‍ന്നു, രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​യില്‍ ഇടവകദിനാഘോഷം

4006 പതാകകള്‍ ഉയര്‍ന്നു, രാ​ജ്യ​ത്തെ  ഏ​റ്റ​വും വ​ലി​യ ഇ​ട​വ​ക​യില്‍ ഇടവകദിനാഘോഷം

കുറവിലങ്ങാട്: മർത്ത്മറിയം ഫൊറോന ഇടവകയിൽ ഇടവകദിനാഘോഷത്തിന് തുടക്കം കുറിച്ച് പതാക ഉയർത്തി. ദേവാലയത്തിൽ വികാരി റവ.ഡോ. ജോസഫ് തടത്തിൽ പതാക ഉയർത്തിയതിന് പിന്നാലെ ഇടവകയിലെ മുഴുവൻ കുടുംബങ്ങളിലേക്കുമുള്ള പതാകകൾ വിതരണം ചെയ്തു.

81 കുടുംബകൂട്ടായ്മ വഴിയാണ് പതാകയും വികാരിയുടെ ക്ഷണക്കത്തും ഉച്ചയോടെ മുഴുവൻ വീടുകളിലുമെത്തിച്ചത്. ഇന്നലെ വൈകുന്നേരം പിന്നിടുന്പോൾ ഇടവകയിലെ 3096 വീടുകളിലും മുത്തിയമ്മയുടെ ചിത്രം ആലേഖനം ചെയ്ത പേപ്പൽ പതാകകൾ ഉയർന്നിരുന്നു. വീടുകൾക്കൊപ്പം ഇടവകാതിർത്തിയിൽ സേവനം ചെയ്യുന്ന ഒൻപത് സന്യാസിനി ഭവനങ്ങളിലും പതാകകൾ ഉയർന്നതോടെ ഇടവകദിനത്തിന്‍റെ പേരിലുയർന്ന പതാകകളുടെ എണ്ണം 4006 ആയി. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇടവകയെന്ന നിലയിൽ പതിനാറായിരത്തോളം പേരാണ് ഇടവകദിനാഘോഷങ്ങളിൽ പങ്കാളികളാകുന്നത്.

ഇടവക ദേവാലയത്തിലെ പതാക ഉയർത്തലിനെ തുടർന്ന് വികാരി റവ.ഡോ. ജോസഫ് തടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു. പതാക ഉയർത്തൽ ചടങ്ങിൽ സീനിയർ സഹവികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹവികാരിമാരായ ഫാ. ജോർജ് എട്ടുപറയിൽ, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു പിണക്കാട്ട്, ഫാ. മാത്യു വെങ്ങാലൂർ, സ്പെഷ്യൽ കണ്‍ഫെസർ ഫാ. അലക്സാർ മൂലക്കുന്നേൽ എന്നിവർ സഹകാർമികരായി.

മെയ് ഏഴിനാണ് ഇടവകദിനം. ദിനാചരണത്തിന്‍റെ ഭാഗമായി ജപമാലറാലി, സമൂഹബലി, സമ്മേളനം, സ്നേഹവിരുന്ന് എന്നിവ നടക്കും. സോണുകളുടെ അടിസ്ഥാനത്തിൽ ഇടവക ദേവാലയത്തിലെത്തുന്ന ജപമാല റാലിക്ക് പാലാ രൂപത മുൻ അധ്യക്ഷൻ മാർ ജോസഫ് പള്ളിക്കാപറന്പിൽ ആശീർവാദം നൽകും. സമ്മേളനത്തിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകും.

You must be logged in to post a comment Login