കൊല്‍ക്കൊത്തയില്‍ സിസ്‌റ്റേഴ്‌സ് ഓഫ് മരിയ ബംബീന കോണ്‍വെന്റിലെ ഉണ്ണിമേരിയുടെ രൂപം പുഞ്ചിരിക്കുന്നു

കൊല്‍ക്കൊത്തയില്‍ സിസ്‌റ്റേഴ്‌സ് ഓഫ് മരിയ ബംബീന കോണ്‍വെന്റിലെ ഉണ്ണിമേരിയുടെ രൂപം പുഞ്ചിരിക്കുന്നു

കൊല്‍ക്കൊത്ത: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിശുദ്ധ കന്യാമറിയം കണ്ണീരു പൊഴിച്ചുകൊണ്ട് മാനസാന്തരത്തിന്റെയും പശ്ചാത്താപത്തിന്റെയും വഴികളിലേക്ക് തിരിയാന്‍ മനുഷ്യരെ ക്ഷണിക്കുമ്പോള്‍ ഇവിടെ ഇതാ അതില്‍ നിന്ന് വ്യത്യസ്തമായി ഒരു അത്ഭുതം നടന്നിരിക്കുന്നു.മാതാവിന്‍റെ രൂപം പുഞ്ചിരിക്കുന്നതിനാണ് ഇവിടെ വിശ്വാസികള്‍ സാക്ഷ്യം വഹിച്ചത്.

വെസ്റ്റ് ബംഗാളിലെ മജിലിസ്പൂറിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി  ഓഫ് സെന്റ് ബര്‍ത്തോമിയോ കപ്പിത്താനിയോ ആന്റ് വിന്‍സെന്‍സ ജെറോസ കോണ്‍വെന്റില്‍ കഴിഞ്ഞ ഇരുപതാം തീയതിയാണ് ഈ അത്ഭുതം നടന്നത്.

21 ാം തീയതി ഇവരുടെ സന്യാസസഭയുടെ സ്ഥാപനതിരുനാളും സന്യാസിനികളുടെ വ്രതം പുതുക്കല്‍ ദിനവുമായിരുന്നു. അതുകൊണ്ട് 20ാം തീയതി സിസ്റ്റേഴ്‌സ് മുഴുവന്‍ വൈകുന്നേരം പ്രാര്‍ത്ഥനയിലായിരുന്നു. ജപമാല ചൊല്ലിക്കൊണ്ടിരിക്കവെ സിസ്റ്റര്‍ ശ്യാമിലി ആണ് ആദ്യമായി ഉണ്ണിമേരിയുടെ രൂപം പുഞ്ചിരിക്കുന്നതായി കണ്ടത്. ആദ്യം തന്റെ തോന്നലാണെന്ന് സിസ്റ്റര്‍ കരുതിയെങ്കിലും ഉണ്ണിമേരിയുടെ ചിരി മായാതെ നില്ക്കുന്നതുകൊണ്ട് തന്റെ സംശയം ദൂരീകരിക്കാനായി മറ്റൊരു സിസ്റ്ററെ കൂടി അത് വിളിച്ചുകാണിച്ചു.

അപ്പോള്‍ ആ സിസ്റ്ററും അത്ഭുതത്തിന് സാക്ഷിയായി. അതോടെ സിസ്‌റ്റേഴ്‌സ് മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. എല്ലാവരും നോക്കിയപ്പോഴും ഉണ്ണിമേരി പുഞ്ചിരിക്കുന്നതാണ് കണ്ടത്. ഈ വാര്‍ത്ത പുറത്തേക്ക് ഒഴുകാന്‍ ഒട്ടും സമയം വേണ്ടിവന്നില്ല. അതിനടുത്ത ദിവസങ്ങളിലും ഉണ്ണിമേരി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നതായിട്ടാണ് വാര്‍ത്തകള്‍.

ഇപ്പോള്‍ അവിടേയ്ക്ക് വിശ്വാസികളുള്‍പ്പടെ അനേകര്‍ പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.ക്രൈസ്തവ വിശ്വാസത്തിന് ഏറെ വിലക്കുകളും തടസ്സങ്ങളും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പ്രദേശമാണ് ഇവിടെ. കത്തോലിക്കാ വൈദികര്‍ പലപ്പോഴും പീഡനങ്ങള്‍ക്കു വിധേയരായിട്ടുണ്ട്.

നമ്മള്‍ ഉണ്ണിയേശു എന്നു പറയുന്നതുപോലെ ചെറുപ്രായത്തിലുള്ള മാതാവിന്റെ വിശേഷണമാണ് ഉണ്ണിമേരി.

ഇറ്റലിയിലാണ്  ഉണ്ണിമേരിയുടെ പേരിലുള്ള ആദ്യത്തെ അത്ഭുതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സെപ്തംബര്‍ ഒന്പതിന് മാതാവിന്‍റെ പിറവിത്തിരുനാളിന് മുന്നോടിയായി തലേന്ന് ഉണ്ണിമേരിയുടെ രൂപവുമായി കോണ്‍വെന്‍റിലൂടെ പ്രദക്ഷിണം നടന്ന സമയത്ത് രോഗബാധിതയായി വര്‍ഷങ്ങളോളം കട്ടിലില്‍ കിടന്നിരുന്ന നോവീസ് അത്ഭുതകരമായി ചാടിയെണീറ്റതായിരുന്നു ആ അത്ഭുതം.

സിസ്റ്റേഴ്‌സ് ഓഫ് മരിയ ബംബീന എന്നാണ് ഈ സന്യാസസമൂഹം പൊതുവെ അറിയപ്പെടുന്നത്. കേരളത്തില്‍ എറണാകുളം ജില്ലയില്‍ ഇവര്‍ സേവനം ചെയ്യുന്നുണ്ട്.

You must be logged in to post a comment Login