പാഠം ഒന്ന്;  അണ്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വിലാപം

പാഠം ഒന്ന്;  അണ്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ വിലാപം

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഇന്ന് ആ അധ്യാപികയെ ഓര്‍മ്മിച്ചുപോയി. കേരളത്തിലെ ഒരു നഗരത്തിലെ,  സമ്പന്നരുടെ മക്കള്‍ മാത്രം പഠിക്കുന്ന സ്‌കൂളിലെ അധ്യാപികയായിരുന്നു അവര്‍.

അവര്‍ എന്നോട് പറഞ്ഞത് ഇതാണ്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ കൈയില്‍ വില കൂടിയ ഫോണുകളാണുള്ളത്. വളരെ ലക്ഷ്വറിയസായ ജീവിതം നയിക്കുന്ന കുട്ടികള്‍. പക്ഷേ അവരെ പഠിപ്പിക്കുന്ന താനുള്‍പ്പെടുന്ന അധ്യാപകര്‍ക്ക് കിട്ടുന്ന മാസശമ്പളം ഈ കുട്ടികള്‍ക്ക് കിട്ടുന്ന പോക്കറ്റ് മണിയെക്കാളും വളരെ കുറവാണത്രെ.  പലപ്പോഴും ആ കുട്ടികള്‍ക്ക് മുമ്പില്‍ നില്ക്കുമ്പോള്‍ തനിക്ക് വല്ലാതെ അപകര്‍ഷത അനുഭവപ്പെടുന്നു.  തെല്ല് ആത്മനിന്ദയോടെയായിരുന്നു അവരുടെ വാക്കുകള്‍.

സഭ നടത്തുന്ന, കേരളത്തിലെ തന്നെ മികച്ച സ്‌കൂളുകളിലൊന്നിലെ അധ്യാപികയായിരുന്നു അവര്‍.

പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല.കേരളത്തില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ ശമ്പളവര്‍ദ്ധനവിന് വേണ്ടി സമരത്തിനിറങ്ങിയതും ഒടുവില്‍ അതില്‍ വിജയം വരിച്ചതുമായ സംഭവം നാമാരും മറന്നിട്ടില്ല. കത്തോലിക്കാ മാനേജ്‌മെന്‍റുകളുടെ കീഴിലുള്ള ഹോസ്പിറ്റലുകളില്‍ നേഴ്‌സുമാര്‍ക്ക് പുതുക്കിയ വേതനമനുസരിച്ചുള്ള ശമ്പളം വിതരണം ചെയ്തുതുടങ്ങിയതായി കഴിഞ്ഞ ദിവസം വാര്‍ത്തയുമുണ്ടായിരുന്നു. നല്ലത് തന്നെ. സഭയ്ക്കും അധികാരികള്‍ക്കും അഭിനന്ദനങ്ങള്‍.

ഈ സാഹചര്യത്തില്‍ സഭയുടെ സവിശേഷശ്രദ്ധ പതിയേണ്ട മറ്റൊരു മേഖലയെ ചൂണ്ടിക്കാണിക്കുകയാണ് ഈ എഡിറ്റോറിയലിന്റെ ലക്ഷ്യം. നേഴ്‌സുമാരെ പോലെ തന്നെ ചൂഷണത്തിന് വിധേയരാകുന്നവരോ വേലയ്ക്ക് അനുസരിച്ച് കൂലി കിട്ടാത്തവരോ ആയ ഒരു തൊഴില്‍വിഭാഗം തന്നെയാണ് കേരളത്തിലെ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍.

ആതുരശുശ്രൂഷയും വിദ്യാഭ്യാസവും. ഏതൊരു വ്യക്തിയുടെയും ജീവിതത്തെ സമഗ്രമായി സ്വാധീനിക്കുന്ന രണ്ടു മേഖലകള്‍ തന്നെയാണ് ഇത്. ഭാഗ്യകരമെന്ന് പറയട്ടെ രണ്ടിലും മേല്‍ക്കൈ നേടാന്‍ നമ്മുടെ സഭയ്ക്ക് കഴിഞ്ഞിട്ടുമുണ്ട്. മറ്റേതൊരു വിഭാഗം നടത്തുന്നതിലും ഏറെ മികവോടും കാര്യക്ഷമതയോടും കൂടിയാണ് സഭ ഈ രണ്ടുമേഖലയിലും പ്രവര്‍ത്തിക്കുന്നതും വിജയം വരിച്ചിരിക്കുന്നതും.

ആരോഗ്യത്തിന്റെ കാര്യത്തിലും വിദ്യാഭ്യാസത്തിന്‍റെ കാര്യത്തിലും കോമ്പ്രമൈസ് ചെയ്യാന്‍ സന്നദ്ധരല്ലാത്ത ഒരു തലമുറയാണ് ഇന്ന് ഇവിടെയുള്ളത്. കവിവാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ഇംഗ്ലീഷില്‍ ചിരിക്കുകയും ഇംഗ്ലീഷില്‍ കരയുകയും ചെയ്യുന്ന മക്കളെ സ്വപ്‌നം കാണുന്ന മാതാപിതാക്കളാണ് ഇന്ന് എവിടെയും. തങ്ങള്‍ക്ക് ലഭിക്കാതെ പോയ മികച്ചവിദ്യാഭ്യാസവും ഉന്നതനിലവാരം പുലര്‍ത്തുന്ന സ്‌കൂളും തങ്ങളുടെ മക്കള്‍ക്കെങ്കിലും ലഭിക്കണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി ഏതറ്റം വരെ കഷ്ടപ്പെടാനും തയ്യാറുള്ള മാതാപിതാക്കളുടെ എണ്ണം ഇന്ന് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

അതുകൊണ്ട് സമ്പന്നരുടെ മക്കള്‍ക്കൊപ്പം തന്നെ സിബിഎസ്ഇ ഐസിഎസ് ഇ സിലബസ് നടപ്പില്‍ വരുത്തിയിരിക്കുന്ന  മികച്ച സ്‌കൂളുകളില്‍ തന്നെ പഠിക്കുന്ന ഇടത്തരക്കാരുടെ മക്കള്‍ ഇന്ന് പുതുമയല്ലാത്ത കാഴ്ചയായി മാറിയിട്ടുണ്ട്.സ്‌കൂള്‍ നിയമത്തില്‍ പറയുന്ന കൃത്യമായ ഫീസ് നല്കി തന്നെയാണ് സമ്പന്നരുടെ മക്കള്‍ക്കൊപ്പം ഇടത്തരക്കാരുടെ മക്കളും പഠിക്കുന്നത്. പിന്നെ ചിലപ്പോള്‍ ചിലയിടങ്ങളില്‍ ആപേക്ഷികമായി ചില ഫീസ് ആനുകൂല്യങ്ങള്‍ നല്കുന്ന സ്ഥാപനങ്ങളുമുണ്ടാവാം.

അവയെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് പറയട്ടെ കനത്ത ഫീസ് ട്യൂഷന്‍ വകയിനത്തിലും സ്‌കൂള്‍ ഫീ ഇനത്തിലും നല്കിക്കൊണ്ടുതന്നെയാണ് ഈ മികച്ച സ്‌കൂളുകളില്‍ എല്ലാ വിദ്യാര്‍ത്ഥികളും പഠിക്കുന്നത്. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ വിദ്യാര്‍ത്ഥികളില്‍ നിന്ന് ഫീ ഇനത്തില്‍ ഈടാക്കുന്ന തുകയ്ക്ക് ആനുപാതികമായി അവിടെയുളള അധ്യാപകര്‍ക്ക്  ശമ്പളം ലഭിക്കുന്നില്ല. ഇത് തികഞ്ഞ അനീതിയാണ്.

എല്ലാവരും തുല്യ ജോലിക്ക് അര്‍ഹരല്ല എങ്കിലും തുല്യ വേതനത്തിന് അര്‍ഹരാണ് എന്നത് മറക്കരുത്. പതിനാറ് മുതല്‍ പതിനെട്ട് വര്‍ഷം വിവിധ രീതിയില്‍വിദ്യാഭ്യാസം അഭ്യസിച്ചതിന് ശേഷമാണ് ഒരു അധ്യാപകന്‍ നമ്മുടെ മക്കള്‍ക്ക് മുമ്പില്‍ അവരുടെ അധ്യാപകനായി നിലനില്ക്കുന്നത്. എത്രയോ രാത്രികളില്‍ ഉറക്കമിളച്ചും കഷ്ടപ്പെട്ടുമാണ് അവര്‍ പരീക്ഷകള്‍ പാസായത്. എത്രയോ സ്വപ്‌നങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. കുടുംബം മാന്യമായി നോക്കിനടത്തിപ്പോകാന്‍ കേരളത്തിലെ ഒരു സാധാരണക്കാരന് എത്രരൂപ മാസവരുമാനം ഉണ്ടായിരിക്കണം എന്ന് വെറുതെ ഒന്നാലോചിച്ചാല്‍ മനസ്സിലാവുന്നതേയുള്ളൂ.

അടിക്കടിയുണ്ടാകുന്ന വിലവര്‍ദ്ധനവ് സാധാരണക്കാരന്‍റെ നട്ടെല്ലൊടിച്ചുകൊണ്ടു തന്നെയാണ്  ഓരോ ദിവസവും മുന്നോട്ട് പോകുന്നത്. അതിനിടയില്‍ തുച്ഛശമ്പളക്കാരായ അണ്‍എയ്ഡഡ് അധ്യാപകരുടെ കുടുംബങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്നത് ചിന്തിക്കേണ്ടതാണ്. പ്രത്യേകിച്ച് സഭ.

കാരണം സഭാകേന്ദ്രീകൃതമാണ് കേരളത്തിലെ ഭൂരിപക്ഷം അണ്‍എയ്ഡഡ് വിദ്യാലയങ്ങളും. കനത്തഫീ ഈടാക്കിയിട്ടുംപല അണ്‍എയ്ഡഡ് സ്‌കൂളുകളും നഷ്ടത്തിലാണെന്ന പ്രചരണവുമുണ്ട്. അതിന്‍റെ കാരണം അന്വേഷിച്ചപ്പോള്‍ മനസ്സിലായത് സ്‌കൂള്‍ അധികൃതര്‍ ഫീ ഇനത്തില്‍ ലഭിക്കുന്ന തുക കെട്ടിടം, സ്‌കൂള്‍ ബസ് എന്നി്ങ്ങനെ ഓരോ ഇന്‍വെസ്റ്റുമെന്‍റുകളായി മാറ്റുന്നു എന്നതാണ്.    അധ്യാപകര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളമോ കാലാകാലങ്ങളായി ഓരോ സ്ഥാപനവും പുലര്‍ത്തിപോരേണ്ട മിനിമം ദാക്ഷിണ്യമായ ശമ്പളവര്‍ദ്ധനവോ ഇല്ലാതെയാണ് ഇത് ചെയ്യുന്നത് എന്നതാണ് ഇതിനെ അപലപിക്കേണ്ട അവസ്ഥയിലെത്തിക്കുന്നത്.

അണ്‍എയ്ഡഡ് സ്‌കൂളിലെ അധ്യാപകര്‍ യോഗ്യതയില്ലാത്തവരാണെന്ന ഒരു മിഥ്യാധാരണ പലര്‍ക്കുമുണ്ട്. സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ലഭിച്ചില്ല എന്നതുകൊണ്ട് മാത്രം അവര്‍ അയോഗ്യരോ കഴിവുകുറഞ്ഞവരോ ആകുന്നില്ല. മറ്റ് രണ്ട് മേഖലകളിലെ സ്‌കൂള്‍ അധ്യാപകരെക്കാള്‍ ജോലിഭാരവും സ്ട്രസും നേരിടുന്നതും അണ്‍എയ്ഡഡ് സ്‌കൂളിലെ അധ്യാപകരാണ്. ഓരോ ദിവസവും തയ്യാറെടുപ്പുകള്‍ മറ്റുളളവരെക്കാള്‍ കൂടുതല്‍ നടത്തി മാത്രമേ ഇവര്‍ക്ക് ക്ലാ സുകളില്‍ പോകാനാവൂ.

ക്ലാസ് അവറുകളില്‍ കസേരയില്‍ ഇരിക്കാന്‍  അധ്യാപകരെ അനുവദിക്കാത്ത സ്‌കൂളുകള്‍ പോലുമുണ്ട്. വലിയ ടെക്‌സറ്റയില്‍ ഷോറൂമുകളിലെ സെയില്‍സ് ഗേള്‍മാര്‍ അനുഭവിക്കുന്ന തരത്തിലുള്ള തൊഴില്‍ വിവേചനമാണ് ഇത്. കന്യാസ്ത്രീകള്‍  നടത്തുന്ന സ്‌കൂളുകളില്‍ ഇതാണ് അവസ്ഥയെന്ന് അനുഭവസ്ഥര്‍ പറയുന്നു.

അടുത്തയിടെ ഒരു സുഹൃത്തിന്‍റെ ഭാര്യ പള്ളിവക സ്‌കൂളിലെ അധ്യാപക ജോലിക്ക് പോയപ്പോള്‍ ഓഫര്‍ ചെയ്ത ശമ്പളം വെറും ഏഴായിരം രൂപയായിരുന്നു. അതും ഹൈസ്‌കൂളില്‍. പോരാഞ്ഞ് ശനിയാഴ്ചകളില്‍ ക്ലാസ്, പബ്ലിക് എക്‌സാം നടക്കുന്നതിന് മുമ്പ് ഈവനിങ് ക്ലാസ്, അങ്ങനെ പല വ്യവസ്ഥകള്‍ വേറെയും. സ്വന്തമായി ഇരുചക്രവാഹനം ഇല്ലാത്തിനാലും അധികമായി ബസ് സര്‍വീസ് നടക്കാത്ത റൂട്ടായിരുന്നു അത്എന്നതിനാലും സുഹൃത്തിന്‍റെ ഭാര്യ ആ ജോലി വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

സ്‌കൂള്‍ ബസുകളില്‍ പോകാന്‍ കഴിയുന്ന അധ്യാപകര്‍ക്ക് ഇരിക്കാന്‍ പോലും സീറ്റ് ലഭിക്കാറില്ല എന്നതും സ്മരണീയം. കാരണം വിദ്യാര്‍ത്ഥികളാണ് അവിടെ പ്രമുഖര്‍. അവര്‍ ഫീസ് കൊടുക്കുന്നതിലാണല്ലോ സ്‌കൂളിന്‍റെ നിലനില്പ് തന്നെ.

നേഴ്‌സുമാരുടെ പ്രശ്‌നം ജനമധ്യത്തില്‍ രൂക്ഷതയോടെ അവതരിപ്പിക്കാന്‍ ഒരു ജാസ്മീന്‍ ഷായുണ്ടായിരുന്നു. അണ്‍എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കിടയില്‍ നിന്നും അത് നാളെ ഉണ്ടായിക്കൂടാ എന്നില്ല. അതിന് നാമായിട്ട് ഒരു അവസരം ഉണ്ടാക്കരുത്. നമ്മുടെ അധ്യാപകരെ ഉപജീവനത്തിന് വേണ്ടി സമരം ചെയ്യുന്നവരായി തെരുവിലേക്ക് വലിച്ചിഴയ്ക്കരുത്. അത് ആകമാന അധ്യാപകസമൂഹത്തിന് അപമാനമാണ്.

തെറ്റും കുറവുമില്ലാതെ നമ്മുടെ കുഞ്ഞുമക്കള്‍ക്ക് മുമ്പില്‍ നില്‌ക്കേണ്ടവരാണ് അധ്യാപകര്‍. അവരെ സമരാനുയായികളും തെരുവുപ്രകടനക്കാരുമാക്കിമാറ്റുമ്പോള്‍ നാം പുലര്‍ത്തിപോരുന്ന അധ്യാപനം എന്ന കലയ്ക്ക് മാന്ദ്യം സംഭവിക്കും. അത് അപമാനം വിളിച്ചുവരുത്തും. അതുണ്ടായിക്കൂടാ. നേഴ്‌സുമാരുടെ കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ എടുക്കേണ്ട തീരുമാനം വൈകിമാത്രം നടപ്പില്‍ വരുത്തിയ സഭാധികാരികള്‍ ഇനിയെങ്കിലും അണ്‍എയ്ഡഡ് അധ്യാപകരുടെ കാര്യത്തിലും ദയാപുരസരം ഇടപെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സമരം ചെയ്തിട്ട് നേടിയെടുക്കുന്ന അവകാശങ്ങളെക്കാള്‍ കണ്ടറിഞ്ഞ് ചെയ്യാന്‍ നിങ്ങള്‍ മനസ്സാകണം. നമ്മുടെ അധ്യാപകര്‍ വെളിച്ചം പകരുന്നവരാണ്. അവര്‍ക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാന്‍  കഴിയുന്ന സാഹചര്യം ഒരുക്കിക്കൊടുക്കണം.  അവരുടെ കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ മനസ്സിലാക്കണം..

സഭാധികാരികള്‍ ഇക്കാര്യത്തില്‍ വേണ്ടവിധം  തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ ഇനിയും വൈകരുത് എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട്…

സ്‌നേഹാദരങ്ങളോടെ…

ശാന്തിമോന്‍ ജേക്കബ്
ചീഫ് എഡിറ്റര്‍

You must be logged in to post a comment Login