അതിരൂപതയിലെ വിവാദമായ ഭൂമി ഇടപാട്; സംയുക്ത ഇടയലേഖനം പുറത്തിറങ്ങി

അതിരൂപതയിലെ വിവാദമായ ഭൂമി ഇടപാട്; സംയുക്ത ഇടയലേഖനം പുറത്തിറങ്ങി

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭാധ്യക്ഷനും എറണാകുളം അങ്കമാലി മെത്രാപ്പോലീത്തയുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സഹായമെത്രാന്മാരായ ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്തും ബിഷപ് ജോസ് പുത്തുന്‍വീട്ടിലും സംയുക്തമായി ഇടയലേഖനം പുറത്തിറക്കി.

എറണാകുളം അങ്കമാലി അതിരൂപതുടെ ആഭ്യന്തരപ്രശ്‌നമാണ് ഇതെങ്കിലും സീറോ മലബാര്‍ സഭാധ്യക്ഷന്റെ ആസ്ഥാനരൂപതയില്‍ നടക്കുന്ന കാര്യമായതുകൊണ്ട് സീറോ മലബാര്‍ സഭയെ മുഴുവനും ഈ വിവാദങ്ങള്‍ വേദനിപ്പിച്ചുവെന്നും അക്കാര്യം പല പിതാക്കന്മാരും ഓര്‍മ്മിപ്പിച്ച സാഹചര്യത്തില്‍ എല്ലാവരും ചേര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തസാഹചര്യത്തെ ഇടയലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.സീറോ മലബാര്‍ സഭയുടെ കെട്ടുറപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുന്ന ഒരു വിഷയമായതിനാല്‍ അതിരൂപതയിലും സഭയിലും ശാന്തിയും കൂട്ടായ്മയും ഉറപ്പുവരുത്തുന്നതിന് ഞങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും എന്ന് മൂന്ന് പിതാക്കന്മാരും ഉറപ്പുനല്കുന്നു.

പരസ്പര ബഹുമാനത്തോടെയും യാഥാര്‍ത്ഥ്യബോധ്യത്തോടെയും പരിശ്രമം നടത്തുമ്പോള്‍ പ്രശ്‌നപരിഹാരം എളുപ്പമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടയലേഖനം അതിരൂപതയിലെ എല്ലാ വൈദികരോടും തങ്ങള്‍ക്കുള്ള നന്ദി പ്രകടിപ്പിക്കുകയും വിശ്വാസികള്‍ നല്കിയ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറയുന്നതിനൊപ്പം വീണ്ടും അത് തുടരണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ പ്രശ്‌നത്തെ സീറോമലബാര്‍ സഭയുടെ ലിറ്റര്‍ജിയുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനുള്ള കുത്സിത ശ്രമങ്ങളെ അപലപിക്കുന്ന ഇടയലേഖനം അത്തരം പ്രചരണങ്ങള്‍ വിശ്വസിക്കരുതെന്നും ഓര്‍മ്മിപ്പിക്കുന്നു.

മേജര്‍ ആര്‍ച്ച് ബിഷപ്പിന് തന്റെ ആസ്ഥാന രൂപതയില്‍ഒരു രൂപതാമെത്രാന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാനുള്ള സമയമോ സാവകാശമോ ലഭിക്കുകയില്ലെന്ന തിരിച്ചറിവും ഇവിടെ പങ്കുവയ്ക്കപ്പെടുന്നുണ്ട്. അതുകൊണ്ട് അതിരൂപതയുടെ നന്മയ്ക്ക് ഉപകരിക്കുമെന്ന വിശ്വാസത്തോടെ ചില കാനോനിക നടപടിക്രമങ്ങള്‍ സ്വീകരിച്ചതിനെക്കുറിച്ചും ഇടയലേഖനം പറയുന്നു. ഇതനുസരിച്ച് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തും മാര്‍ ജോസ് പുത്തന്‍വീട്ടിലും ചേര്‍ന്ന് അതിരൂപതയുടെ സാധാരണ ഭരണം നിര്‍വഹിക്കും എന്നും അറിയിക്കുന്നു.

ഇടയലേഖനം നാളെ അതിരൂപതയിലെ എല്ലാ പള്ളികളിലും വായിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

You must be logged in to post a comment Login