കുറവിലങ്ങാട്: ഭാരത ക്രൈസ്തവ സഭയോളം പഴക്കമുള്ള കുറവിലങ്ങാട് മർത്ത്മറിയം ഫൊറോന പള്ളിയെ മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ചു സീറോ മലബാർ സഭയുടെ മെത്രാൻ സിനഡിന്റെ ഒൗദ്യോഗിക പ്രഖ്യാപനം നവീകരിച്ച മർത്ത്മറിയം ദേവാലയത്തിന്റെ വെഞ്ചരിപ്പിനു ശേഷം വിശുദ്ധ കുർബാന മധ്യേ നടത്തിയ സന്ദേശത്തിൽ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തി. സിനഡ് ഡിക്രിയുടെ കോപ്പി മേജർ ആർച്ച്ബിഷപ് പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനു കൈമാറി. ഡിക്രി മാർ ജോസഫ് കല്ലറങ്ങാട്ട് വായിച്ചു. ഡിക്രിയുടെ മലയാള പരിഭാഷ പാലാ രൂപത ചാൻസലർ റവ.ഡോ.ജോസ് കാക്കല്ലിലും വായിച്ചു.
പുതിയ പദവി പ്രഖ്യാപനത്തിനു പിന്നാലെ മേജർ ആർച്ച്ബിഷപ്പിന്റെ സ്ഥാനിക ഇരിപ്പിടം പള്ളിയുടെ ബേമ്മയിൽ പ്രതിഷ്ഠിച്ചു. സഭാ മേജർ ആർച്ച്ബിഷപ്പുമാർക്കും പാത്രിയാർക്കീസിനും മാത്രമായിരിക്കും ഈ ഇരിപ്പിടത്തിൽ സ്ഥാനമുണ്ടാകുകയെന്നതാണു പ്രത്യേകത. മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടതോടെ മേജർ ആർച്ച്ബിഷപ് വർഷത്തിലൊരിക്കൽ ഒൗദ്യോഗിക സന്ദർശനം നടത്തും.
വെഞ്ചരിപ്പിനെത്തുടർന്ന് കർദിനാളിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാന്പിക്കൽ, ബിഷപ് മാർ ജോസഫ് പള്ളിക്കാപറന്പിൽ, പാലാ രൂപത വികാരി ജനറാൾമാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, മോണ്‍. ജോസഫ് കൊല്ലംപറന്പിൽ, മോണ്‍. ജോസഫ് മലേപ്പറന്പിൽ എന്നിവ രും ഫാ. ജോർജ് മുളങ്ങാട്ടിൽ, ഫാ. ജോസ് കോട്ടയിൽ എന്നിവരും സഹകാർമികരായി.
ദേവാലയ വെഞ്ചരിപ്പിനും വിശുദ്ധ കുർബാനയ്ക്കും ശേഷം ദൃശ്യവത്കരിച്ച അദ്ഭുത ഉറവയുടെ വെഞ്ചരിപ്പും കർദിനാൾ മാർ ആലഞ്ചേരി നിർവഹിച്ചു. തുടർന്നു മൂന്നു നോന്പു തിരുനാളിനു കർദിനാളിന്റെയും ബിഷപ്പുമാരുടെയും സാന്നിധ്യത്തിൽ വികാരി റവ. ഡോ. ജോസഫ് തടത്തിൽ കൊടിയേറ്റി. പാരീഷ് കൗണ്‍സിൽ യോഗത്തിലും കർദിനാൾ പങ്കെടുത്തു. സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തപ്പെട്ടതിന്റെ രജതജൂബിലി വേളയിലാണ് കുറവിലങ്ങാട് പള്ളിക്ക് ഈ പദവി.
You must be logged in to post a comment Login