കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മ പറയുന്നത്…

കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മ പറയുന്നത്…

നമ്മുടെ ചില തകര്‍ച്ചകളും ദുരന്തങ്ങളും എങ്ങനെ രക്ഷാകരമാകുമെന്നു പലപ്പോഴും ആലോചിചിട്ടില്ലേ. സഹനങ്ങള്‍ രക്ഷാകരമാകുന്നത് അവയോടു നാം സ്വീകരിക്കുന്ന മനോഭാവത്തെ ആശ്രയിച്ചാണ്‌. ലൈല എന്ന  അമ്മ തന്‍റെ സഹനാനുഭവം പ്രത്യാശയുടെ പടവായി മാറിയത് എങ്ങനെ എന്ന് പങ്കുവയ്ക്കുകയാണ്.

രണ്ടു വര്‍ഷം മുന്‍പ് മൂന്നാമത് ഗര്‍ഭിണി ആണെന്ന് അറിഞ്ഞ നിമിഷം ലൈലയും ഭര്‍ത്താവു ടിമ്മും അത്യധികം സന്തോഷിച്ചു. പ്രേഗ്നന്‍സി ടെസ്റ്റില്‍ പിങ്ക് വരകള്‍ കണ്ട നിമിഷം മുതല്‍ അവര്‍ ആ കുഞ്ഞതിഥിയെ കുറിച്ച് സ്വപ്‌നങ്ങള്‍ നെയ്തു. ഗര്‍ഭിണി ആണെന്നറിഞ്ഞു രണ്ടു ആഴ്ചകള്‍ക്ക് ശേഷം ലൈലക്ക് ശക്തമായ വേദന അനുഭവപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാരുടെ സംശയം യാഥാര്‍ത്ഥ്യമായി. അത് ട്യൂബല്‍ പ്രഗ്നന്സി ആയിരുന്നു.

അണ്ഡവാഹിനിക്കുഴല്‍ പൊട്ടി ലൈലയുടെ ഉദരത്തിലാകെ രക്തം നിറഞ്ഞിരുന്നു. മരണം വരെ സംഭവിക്കാവുന്ന അവസ്ഥയിലാണ് ലൈലയെ ആശുപത്രിയില്‍ എത്തിച്ചത്. ആന്തരീകരക്തസ്രാവം അവരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. അടിയന്തര ശസ്ത്രക്രിയയിലൂടെ ലൈലയുടെ ജീവന്‍ രക്ഷിച്ചെങ്കിലും കുഞ്ഞിനെ അവര്‍ക്ക് നഷ്ടമായി.

അത് ലൈലയേയും ടിമ്മിനേയും വല്ലാതെ ഉലച്ചുകളഞ്ഞു. ആ നിമിഷങ്ങളില്‍ ജീവിതത്തോടുള്ള തന്‍റെ കാഴ്ചപ്പാട് തന്നെയാണ് മാറിമറിഞ്ഞത് എന്ന് ലൈല പറയുന്നു. ഉള്ളിലൊരു ജീവന്‍ തുടിക്കുന്നു എന്ന് അറിഞ്ഞ നിമിഷം മുതല്‍ ആ കുഞ്ഞിനെ കുറിച്ച് അവര്‍ കണ്ട സ്വപ്നങ്ങളാണ് അവരുടെ വേദനയുടെ തീവ്രത കൂട്ടിയത്.

ആദ്യ രണ്ട് ഗര്‍ഭധാരണവും പ്രസവവും ബുദ്ധിമുട്ടുകളില്ലാതെ ആയിരുന്നു എന്നതിനാല്‍ മരണത്തിന്റെ വക്കോളം എത്തിയ ശേഷമുള്ള മടങ്ങിവരവും കുഞ്ഞിനെ നഷ്ടപ്പെട്ട ദുഃഖവും ഗര്ഭധാരണത്തോടുള്ള ലൈലയുടെ കാഴ്ചപ്പാട് തന്നെ മാറ്റിക്കളഞ്ഞു. തന്റെ കുട്ടികളോടൊത്ത് കൂടുതല്‍ സമയം ചിലവഴിക്കാനും അവരോട് സ്നേഹം പ്രകടിപ്പിക്കാനുമെല്ലാം അവള്‍ പ്രത്യേകം ശ്രദ്ധിച്ചു.

തങ്ങളുടെ കുടുംബത്തിലേക്ക് ഒരു അംഗം കൂടിവേണമെന്ന അവരുടെ ആഗ്രഹത്തിന് ഡോക്ടര്മാര്‍ പച്ചക്കൊടി വീശി. ലൈല മൂന്നാമതും ഗര്‍ഭവതിയായി.അവള്‍ നിരന്തരം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. മകള്‍ ആരോഗ്യവതിയായി പിറന്ന് വീണ നിമിഷം വരെ അവള്‍ പ്രാര്‍ത്ഥിച്ചു. മകളുടെ ജനനം ആ അമ്മയില് വലിയ പ്രത്യാശ നിറച്ചു. നവജാതശിശുക്കളുടെ ഫോട്ടോകള് പകര്ത്തുന്ന പ്രശസ്ത ഫോട്ടോഗ്രാഫര്‍  ലോറ ഫിഫീല്ഡിനൊപ്പമാണ് ലോറ മൂന്നാമത്തെ പ്രസവത്തിന് ആശുപത്രിയിലെത്തിയത്. ലൈലയുടെ പ്രത്യാശയുടെ പുത്രിയുടെ ജനനം ലോറയുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു.

പ്രസവവും കുഞ്ഞിന്റെ ജനനവുമെല്ലാം ചിത്രീകരിക്കാന്‍ തീരുമാനിച്ചതിന് ലൈല പറയുന്ന കാരണം ഇതാണ്. കുഞ്ഞുങ്ങളെ നഷ്ടമായ അമ്മമാര്‍ക്ക് തന്റെ അനുഭവവും കാഴ്ചപ്പാടും ,പ്രാര്‍ത്ഥനയുമെല്ലാം പ്രചോദനമാകണം. പ്രത്യാശ നമ്മെ ഒരിക്കലും നിരാശരാക്കുന്നില്ല എന്ന ഓര്മ്മപ്പെടുത്തലാണ് ലൈലയുടെ ഫോട്ടോകള്‍.

ദുരന്തങ്ങളിലൂടെ കടന്നു പോകുന്നത് അത്ര എളുപ്പമല്ല, പക്ഷേ പ്രാര്‍ത്ഥനയെ മുറുകെ പിടിക്കുന്നത് നമ്മുടെ അതിജീവനം എളുപ്പമാക്കുമെന്നാണ് തന്റെ  കുഞ്ഞിനെ മാറോട് ചേര്‍ത്ത് ലൈല എന്ന മുപ്പത്തിയൊന്നുകാരി പറയുന്നത്.

തങ്കം തോമസ്

You must be logged in to post a comment Login