വെളിച്ചത്തിലേക്ക് നോക്കുക

വെളിച്ചത്തിലേക്ക് നോക്കുക

ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന് ഒരാള്‍ക്കു പറയാന്‍ സാധിക്കണമെങ്കില്‍ അയാളുടെ ഉള്ളില്‍ എന്തുമാത്രം പ്രകാശമുണ്ടായിരിക്കണം എന്ന് ക്രിസ്തുവിന്റെ വാക്കുകളെ ധ്യാനിക്കുമ്പോഴൊക്കെ ഞാന്‍ ആലോചിച്ചുപോകുന്നു. ഈ ലോകത്തില്‍ എത്രയോ മതനേതാക്കന്മാരുണ്ടായിട്ടുണ്ട്. എന്നിട്ടും ഒരാള്‍ക്കുപോലും ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു എന്നു പറയാന്‍ സാധിച്ചിട്ടില്ല. പക്ഷേ അങ്ങനെ ഒരാള്‍ പറഞ്ഞു. ഒരാള്‍ മാത്രം പറഞ്ഞു. ക്രിസ്തു. അതോടെ ലോകമെങ്ങും പ്രഭാമയമായി. ആ വെളിച്ചത്തിനുമുമ്പില്‍ കാലം കൈകള്‍ കൂപ്പി.

ക്രിസ്തുവിന്റെ ജനനസമയത്ത് ആകാശത്ത് ഒരു താരകമുദിച്ചുവെന്നാണു വിശ്വാസം. എല്ലാ ശിശുക്കളുടെയും ജനനവും ലോകത്തിനു വെളിച്ചമാകേണ്ടതാണ്. പക്ഷേ, എല്ലാ ജനനവും പ്രകാശമാകുന്നില്ല. മാത്രവുമല്ല പ്രകാശമാകേണ്ട വെളിച്ചങ്ങളെ ഊതിയണയ്ക്കാനും ശ്രമിക്കാറുണ്ട്. ഹേറോദോസ് ഉദാഹരണം. അതുപോലെ എത്രയോ കുഞ്ഞുങ്ങളെയാണ് നാം വെളിച്ചത്തിന്റെ ആകാശം കാണിക്കാതെ പോകുന്നത്.

അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന ജനത വെളിച്ചം കണ്ടുവെന്നാണ് ക്രിസ്തുവിനെക്കുറിച്ചുള്ള സൂചന. എല്ലാ വിളക്കുകളും തെളിയുന്നത് ക്രിസ്തു എന്ന സൂര്യവെളിച്ചത്തില്‍ നിന്നാണ്. എല്ലാ വിളക്കുകളെയും പ്രകാശിപ്പിക്കാന്‍ കഴിയുന്ന എണ്ണ ആ വിളക്കിലുണ്ട്. പക്ഷേ എന്തുചെയ്യാം അതില്‍നിന്ന് നാം നമ്മിലേക്കതു പകര്‍ത്തിയെടുക്കുന്നില്ല.

ക്രിസ്തു എന്ന വെളിച്ചത്തെ സ്വീകരിക്കാന്‍ തക്ക തയ്യാറെടുപ്പുകള്‍ എടുക്കാതെ പോയവരാണ് ആ പഞ്ചകന്യകകള്‍. ക്രിസ്തുവിനെ സ്വീകരിക്കാന്‍, ആ വെളിച്ചത്തിലേക്കു നീങ്ങിനില്ക്കാന്‍ ചില തയ്യാറെടുപ്പുകള്‍ നാം നടത്തേണ്ടതുണ്ട്. ജാഗ്രത, സൂക്ഷ്മത…

ക്രിസ്തുവിലേക്കു നോക്കാത്തതാണ് നമ്മുടെ ഇന്നത്തെ എല്ലാ പ്രശ്‌നങ്ങളുടെയും ഉറവിടം. ക്രിസ്തുവിനെ നോക്കാത്തതാണ് നമ്മുടെ ജീവിതങ്ങളില്‍ വെളിച്ചം കടന്നുവരാത്തതിന്റെ കാരണം. ജീവിതത്തിന്റെ സന്തോഷങ്ങളില്‍, സംതൃപ്തികളില്‍ ക്രിസ്തുവിലേക്കു നോക്കാനും ഹാലേലൂയ്യ പാടാനും വളരെയെളുപ്പമാണ്. എന്നാല്‍ തിരസ്‌ക്കരണങ്ങളുടെയും അവഗണനകളുടെയും അവഹേളനങ്ങളുടെയും മധ്യത്തിലോ? കൊടിയ പീഡനങ്ങളുടെയും ദുരിതങ്ങളുടെയും മരണകരമായ വേദനകളുടെയും നിമിഷത്തിലോ… എത്ര പേര്‍ക്ക് കഴിയുമത്?

നോട്ടം രണ്ടുതരത്തിലുണ്ട്. ആത്മാവില്‍ മുട്ടി വിളിക്കുന്ന നോട്ടവും, കണ്ടിട്ടും ആത്മാവിലേക്ക് എത്താത്തതുമായ നോട്ടവും. ആത്മാവില്‍ എത്തുന്ന, മുട്ടിവിളിക്കുന്ന നോട്ടമാണ് മാറ്റങ്ങള്‍ക്കു കാരണമാകുന്നത്. എസ്തപ്പാനോസ് അങ്ങനെ നോക്കിയ വ്യക്തിയാണ്. സഭയിലെ ആദ്യ രക്തസാക്ഷി. പീഡനങ്ങളുടെ മധ്യത്തില്‍ സ്റ്റീഫന്‍ നോക്കിയത് ആ പ്രകാശത്തിലേക്കാണ്. മുഖമുയര്‍ത്തിയത് ആ പ്രകാശത്തിനു നേര്‍ക്കാണ്. അപ്പോള്‍ സ്വര്‍ഗ്ഗം അവന്റെ അരികത്തായി… അവന്‍ സ്വര്‍ഗ്ഗത്തിലായി… സഭയിലെ ആദ്യ രക്തസാക്ഷിയായി…

പ്രകാശം കാഴ്ചയുടെ ഉത്സവമാണ്. രാവിനെയും പകലിനെയും വേര്‍തിരിക്കുന്ന വെളിപാടിന്റെ സൂര്യോദയമാണ്. അതു കാഴ്ചകളെ വ്യക്തമാക്കുന്നു… കാഴ്ചപ്പാടുകളെ തിരുത്തിത്തരുന്നു. പ്രകാശത്തെക്കുറിച്ച് നാം ചിന്തിക്കുന്നത് ഇരുള്‍ കണ്‍മുമ്പില്‍ നിറയുമ്പോഴാണ് ഇനി തപ്പിത്തടഞ്ഞു നീങ്ങാന്‍ കരുത്തില്ലെന്നു മനസ്സിലാകുമ്പോഴാണ്.

മുന്നോട്ടുനീങ്ങാന്‍ പ്രകാശം നമുക്കു ധൈര്യം നല്കുന്നു. ക്രിസ്തു അത്തരമൊരു പ്രകാശമാണ്. ക്രിസ്തുവെന്ന വെളിച്ചത്തിലായിരിക്കണം നമ്മുടെ യാത്രകള്‍. ആ യാത്രയില്‍ തടസ്സങ്ങളുണ്ടാവില്ലെന്നു കരുതരുത്… പീഡനങ്ങളുണ്ടാവില്ലെന്നു തെറ്റിദ്ധരിക്കരുത്… എല്ലാം ഉണ്ടാവും. പക്ഷേ അവയെല്ലാം സഹിക്കാന്‍ നമുക്ക് ത്രാണിയുണ്ടാവും.
ഇരുള്‍ നിറയുമ്പോഴാണു നാം പ്രകാശത്തെക്കുറിച്ചോര്‍ക്കുന്നത്. ഇരുളിനപ്പുറം വെളിച്ചമുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ പ്രകാ ശത്തെ നാം ആഗ്രഹിക്കുന്നു. അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി എന്നാണ് സങ്കീര്‍ത്തനവചനം.

ഇനി സങ്കടങ്ങളുണ്ടാകുമ്പോള്‍, തിരസ്‌ക്കരണങ്ങളുണ്ടാകുമ്പോള്‍, അപമാനങ്ങളും നഷ്ടപ്പെടലുകളുമുണ്ടാവുമ്പോള്‍… അവിടുത്തെ നോക്കുക… ഇന്നും നമ്മുടെ മുഖം മങ്ങിയിരിക്കുന്നുവെങ്കില്‍, ദു:ഖത്തിന്റെയും നിരാശയുടെയും കടലില്‍ മുങ്ങിത്താഴുകയാണെങ്കില്‍ അതിനെല്ലാം കാരണം അതാണ്. അവിടുത്തെ നാം നോക്കുന്നില്ല. അതിനാല്‍ നാം പ്രകാശിതരാകുന്നുമില്ല.

നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ’ എന്നാണ് പ്രാര്‍ ത്ഥന. ന്യൂമാന്റെ മാത്രം പ്രാര്‍ത്ഥനയാവേണ്ടതല്ല അത്. നമ്മുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയാവേണ്ടതാണ് അത്.

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login