അറുപത്തിയാറാം വയസില്‍ ഈ ബിസിനസ്മാന്‍ വൈദികനാകുന്നു

അറുപത്തിയാറാം വയസില്‍ ഈ ബിസിനസ്മാന്‍ വൈദികനാകുന്നു

മനില: അറുപതുകള്‍ വിശ്രമിക്കാനും ചെയ്യാനുള്ളത് ചെയ്തു തീര്‍ത്തു എന്ന മട്ടില്‍ നിഷ്‌ക്രിയരും ആകാനുള്ള വേളയാണ് എന്നാണ് പൊതുധാരണ. പക്ഷേ ഫിലിപ്പൈന്‍സിലെ ലാംബെര്‍ട്ടോ റാമോസ് എന്ന അറുപത്തിയാറുകാരന്‍ തന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കം നടത്തുന്നത് ഈ പ്രായത്തിലാണ്.

ഫിലിപ്പൈന്‍സിലെ അറിയപ്പെടുന്ന ബിസിനസ്മാനായ ഇദ്ദേഹം ജൂണ്‍ മാസത്തില്‍ വൈദികനായി അഭിഷേകം ചെയ്യപ്പെടാന്‍ പോവുകയാണ്. പത്താം വയസില്‍ അള്‍ത്താരബാലനായി ശുശ്രൂഷ ചെയത കാലം മുതലുള്ള ആഗ്രഹമാണ് ഇപ്പോള്‍ പൂവണിയുന്നത്. അതിനിടയില്‍ വിവാഹിതനാകുകയും മക്കള്‍ ജനിക്കുകയും ചെയ്തിരുന്നു. 2009 ല്‍ കാന്‍സര്‍ ബാധിതയായി ഭാര്യ മരിച്ചതോടെയാണ് ഉള്ളിലുള്ള പഴയ ആഗ്രഹം റാമോസിലേക്ക് വീണ്ടും കടന്നുവന്നത്. ഭാര്യയുടെയും ആഗ്രഹമായിരുന്നു ഞാനൊരു വൈദികനാകണമെന്ന്..മക്കളും പിന്തുണച്ചു. ഇദ്ദേഹം പറയുന്നു.

2007 മുതല്‍ 2009വരെ എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌ക്കരമായ സമയമായിരുന്നു. 2007ലാണ് ഭാര്യക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. ഇദ്ദേഹം അനുസ്മരിക്കുന്നു. ഭാര്യയുടെ അന്ത്യാഭിലാഷവും താന്‍ വൈദികനാകണമെന്നതായിരുന്നു. 2014 ല്‍ അദ്ദേഹം ലൊയോള സ്‌കൂളില്‍ തിയോളജി പഠനത്തിനായി ചേര്‍ന്നു.

ദൈവം തന്നെ വഴിനടത്തുകയാണെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. പരിശുദ്ധാത്മാവിന്റെ കൃപയാണ് ഒരാളെ വൈദികനാക്കുന്നത്. വൈദികനായി ഇദ്ദേഹത്തിന് 9 വര്‍ഷം മാത്രമേ സേവനം ചെയ്യാന്‍ കഴിയുകയുള്ളൂ.

75ാം വയസില്‍ വൈദികര്‍ തത്സഥാനത്തു നിന്ന് വിരമിക്കും. എങ്കിലും പരിമിതമായ കാലമെങ്കിലും ദൈവത്തിനും ദൈവജനത്തിനും വേണ്ടി ശുശ്രൂഷ ചെയ്യണമെന്ന ആഗ്രഹത്തോടെ ജീവിതത്തെ പ്രത്യാശയോടെ കാണുകയാണ് ഇദ്ദേഹം.

You must be logged in to post a comment Login