പള്ളിക്കുള്ളില്‍ ഇനി രാഷ്ട്രീയ പ്രസംഗം വേണ്ട: ലാഹോര്‍ അതിരൂപത

പള്ളിക്കുള്ളില്‍ ഇനി രാഷ്ട്രീയ പ്രസംഗം വേണ്ട: ലാഹോര്‍ അതിരൂപത

ലാഹോര്‍: മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകള്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തിയ വിവാദപ്രസംഗത്തെത്തുടര്‍ന്ന് പള്ളികളില്‍ രാഷ്ട്രീയപ്രസംഗം നിരോധിച്ചുകൊണ്ട് ലാഹോര്‍ അതിരൂപത പ്രസ്താവന ഇറക്കി. സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ വച്ച് സെപ്തംബര്‍ ഒന്നിനാണ് മറിയാം നവാസ് പ്രസംഗിച്ചത്. ഇലക്ഷന്‍ പ്രചരണത്തോട് അനുബന്ധിച്ചുള്ള രണ്ടാമത്തെ ദേവാലയപ്രസംഗമായിരുന്നു അത്.

പ്രധാനമന്ത്രിയെ മാറ്റുകയല്ല പാക്കിസ്ഥാനില്‍ വേണ്ടത്. നിയമവ്യവസ്ഥയില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്. ഇതായിരുന്നു മറിയാം പ്രസംഗിച്ചത്. തുടര്‍ന്ന തന്റെ പിതാവിന് വേണ്ടി അവര്‍ വോട്ടു ചോദിക്കുകയും ചെയ്തു. ഈ പ്രസംഗം സോഷ്യല്‍ മീഡിയ വഴി വൈറലായി. രണ്ടു ദിവസം കൊണ്ട് ആറായിരത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്തു. ഇത്തരം പ്രസംഗം നടത്തിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയ മറിയാമിനെതിരെയായി പ്രചരണം നടത്തുകയും ചെയ്തു.

എന്നാല്‍ അമ്മയുടെ സൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചാണ് മറിയാം ഇവിടെയെത്തിയതെന്നും ക്രൈസ്തവസ്‌കൂളുകളില്‍ പഠിച്ചതിന് തന്റെയും തന്റെ ബന്ധുക്കളുടെയും നന്ദി പറയാനും കൂടിയാണ് മറിയാം വേദിയില്‍ പ്രസംഗിച്ചത് എന്നും ആര്‍ച്ച് ബിഷപ് ഷാ വ്യക്തമാക്കി. ആ പ്രസംഗം രാഷ്ട്രീയമായി മാറുകയാണ് ഉണ്ടായത്.

സംഭവം വിവാദമായപ്പോള്‍ ഇ ത്തരമൊരു പ്രസംഗം നടത്താന്‍ ദേവാലയം വേദിയായതിന്റെ പേരില്‍ സഭാധികാരികള്‍ മാപ്പ് ചോദിച്ചു. ഇതിന് ശേഷമായിരുന്നു ദേവാലയങ്ങളില്‍ രാഷ്ട്രീയപ്രസംഗം നിരോധിച്ചുകൊണ്ട് അതിരൂപത പ്രസ്താവന പുറപ്പെടുവിച്ചത്.

You must be logged in to post a comment Login