ജീവിതം അടയാളപ്പെടുത്തിയ മരണം

ജീവിതം അടയാളപ്പെടുത്തിയ മരണം
 കഴി്ഞ്ഞ ആഴ്ചയിലായിരുന്നു ഒരു സുഹൃത്തിന്റെ അച്ഛന്‍ മരിച്ചത്. അപ്രതീക്ഷിത മരണമൊന്നും ആയിരുന്നില്ല. രണ്ടുമാസമായി ഏറെക്കുറെ രോഗകിടക്കയിലായിരുന്നു.  മരണം എപ്പോള്‍ വേണമെങ്കിലും കടന്നുവരാം എന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. ഒടുവില്‍ മരണമടഞ്ഞപ്പോഴും സാധാരണ മരണവീടുകളിലുണ്ടാകാവുന്ന വിധത്തിലുള്ള എണ്ണിപ്പാടി കരച്ചിലോ  ഒന്നും ഉണ്ടായിരുന്നുമില്ല. പുത്തന്‍പള്ളിക്കുന്നിലെ പൊതുശ്മശാനത്തില്‍ എഴുപത്തിരണ്ടുവര്‍ഷത്തെ ജീവിതം കത്തിത്തീര്‍ന്നപ്പോള്‍ ചങ്ങാതിയുടെ കണ്ണില്‍ നിന്ന് രണ്ടിറ്റു കണ്ണീര്‍ പൊടിഞ്ഞതല്ലാതെ. ഇത്രയുമേ പരേതന്‍ അര്‍ഹിക്കുന്നുള്ളൂ എന്ന വിധത്തില്‍ എല്ലാവരും നിസ്സംഗരായിരുന്നു.
അതിന്റെ അടുത്ത ദിവസമായിരുന്നു ഇടവകപ്പള്ളിയില്‍ ഒരു മരണം നടന്നത്. അന്നേ ദിവസം ഞങ്ങളുടെ നാട്ടിന്‍പുറത്തേക്കുള്ള പാലായില്‍ നിന്നുള്ള ബസില്‍ പോലും നല്ല തിരക്കായിരുന്നു. പതിവില്ലാത്ത യാത്രക്കാരേറെയും ആ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നവരായിരുന്നു. പള്ളിമുറ്റവും സ്‌കൂള്‍ മുറ്റവുമെല്ലാം വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. ഫഌക്‌സ് ബോര്‍ഡുകള്‍, ദുഖത്തിന്റെ വിളംബരവുമായി കറുത്ത തിരശ്ശീലകള്‍..
 രണ്ടും മരണങ്ങളാണ്.. രണ്ടു വിധത്തിലുള്ളവ.ജീവിച്ചവരോട് സമൂഹം രണ്ടുരീതിയില്‍ തിരികെ പെരുമാറി. അറിയാതെ  ആലോചിച്ചുപോയത് ഭരണങ്ങാനത്തെ നമ്മുടെ അല്‍ഫോന്‍സാമ്മയുടെ മരണത്തെയും ശവസംസ്‌കാരശുശ്രൂഷകളെയും കുറിച്ചാണ്. എന്റെ സുഹൃത്തിന്റെ അച്ഛന്റെ ശവസംസ്‌കാരച്ചടങ്ങില്‍ നാട്ടുപ്രമാണികളോ അധികമാളുകളോ ഉണ്ടായിരുന്നില്ല. രണ്ടായിരുന്നു കാരണം. അയാള്‍ വെറുമൊരു സാധാരണക്കാരനായിരുന്നു. മാത്രവുമല്ല ജീവിച്ചിരുന്ന കാലത്ത് അയാള്‍ എല്ലാവര്‍ക്കും അത്ര നല്ല വനുമായിരുന്നില്ല.  പൊതുജീവിതം വളരെ കുറവായിരുന്നു എന്ന് മാത്രമല്ല  ആരെയും സ്‌നേഹിക്കാതെയും ആര്‍ക്കും നന്മകളൊന്നും ചെയ്യാതെയും എന്നാല്‍ കഴിയുന്നവിധത്തിലെല്ലാം മറ്റുള്ളവരെ വെറുപ്പിച്ചും ജീവിച്ച വ്യക്തി കൂടിയായിരുന്നുവത്രെ അദ്ദേഹം.
രണ്ടാമത് സൂചിപ്പിച്ച മരണത്തിലെ ആള്‍ എങ്ങനെയുള്ളവളായിരുന്നുവെന്ന് വ്യക്തിപരമായി എനിക്കറിയില്ല. പക്ഷേ അവരുടെ ബന്ധുക്കളും ചുറ്റുപാടുകളും സമ്പന്നരായിരുന്നു. സഭയിലും സമൂഹത്തിലും സ്ഥാനമാനങ്ങളുള്ളവരായിരുന്നു.
 ചില ജീവിതങ്ങള്‍ മരണത്തിന് ശേഷമാണ് അമരത്വം പ്രാപിക്കുന്നത്. കത്തോലിക്കാസഭ വണങ്ങുന്ന ഭൂരിപക്ഷം ജീവിതങ്ങളും അങ്ങനെ തന്നെയാണ്. ജീവിച്ചിരുന്നപ്പോള്‍ അധികമാരും ഓര്‍മ്മിക്കപ്പെടാതെയും എന്നാല്‍ പലരാലും അവഗണിക്കപ്പെട്ടും കഴിഞ്ഞിരുന്നവര്‍. (അപവാദമായി ഒരു മദര്‍ തെരേസയോ ചാവറയച്ചനോ മാത്രം) നമ്മുടെ അല്‍ഫോന്‍സാമ്മ അങ്ങനെയൊരാളായിരുന്നു. ആരും പ്രത്യേകമായി പരിഗണിക്കാതിരുന്നവള്‍.. മാത്രവുമല്ല നല്ലതോതില്‍ അവഗണനയും തിരസ്‌ക്കരണവും തെറ്റുദ്ധാരണയും ഏറ്റുവാങ്ങിയിട്ടുമുണ്ട്. മരണച്ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണവും പൂച്ചെണ്ടുകളുമൊക്കെ സമൂഹത്തില്‍ മരിച്ച വ്യക്തിക്കും അയാളുടെ തൊട്ടടുത്ത ബന്ധുവിനും ഉള്ള സ്ഥാനങ്ങളുടെ അടയാളപ്പെടുത്തലുകള്‍ കൂടിയാണ്. പണവും പ്രശസ്തിയും തറവാട്ടുമഹിമയും പാരമ്പര്യവുമെല്ലാം അവിടെ പ്രാധാന്യം കൈവരിക്കുന്നുണ്ട്. ഒപ്പീസു ചൊല്ലാനെത്തുന്ന വൈദികരുടെ എണ്ണം, കന്യാസ്ത്രീമാരുടെ എണ്ണം.. എല്ലാം അതിന്റെ ഭാഗമാണ്.
നിസ്വനും പറയാന്‍ കുടുംബമഹിമകള്‍ ഇല്ലാത്തവരുമാണെങ്കില്‍ വളരെ അടുത്ത ബന്ധുക്കളും അയല്‍ക്കാരുമായി ഒതുങ്ങിപ്പോകുന്നു പല സംസ്‌കാരച്ചടങ്ങുകളും. അല്‍ഫോന്‍സാമ്മയുടെ ശവസംസ്‌കാരച്ചടങ്ങ് എണ്ണത്തിലും വണ്ണത്തിലും കുറവായിരുന്നുവെന്നാണ് ചരിത്രം. രോഗിയായി മഠത്തില്‍ ജീവിച്ചുമരിച്ച ഒരു പാവം കന്യാസ്ത്രീയുടെ മരണത്തില്‍ ആര് ഓടിക്കുടാനാണ്? എന്നാല്‍ ഒരു പ്രൊവിന്‍ഷ്യാളോ അതുമല്ലെങ്കില്‍ മദര്‍ സുപ്പീരിയര്‍ എങ്കിലുമായിരുന്നുവെങ്കില്‍ കുറച്ചാളുകള്‍ കൂടി  വരുമായിരുന്നു. അതുമുണ്ടായില്ല. പക്ഷേ ആ മരണത്തിന് ശേഷം എന്താണ് സംഭവിച്ചത് എന്ന് നമുക്കറിയാം. ചില മരണങ്ങള്‍ അങ്ങനെയാണ്. സുഗന്ധം പ്രസരിപ്പിക്കുന്നവയായി അത് മാറും.
പറഞ്ഞുവരുന്നത് ഇതാണ്.  ഓരോ മരണവും  മരണാനന്തരച്ചടങ്ങുകളും നമ്മുടെയെല്ലാം ജീവിതങ്ങള്‍ക്ക് കിട്ടുന്ന സാക്ഷ്യപത്രങ്ങള്‍ കൂടിയാണ്. ഒരാളുടെ ജീവിതം എങ്ങനെയായിരുന്നു, അയാള്‍ മറ്റുള്ളവര്‍ക്ക് ആരായിരുന്നു, എന്തായിരുന്നു എന്നെല്ലാം തെളിഞ്ഞുകിട്ടുന്നത് അയാളുടെ മരണത്തിലും മരണത്തിന് ശേഷവുമാണ്. ചിലരുടെ ജീവിതങ്ങള്‍ ശവക്കുഴിയില്‍ അവസാനിക്കുന്നവയാണ്. അതിന് ശേഷം ആ ജീവിതംവളരെ വേണ്ടപ്പെട്ടവരൊഴികെ ആരും ഓര്‍മ്മിക്കുന്നില്ല.  പ്രിയപ്പെട്ടവരുടെ അന്ത്യത്തോടെ ആ ഓര്‍മ്മകളും ഇല്ലാതാകും. കുടുംബവഴിയുടെ നാള്‍ചരിത്രങ്ങളില്‍ വെറും പരാമര്‍ശിതരാകുന്ന പേരുകള്‍ മാത്രം. അതുകൊണ്ട് എല്ലാവരെയും പ്രീതിപ്പെടുത്താനൊന്നും കഴിഞ്ഞില്ലെങ്കിലും ഭേദപ്പെട്ട രീതിയിലെങ്കിലും ജീവിക്കുക. സ്‌നേഹം കൊണ്ട് പരിസരങ്ങളെ നിറയ്ക്കാന്‍ ശ്രമിക്കുക. അവനവര്‍ക്കു വേണ്ടി ജീവിക്കുന്നവരെയോ മറ്റുള്ളവരെ പരിഗണിക്കാത്തവരുടെയോ ജീവിതങ്ങള്‍ കൊണ്ട്  ഈ ഭൂമിക്ക് അത്രമേല്‍ ഗുണങ്ങളൊന്നും ഉണ്ടാവുകയില്ല. സ്‌നേഹമുള്ളവരുടെയും സ്‌നേഹിക്കാന്‍ അറിയുന്നവരുടെയും ജീവിതങ്ങളൊന്നും മരണം കൊണ്ട് അവസാനിക്കുന്നവയല്ല. അവരുടെ ശവകുടീരങ്ങള്‍ കാലക്രമേണ തീര്‍ത്ഥാടന കേന്ദ്രങ്ങളായി മാറും.  പക്ഷേ അതൊരിക്കലും അവരെ വിശുദ്ധരായി പേരു ചൊല്ലി വിളിക്കുന്നതുകൊണ്ട്  മാത്രം സംഭവിക്കുന്നവയല്ല.
ചില ജീവിതങ്ങളെക്കുറിച്ച് ഞാനോര്‍മ്മിക്കുന്നുണ്ട് ഇപ്പോള്‍.. എല്ലാവരെയും സ്‌നേഹിച്ചും പരിഗണിച്ചും കടന്നുപോയവരാണവര്‍. അകാലമെന്ന് നാം വിധിയെഴുതുന്ന സമയത്ത് അരങ്ങൊഴിഞ്ഞവര്‍. എന്നിട്ടും അവരെക്കുറിച്ചോര്‍മ്മിക്കുമ്പോള്‍ അനേകം വര്‍ഷങ്ങള്‍ക്കിപ്പുറവും ചിലരുടെയൊക്കെ കണ്ണ്   നിറയുന്നത് കണ്ടിട്ടുണ്ട്. ജീവിതം പോലെ തന്നെ മരണവും പ്രിയപ്പെട്ടതാകുന്നത് ഇത്തരം ജീവിതങ്ങളെക്കുറിച്ച് ഓര്‍മ്മിക്കുമ്പോഴാണ്.
അല്‍ഫോന്‍സാമ്മയെക്കുറിച്ചുള്ള മറ്റൊരു ചിന്ത ഇതാണ്. ആ മനസിന്റെ വിശുദ്ധിയും പ്രവൃത്തിയുടെ നൈര്‍മ്മല്യവും കൂടെയുളളവരാരും തിരിച്ചറിഞ്ഞില്ല. കുറവുകളോടെ കാണാനും വിലയിരുത്താനുമായിരുന്നു അവര്‍ക്ക് താല്പര്യം. മറ്റുള്ളവരെ മനസ്സിലാക്കുകയും അവരുടെ ഹൃദയത്തിന്റെ വെളിച്ചം കണ്ടെത്തുകയും ചെയ്യുക എന്നത് ഇന്നും വൈഷമ്യമേറിയ കാര്യമാണ്.  നമ്മുടെയൊക്കെ ചുറ്റുവട്ടങ്ങളില്‍, ഓഫീസുകളില്‍ എന്തിന് കുടുംബത്തില്‍ തന്നെ നാം തിരിച്ചറിയാതെ പോകുന്ന നന്മകള്‍ എത്രയോ അധികമാണ്. ഇണയെ എന്നും കുറ്റങ്ങളോടും കുറവുകളോടും കൂടി മാത്രം കാണുന്ന എത്രയോ പേരുണ്ട്.. ഇണയെ ലോകം മുഴുവന്‍ അംഗീകരിക്കുമ്പോഴും ആ നന്മകളില്‍ ഒന്നുപോലും കാണാന്‍ കഴിയാതെ പോകുന്നവരില്ലേ?
വര്‍ഷം പലതായി ഒരേ ഓഫീസില്‍ ജോലി ചെയ്തിട്ടും ഒപ്പമുള്ള ആളെക്കുറിച്ച് ഒരു നന്മപോലും പറയാന്‍ കഴിയാതെ പോകുന്നവരുമില്ലേ? മേലധികാരിയില്‍ നിന്ന് ഒരു നല്ലവാക്കുപോലും ഇതേവരെ കിട്ടാത്ത എത്രയോ പേര്‍..! ഒരാളെക്കുറിച്ച് നല്ലതുപറയാന്‍ അയാളുടെ റിട്ടയര്‍മെന്റോ മരണമോ  വേണ്ടിവരുന്നു എന്നത് ഖേദകരമാണ്. അതുകൊണ്ട് നന്മയുടെ പൊന്‍വെളിച്ചങ്ങളിലേക്ക് നാം കണ്ണുകള്‍തുറന്നുവയ്ക്കുക. മറ്റുള്ളവരെ മനസ്സിലാക്കാനും അവരുടെ നന്മകള്‍ ഏറ്റുപറയാനും സന്നദ്ധരാവുക.
ആത്മരതിയുടെ ആല്‍ബങ്ങളായി മാറിയിട്ടുണ്ട് നമ്മുടെ ഒട്ടുമിക്ക ഫേസ്ബുക്ക് പേജുകളും. പേരിനും പ്രശസ്തിക്കും ലൈക്കിനും വേണ്ടി നാം എന്തെല്ലാമാണ് അവിടെ കാട്ടിക്കൂട്ടുന്നത്. പ്രഭാതഭക്ഷണം പാകം ചെയ്ത് മേശയില്‍ നിരത്തിയതുമുതല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ചമ്മന്തിപൊടി വാങ്ങിയതുവരെ ഫോട്ടോയെടുത്ത് സ്ഥിരമായി ഫേസ്ബുക്കില്‍ ഇടുന്നവരുണ്ട്. ക്രമാതീതമായതും ആവര്‍ത്തിക്കപ്പെടുന്നതുമായ ഈ സ്വഭാവം പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള നമ്മുടെ ഉളളിലെ ദാഹത്തെയാണ് വ്യക്തമാക്കുന്നത്. എല്ലാവരും എന്നെ കാണണം.. ഞാന്‍ ചെയ്യുന്നതിനെ പ്രശംസിക്കണം.. ഇതൊക്കെയാണ് നമ്മുടെ ഉള്ളിലിരുപ്പ്.
അവിടെയാണ് അറിയപ്പെടാതിരിക്കാനുള്ള ആഗ്രഹത്തിന് വേണ്ടിയുള്ള അല്‍ഫോന്‍സാമ്മയുടെ പ്രാര്‍ത്ഥന നമ്മെ നടുക്കിക്കളയുന്നത്. ഏറിയും കുറഞ്ഞും അറിയപ്പെടാനുള്ള ആഗ്രഹം എല്ലാവരിലുമുണ്ട്, ഏതവസ്ഥയിലും. എന്നിട്ടും അറിയപ്പെടാതിരിക്കാനുള്ള അല്‍ഫോന്‍സാമ്മയുടെ ആഗ്രഹമല്ല അതൊരു പ്രാര്‍ത്ഥനയാക്കി മാറ്റിഎന്നതാണ്  അത്ഭുതം. എന്നിട്ടും ദൈവം അവളെ അറിയപ്പെട്ടവളാക്കി. അതാണ് ഏറ്റവും വലിയ അത്ഭുതം.
ദൈവം ഒരാളെ മാനിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അയാള്‍ ഉയരുക തന്നെ ചെയ്യും. സ്വയം ഉയരാന്‍ ശ്രമിക്കുന്പോഴാണ് നാം വീണുപോകുന്നത്. ചിലര്‍ക്കൊക്കെ വിചാരമുണ്ട് അവാര്‍ഡ് കിട്ടിയില്ലെങ്കില്‍, പ്രശംസാപത്രങ്ങള്‍ കിട്ടിയില്ലെങ്കില്‍ തന്‍റെ പേരിന് വലുപ്പമുണ്ടാവില്ലല്ലോയെന്ന്. പേരിനും പ്രശസ്തിക്കും വേണ്ടിയുള്ള അനിയന്ത്രിതമായ ശ്രമങ്ങളുടെയും ആഗ്രഹങ്ങളുടെയും മേല്‍ ഇത്തിരിയൊക്കെ നിയന്ത്രണം വേണമെന്നാണ് അല്‍ഫോന്‍സാമ്മ പറയുന്ന മറ്റൊരു കാര്യം. ദൈവം തരുന്ന പ്രശസ്തി നല്ലതാണ്..ദൈവം തരുന്ന അംഗീകാരവും. അതിനപ്പുറം ജഡ്ജിംങ് കമ്മറ്റിയെസ്വാധീനിച്ചും താന്‍ ആയിരിക്കുന്ന പദവിയെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് എന്നെ ശുപാര്‍ശ ചെയ്യണമെന്ന് രഹസ്യമായി കത്തയച്ചുമൊക്കെ നേടിയെടുക്കുന്ന അവാര്‍ഡുകളും ആദരവുകളും അതില്‍ തന്നെ നിന്ദ്യമാണ്. ദൈവം അതൊരിക്കലും ആഗ്രഹിക്കുന്നവയുമല്ല.
അല്‍ഫോന്‍സാമ്മയെ പോലെയുള്ള അനേകം പുണ്യപ്പെട്ട ജീവിതങ്ങള്‍ നമ്മോട് പറയുന്നതും അതുതന്നെയാണ്. ലോകം തരുന്ന അവാര്‍ഡുകളല്ല സ്വര്‍ഗ്ം തരുന്ന അവാര്‍ഡുകള്‍ക്കായി ജീവിതത്തെ ക്രമപ്പെടുത്തുക.

ഈ തിരുനാള്‍ ദിനത്തില്‍ അല്‍ഫോന്‍സാമ്മ നമ്മോട് പറയുന്നത്ഇതൊക്കെ തന്നെയാണ്. ഒപ്പമുള്ളവരെ കൂടെകൂട്ടുക..അവരെ പരിഗണിക്കുക..സ്‌നേഹിക്കുക..ആദരിക്കുക. സഹായിക്കുക.. നമുക്ക് സ്‌നേഹിക്കാന്‍ ഈ നിമിഷമേയുള്ളൂ..പരിഗണിക്കാന്‍ ഈ മണിക്കൂറേയുള്ളൂ.. പരിഗണിക്കാതെയും സ്‌നേഹിക്കാതെയും കടന്നുപോകുന്നവരുടെ മരണംപോലും ആരെയും വേദനിപ്പിക്കില്ല. കാലം തികഞ്ഞും തികയാതെയുമുള്ള മരണത്തിലും. അവനവരെ തന്നെ കാര്യമായി ഗൗനിക്കാതെ മറ്റുള്ളവരെ കാര്യമായിട്ടെടുക്കുക. പേരും പ്രശസ്തിയും നല്ലതാണെങ്കിലും അതിന് വേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കാതെ ദൈവം തരുന്ന അംഗീകാരത്തിന് വേണ്ടി ജീവിക്കുക.

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login