സ്‌നേഹവും സന്തോഷവുമാണ് നാം ദൈവത്തോട് ചോദിക്കേണ്ടത്; മാര്‍പാപ്പ

സ്‌നേഹവും സന്തോഷവുമാണ് നാം ദൈവത്തോട് ചോദിക്കേണ്ടത്; മാര്‍പാപ്പ

വത്തിക്കാന്‍: ക്രിസ്തുവിന്റെ സ്‌നേഹം അനന്തവും സത്യവുമാണെന്നും അതാണ് നാം ദൈവത്തോട് ചോദിക്കേണ്ടതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.സാന്താ മാര്‍ത്തയില്‍ ദിവ്യബലി അര്‍പ്പിച്ച് വചനസന്ദേശം നല്കുകയായിരുന്നു പാപ്പ.

ഒരു ക്രൈസ്തവന്റെ പ്രധാനപ്പെട്ട ദൗത്യം എന്ന് പറയുന്നത് ആനന്ദവും ക്രിസ്തുവിന്റെ സ്‌നേഹവും മറ്റുള്ളവര്‍ക്ക് നല്കുക എന്നതാണ്. എന്റെ പിതാവ് എന്നെ സ്‌നേഹിച്ചതുപോലെ ഞാന്‍ നിങ്ങളെയും സ്‌നേഹിക്കുന്നു എന്ന തിരുവചനഭാഗം ഉദ്ധരിച്ചുകൊണ്ട് പാപ്പ തുടര്‍ന്നു.

തന്നോട് ചേര്‍ന്നുനില്ക്കുവാനും തന്റെ കല്പനകള്‍ അനുസരിക്കുവാനുമാണ് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത്. പത്തുകല്പനകള്‍ തീര്‍ച്ചയായും അടിസ്ഥാനമാണ്. എന്നാല്‍ ക്രിസ്തു നമ്മെ പഠിപ്പിച്ച എല്ലാ കാര്യങ്ങളും പിന്തുടരുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നവര്‍ കൂടിയാണ് നാം. ലോകം പലവിധത്തിലുളള സ്‌നേഹം നമുക്ക് നല്കുന്നുണ്ട്. പണം,പൊങ്ങച്ചം, അഹങ്കാരം ഇവയെല്ലാം അത്തരത്തിലുള്ള സ്‌നേഹങ്ങളാണ്.

ക്രിസ്തു നമ്മെ പഠിപ്പിച്ചിരിക്കുന്നത് സ്‌നേഹത്തിന്റെ രീതിയാണ്. തുറന്ന ഹൃദയം ഉണ്ടായിരിക്കണം എന്നാണ്. അതിരുകളില്ലാതെ സ്‌നേഹിക്കണമെന്നാണ്. അടുത്തകാലത്ത് താന്‍ മെത്രാനായി നിയമിച്ച ഒരു വൈദികന്റെ അനുഭവം പാപ്പ വിശദീകരിച്ചു.

മെത്രാനായ വിവരം പറയാന്‍ അദ്ദേഹം തന്റെ പിതാവിന്റെ അടുക്കലേയ്ക്ക് പോയി.. ആ പിതാവ് വളരെ ലളിതമായ ജീവിതം നയിച്ച വ്യക്തിയായിരുന്നു. കോളജില്‍ പോകാത്ത വ്യക്തി. പക്ഷേ അദ്ദേഹത്തിന് ജ്ഞാനമുണ്ടായിരുന്നു. രണ്ട് നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം തന്റെ മകന് നല്കിയത്. അനുസരിക്കുക, ആളുകള്‍ക്ക് ആനന്ദം നല്കുക. നമ്മള്‍ ക്രൈസ്തവര്‍- അല്മായര്‍, പുരോഹിതര്‍, സന്യസ്തര്‍, മെത്രാന്മാര്‍- ആളുകള്‍ക്ക് ആനന്ദം കൊടുക്കണം. ക്രൈസ്തവദൗത്യം അതാണ്. പാപ്പ ഓര്‍മ്മിപ്പിച്ചു.

You must be logged in to post a comment Login