ലത്തീന്‍ സഭയുടെ മിഷന്‍ കോണ്‍ഗ്രസും ബിസിസി കണ്‍വെന്‍ഷനും

ലത്തീന്‍ സഭയുടെ മിഷന്‍ കോണ്‍ഗ്രസും ബിസിസി കണ്‍വെന്‍ഷനും

”നിങ്ങള്‍ പോയി ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കുവിന്‍” (മത്താ 28: 18) എന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ വാക്കുകള്‍ പ്രേഷിതപ്രവര്‍ത്തനത്തിലേക്കുള്ള ശക്തമായ ആഹ്വാനമാണ.് ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോ ക്രൈസ്തവനും ഈ പ്രേഷിതദൗത്യം ഏറ്റെടുക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. സുവിശേഷപ്രഘോഷണമെന്ന പ്രേഷിതദൗത്യം ഉത്തരവാദിത്വബോധത്തോടെ നിറവേറ്റുമ്പോള്‍ വിശ്വാസജീവിതത്തിലാഴപ്പെടുവാനും ശിഷ്യത്വത്തിന്റെ പാതയിലേക്കു മറ്റുള്ളവരെ പ്രചോദിപ്പിക്കുവാനും സാധിക്കുന്നു.
പ്രേഷിതപ്രവര്‍ത്തനമേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന വെല്ലുവിളികളെ കാലോചിതമായി നേരിടുന്നതിന് കേരള ലത്തീന്‍ സഭ മുന്നോട്ടുവയ്ക്കുന്ന മാര്‍ഗമാണ് 6 ശുശ്രൂഷകളിലൂടെയുള്ള പങ്കാളിത്ത സഭാപ്രവര്‍ത്തനം.

സാര്‍വത്രികസഭയുടെ ചെറുപതിപ്പുകളായ ബിസിസികളെ വിവിധ ശുശ്രൂഷാപ്രവര്‍ത്തനങ്ങളിലൂടെ ഏകോപിച്ചു സജീവമാക്കുന്ന രീതിയാണിത്. ഇതിലൂടെ അല്മായ പങ്കാളിത്തത്തിനു കൂടുതല്‍ സാധ്യത രൂപപ്പെടുകയും സഭാജീവിതത്തെ കാലോചിതമായി അവതരിപ്പിക്കുന്നതിന് കഴിയുകയും ചെയ്യുന്നു. ബിസിസി യൂണിറ്റുകള്‍ ശക്തിപ്പെട്ടാലേ ഇടവകകള്‍ ശക്തി പ്രാപിക്കൂ. നമ്മുടെ ഇടവകകള്‍ സജീവമായാലേ രൂപതകള്‍ ബലവത്താകൂ. വിവിധ ശുശ്രൂഷകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള രൂപതകളുടെ വളര്‍ച്ചയിലൂടെയാണ് കേരള ലത്തീന്‍ സഭ ശക്തിപ്പെടുന്നത്.

സുവിശേഷവത്കരണപരിപാടികളിലൂടെ സഭയുടെ അടിസ്ഥാനപരമായ ഘടനയ്ക്കു കോട്ടം വരുത്താതെയും മൗലികസത്യങ്ങള്‍ ബലികഴിയ്ക്കാതെയും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തി ശക്തിപ്പെടുത്തുവാനും നവീകരിക്കുവാനുമാണ് നാം മിഷന്‍ കോണ്‍ഗ്രസിലൂടെയും ബിസിസി കണ്‍വെന്‍ഷനിലൂടെയും ശ്രദ്ധിക്കേണ്ടത്. സഭയുടെ ആരാധനക്രമവും കൂദാശപരികര്‍മങ്ങളും വിവിധ ശുശ്രൂഷാപ്രവര്‍ത്തനങ്ങളും കൂടുതല്‍ പങ്കാളിത്തത്തോടെ ആകര്‍ഷകവും അര്‍ത്ഥവത്തും ആക്കാനാകും. പരസ്‌നേഹവും ഐക്യവും നിലനിര്‍ത്തി സുവിശേഷചൈതന്യത്തില്‍ ജീവിക്കുന്ന അയല്‍പക്ക ചെറുസമൂഹങ്ങളായി നാം നമ്മുടെ ഇടവകസമൂഹങ്ങളെ മാറ്റേണ്ടതാണ്.

ദൈവരാജ്യത്തിന്റെ പൂര്‍ണമായ ആഗമനത്തോടുകൂടി മാത്രമേ സഭയുടെ സുവിശേഷവത്കരണപ്രക്രിയ പൂര്‍ത്തിയാകുകയുള്ളൂ. ദൈവരാജ്യത്തിന്റെ ആഗമനം ത്വരിതപ്പെടുത്താനാവശ്യമായ വിവിധ അജപാലന, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ കര്‍മപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രേഷിതപ്രവര്‍ത്തന രീതിയാണ് നാം ലക്ഷ്യമാക്കുന്നത്. ക്രിസ്തുവിലൂടെ കൈവന്ന രക്ഷയുടെ ഫലം ഇപ്പോള്‍ തന്നെ അനുഭവിക്കാനും ആസ്വദിക്കാനും സാധിക്കുന്ന ഒരു പ്രവര്‍ത്തനരീതി നമ്മുടെ സഭാപ്രവര്‍ത്തനങ്ങളില്‍ സംജാതമാകണം.

പങ്കെടുക്കുന്നവര്‍

കേരളത്തിലെ 12 ലത്തീന്‍ രൂപതകളില്‍നിന്നായി 4000 പ്രതിനിധികള്‍ മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും. കെആര്‍എല്‍സിസി ജനറല്‍ ബോഡി അംഗങ്ങള്‍, ഇടവകകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിസിസി കോ-ഓര്‍ഡിനേറ്റര്‍മാര്‍, പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, ഇടവകയിലെ 6 ശുശ്രൂഷാസമിതികളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍, യുവജനപ്രതിനിധികള്‍, ബിസിസി സിസ്റ്റര്‍ ആനിമേറ്റര്‍മാര്‍, ഭക്തസംഘടനാപ്രതിനിധികള്‍, കെഎല്‍സിഎ, സിഎസ്എസ്, കെഎല്‍സിഡബ്ല്യുഎ, ഡിസിഎംഎസ്, കെഎല്‍എം, ആംഗ്ലോ ഇന്ത്യന്‍ സംഘടനാപ്രതിനിധികള്‍, മതാദ്ധ്യാപക പ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്നതാണ് 4000 പേര്‍. ഇവരെക്കൂടാതെ ബിഷപ് ഡോ. ജോണ്‍ മൂലച്ചിറ (ഗുവാഹട്ടി രൂപത), ബിഷപ് ഡോ. സെബാസ്റ്റ്യന്‍ കല്ലുപുര (ബക്‌സര്‍ രൂപത), ബിഷപ് ഡോ. തോമസ് തേനാട്ട് (ഗ്വാളിയര്‍ രൂപത), ബിഷപ് ഡോ. കുര്യന്‍ വലിയകണ്ടത്തില്‍ (ഭഗല്‍പൂര്‍ രൂപത), ബിഷപ് ഡോ. സൈമണ്‍ കൈപ്പുറം (ബാലസോര്‍ രൂപത), ബിഷപ് ഡോ. റാഫി മഞ്ഞളി (അലഹബാദ് രൂപത), ബിഷപ് ഡോ. ഇഗ്നേഷ്യസ് ലയോള (സിംല രൂപത), ബിഷപ് ഡോ. ജോര്‍ജ് പള്ളിപ്പറമ്പില്‍ (മിയാവോ രൂപത), ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ (ഇന്‍ഡോര്‍ രൂപത), ബിഷപ് ഡോ. ജോണ്‍ തോമസ് കാട്ട്രുകുടിയില്‍ (ഇറ്റാനഗര്‍ രൂപത), ആര്‍ച്ച്ബിഷപ് ഡോ. അബ്രാഹം വിരുതുകുളങ്ങര (നാഗ്പൂര്‍ രൂപത), ബിഷപ് ഡോ. പീറ്റര്‍ പറപ്പിള്ളി (ഝാന്‍സി രൂപത), ബിഷപ് ഡോ. പോള്‍ മൈപ്പാന്‍ (ഖമ്മം രൂപത) എന്നീ പിതാക്കന്മാരും അതിഥികളായി എത്തും.

സമ്മേളനത്തിലെ ആദ്യദിനം

മിഷന്‍ കോണ്‍ഗ്രസിന്റെ ആദ്യദിവസം പഠനവിഷയമാക്കുന്നത് പങ്കാളിത്ത സഭാ സംവിധാനം എന്നതാണ്. വിവിധ ശുശ്രൂഷകളിലൂടെ സഭാ പ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കൊണ്ട് പങ്കാളിത്ത ശൈലികള്‍ രൂപപ്പെടുത്തേണ്ടതെങ്ങനെയെന്നും ഈ ദിവസത്തെ പഠനത്തില്‍ ചര്‍ച്ചാവിഷയമാകുന്നു. അല്മായ സഹോദരങ്ങളുടെ സജീവപങ്കാളിത്തമാണ് കേരള ലത്തീന്‍ സഭയെ പങ്കാളിത്തസഭയാക്കി മാറ്റുന്നത്. അതിന് സഹായിക്കുന്ന വിവിധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് സഭയില്‍നിന്ന് അകന്ന് നില്‍ക്കുന്ന അല്മായ സഹോദരങ്ങളെ കര്‍മനിരതമാക്കുന്നതിന് സഹായകമായ നിര്‍ദേശങ്ങള്‍ ഇവിടെ രൂപപ്പെടുത്തുന്നു.
മിഷന്‍ കോണ്‍ഗ്രസിന്റെയും ബിസിസി കണ്‍വെന്‍ഷന്റെയും ഔപചാരികമായ ഉദ്ഘാടനം ഒക്‌ടോബര്‍ 6 രാവിലെ 10. 30ന് സിസിബിഐ പ്രസിഡന്റും ബോംബെ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് നിര്‍വഹിക്കുന്നു. പ്രസ്തുത യോഗത്തില്‍ വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ സ്വാഗതമാശംസിക്കുന്നതും കെആര്‍എല്‍സിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം അദ്ധ്യക്ഷത വഹിക്കുന്നതുമാണ്. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ജാംബത്തിസ്റ്റ ദിക്വാത്രോ അനുഗ്രഹപ്രഭാഷണം നടത്തും. സീറോ മലബാര്‍ സഭയ്ക്കുവേണ്ടി ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തിലും സീറോ മലങ്കര സഭയ്ക്കുവേണ്ടി ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും ആശംസകളര്‍പ്പിക്കും.

പങ്കാളിത്തസഭയെക്കുറിച്ച് ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഉച്ചയ്ക്കുശേഷം 2.30ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ വത്തിക്കാന്‍ സ്ഥാനപതി മുഖ്യകാര്‍മികനായിരിക്കും. കേരള ലത്തീന്‍ സഭയിലെ പിതാക്കന്മാര്‍ സഹകാര്‍മികരാകും. ദിവ്യബലി മദ്ധ്യേ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മെത്രാപ്പോലീത്തയുടെ സ്ഥാനചിഹ്നമായ പാലിയം സ്വീകരിക്കും. ദിവ്യബലിയുടെ സമാപനത്തില്‍ പ്രതിനിധികള്‍ ആതിഥേയ രൂപതകളായ വരാപ്പുഴ, കോട്ടപ്പുറം, കൊച്ചി, ആലപ്പുഴ രൂപതകളിലെ വിവിധ കേന്ദ്രങ്ങളിലേക്ക് യാത്രയാകും.

രണ്ടാം ദിനം 22 കേന്ദ്രങ്ങളില്‍ പ്രതിനിധി സമ്മേളനം

മിഷന്‍ കോണ്‍ഗ്രസിന്റെ രണ്ടാം ദിവസമായ 7-ാം തീയതി ശനിയാഴ്ച 22 കേന്ദ്രങ്ങളില്‍ ഏകദേശം 200 പ്രതിനിധികള്‍ വീതം സമ്മേളിക്കുന്നു. കണ്ടക്കടവ്, ഫോര്‍ട്ടുകൊച്ചി ബസിലിക്ക, കോട്ടപ്പുറം, മാനാശ്ശേരി, ഗോതുരുത്ത്, ഫോര്‍ട്ട്‌കൊച്ചി വെളി, ഇടക്കൊച്ചി, മുണ്ടംവേലി, പള്ളുരുത്തി, പള്ളിപ്പുറം, തൈക്കൂടം, തോട്ടയ്ക്കാട്ടുകര, കാക്കനാട്, പെരുമാനൂര്‍, കലൂര്‍, വടുതല, കൂനമ്മാവ്, മഞ്ഞുമ്മല്‍, വരാപ്പുഴ, ചേരാനല്ലൂര്‍, എടവനക്കാട്, വളപ്പ് എന്നിവയാണ് ആ കേന്ദ്രങ്ങള്‍.
സമ്മേളനവേദികള്‍ക്ക് മിഷണറിമാരായ 22 മഹത്‌വ്യക്തികളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. അന്നേദിവസം ബിസിസികളെയും ശുശ്രൂഷകളെയും കുറിച്ചാണ് പഠനങ്ങള്‍ നടക്കുന്നത്. 22 കേന്ദ്രങ്ങളിലും ഒരേ രീതിയിലുള്ള ചര്‍ച്ചയും പഠനങ്ങളും ഉണ്ടാകും. ഉച്ചയ്ക്കുശേഷം 2.30ന് നടക്കുന്ന ദിവ്യബലിയില്‍ ഇന്ത്യയിലെ വിവിധ രൂപതകളില്‍ സേവനം ചെയ്യുന്ന ബിഷപ്പുമാരും കേരള ലത്തീന്‍ സഭയിലെ ബിഷപ്പുമാരും മുഖ്യകാര്‍മികരാകും. തുടര്‍ന്ന് പ്രതിനിധികള്‍ യൂണിറ്റ് യോഗങ്ങളില്‍ പങ്കെടുത്ത് ആശയങ്ങളും അനുഭവങ്ങളും കൈമാറും.

പ്രതിനിധികളുടെ താമസം

മിഷന്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ താമസിക്കുന്നത് ആതിഥേയരൂപതകളിലെ നാലായിരത്തോളം കുടുംബങ്ങളിലാണ്. കുടുംബപ്രാര്‍ത്ഥനയിലും ഭക്ഷണത്തിലും പങ്കുചേര്‍ന്ന് കൂട്ടായ്മയുടെയും സാഹോദര്യത്തിന്റെയും പുതിയ അനുഭവം പ്രതിനിധികള്‍ക്ക് ഇതുവഴി സംലഭ്യമാകും.

സമാപനദിവസം

മൂന്നാം ദിവസമായ ഒക്‌ടോബര്‍ 8 ഞായറാഴ്ച രാവിലെ പ്രതിനിധികള്‍ വല്ലാര്‍പാടത്ത് മടങ്ങിയെത്തും. തുടര്‍ന്ന് ദശവത്സരപദ്ധതികളുടെ പ്രകാശനമാണ് ആദ്യം നടക്കുന്നത്. കേരള ലത്തീന്‍ സഭയുടെ അടുത്ത പത്ത് വര്‍ഷത്തേക്കുള്ള അജപാലനാഭിമുഖ്യങ്ങളും പ്രേഷിതശൈലിയും എന്തായിരിക്കണമെന്ന് അതിലൂടെ വ്യക്തമാക്കപ്പെടുന്നു. സുപ്രീം കോടതി ജഡ്ജി കുര്യന്‍ ജോസഫ് തന്റെ പ്രേഷിതാഭിമുഖ്യദര്‍ശനങ്ങള്‍ പങ്കുവച്ചുകൊണ്ടായിരിക്കും ഇതു നിര്‍വഹിക്കുക. തുടര്‍ന്ന് ‘സമകാലികസാഹചര്യത്തില്‍ പ്രേഷിതപ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തെക്കുറിച്ച് തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടിലും കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതി സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കലും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. പ്രേഷിതരായി തങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ എങ്ങനെ വര്‍ത്തിക്കാം എന്നതിനെക്കുറിച്ച് പ്രഗല്ഭര്‍ പങ്കെടുക്കുന്ന ടോക്ക് ഷോ തുടര്‍ന്ന് നടക്കും.

ഉച്ചയ്ക്കുശേഷം 2.30ന് നടക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ലത്തീന്‍ സഭയിലെ പിതാക്കന്മാരും വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും പങ്കെടുക്കും. വത്തിക്കാനിലെ സുവിശേഷവത്കരണ തിരുസംഘത്തിന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് പ്രൊട്ടാസെ റുഗുംബോ മുഖ്യകാര്‍മികനായിരിക്കും. സമാപനപ്രാര്‍ത്ഥനയ്ക്കുശേഷം കേരള ലത്തീന്‍ സഭയെ പരിശുദ്ധകന്യകാമറിയത്തിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കും. അന്നേദിവസം കേരളത്തിലെ എല്ലാ ദൈവാലയങ്ങളിലും വിമലഹൃദയത്തിന് സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനാ ശുശ്രൂഷനടക്കുന്നതാണ്.

‘ഹാര്‍ട്ട് ടു ഹാര്‍ട്ട്’ മിഷന്‍ ലിങ്കേജ് പ്രോഗ്രാം

കേരള ലത്തീന്‍ സഭയിലെ 12 രൂപതകളും വടക്കേ ഇന്ത്യയിലെ 12 മിഷന്‍ രൂപതകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ‘ഹാര്‍ട്ട് ടു ഹാര്‍ട്ട്’ മിഷന്‍ ലിങ്കേജ് പ്രോഗ്രാം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ രൂപതകളും അവ ബന്ധം സ്ഥാപിക്കുന്ന രൂപതകളുടെ വിവരങ്ങളും താഴെ ചേര്‍ക്കുന്നു
ആലപ്പുഴ – ആസാമിലെ ഗുവാഹട്ടി രൂപത
കോഴിക്കോട് – ബീഹാറിലെ ബക്‌സര്‍ രൂപത
നെയ്യാറ്റിന്‍കര – മധ്യപ്രദേശിലെ ഗ്വാളിയര്‍ രൂപത
പുനലൂര്‍ – ഛത്തീസ്ഗഢിലെ ബഗല്‍പൂര്‍ രൂപത
കണ്ണൂര്‍ – ഒറീസ്സയിലെ ബാലസോര്‍ രൂപത
കൊല്ലം – ഉത്തര്‍പ്രദേശിലെ അലഹബാദ് രൂപത
കൊച്ചി – ചണ്ഢിഗറിലെ സിംല രൂപത
വിജയപുരം – അരുണാചല്‍ പ്രദേശിലെ മിയാഒ രൂപത
സുല്‍ത്താന്‍പേട്ട് – മധ്യപ്രദേശിലെ ഇന്‍ഡോര്‍ രൂപത
തിരുവനന്തപുരം – അരുണാചല്‍പ്രദേശിലെ ഇറ്റാനഗര്‍ രൂപത
വരാപ്പുഴ – മധ്യപ്രദേശിലെ ഝാന്‍സി രൂപത
കോട്ടപ്പുറം – മഹാരാഷ്ട്രയിലെ നാഗ്പൂര്‍ രൂപത

മിഷന്‍ ക്രോസ്

മിഷന്‍ കോണ്‍ഗ്രസിന്റെ ചൈതന്യം രൂപതകളിലും ഇടവകകളിലും ബിസിസികളിലും എത്തിക്കുന്നതിനായി ബിസിസി രൂപതാ ലീഡര്‍മാര്‍ക്ക് പ്രത്യേകം രൂപകല്പന ചെയ്ത ‘മിഷന്‍ ക്രോസ്’ കൈമാറും. വത്തിക്കാനിലെ സുവിശേഷവത്കരണ തിരുസംഘത്തിന്റെ സെക്രട്ടറി ആര്‍ച്ച്ബിഷപ് പ്രൊട്ടാസെ റുഗുംബോ കൈമാറുന്നതാണ്. ഈ കുരിശുകള്‍ ആഘോഷമായി രൂപതകളിലേക്കും ഇടവകകളിലേക്കും സംവഹിക്കപ്പെടുന്നതാണ്.

മിഷന്‍ കോണ്‍ഗ്രസ് ബിസിസി കണ്‍വെന്‍ഷന്‍ ഒരു ദൈവികപദ്ധതി

കേരള ലത്തീന്‍സഭയില്‍ പങ്കാളിത്തവും കൂട്ടായ്മയും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ദൈവികപദ്ധതിയാണ് മൂന്ന് വര്‍ഷങ്ങളിലെ ഒരുക്കങ്ങള്‍ക്കുശേഷം വല്ലാര്‍പാടത്ത് നടക്കുന്നത്. ഇതൊരു അനുഗ്രഹധാരയായി നമ്മുടെ ഇടവകകളിലേക്കും ബിസിസികളിലേക്കും കുടുംബങ്ങളിലേക്കും ഒഴുകണം. ഓരോ ബിസിസികളിലും ശുശ്രൂഷാപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നവര്‍ കൂടുതല്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിച്ചുകൊണ്ട് ബിസിസികളെയും അതുവഴി ഇടവകകളെയും സജീവമാക്കി പങ്കാളിത്തശൈലിയില്‍ ഒരു പുത്തന്‍ പ്രവര്‍ത്തനപന്ഥാവ് രൂപപ്പെടുത്തുവാന്‍ കേരള ലത്തീന്‍ സഭയ്ക്ക് സാധ്യമാകട്ടെയെന്ന് പ്രത്യാശിക്കുന്നു. കണ്‍വെന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനയും പരിത്യാഗപ്രവര്‍ത്തികളും അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

ഫാ. ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കാപ്പറമ്പില്‍
ജനറല്‍ സെക്രട്ടറി കെആര്‍എല്‍സിസി
ജനറല്‍ കണ്‍വീനര്‍, സംഘാടക സമിതി

 

You must be logged in to post a comment Login