മദ്യനയം; 1001 പേരുടെ നില്പു സമരം 19 ന്

മദ്യനയം; 1001 പേരുടെ നില്പു സമരം 19 ന്

കൊച്ചി: കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാരിന്റെ ജനദ്രോഹ മദ്യനയത്തിനെ തിരെ കെ.സി.ബി.സി.മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തില്‍ 2017 ജൂണ്‍ 19 തിങ്കളാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ എറണാകുളം ടൗണ്‍ഹാളിനു മുന്നില്‍ 1001 പേരുടെ പ്രതീകാത്മക നില്പുസമരം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ചാര്‍ളി പോള്‍ അറിയിച്ചു. 101 പേരുടെ അഖണ്ഡ മദ്യവിരുദ്ധ പ്രസംഗങ്ങളും ഇതോടനുബന്ധിച്ച് നടക്കും. വിവിധ മത-സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ നേതാക്കള്‍ നില്പു സമരത്തില്‍ പങ്കാളികളാകും.

കേരളത്തിലെ മുഴുവന്‍ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും മദ്യവിരുദ്ധ മനോഭാവമുള്ള മുഴുവന്‍ സംഘടനകളെയും അണിനിരത്തിയാണ് നില്പു സമരം സംഘടിപ്പിക്കുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കാതിരിക്കുക, പഞ്ചായത്ത് രാജ് – നഗരപാലികാ ബില്ലിലെ 232, 447 വകുപ്പുകള്‍ പുന:സ്ഥാപിക്കുക, പുതിയ ബാറുകള്‍ അനുവദിക്കാതിരിക്കുക, എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ വാഗ്ദാനം നല്‍കിയ, മദ്യലഭ്യതയും ഉപഭോഗവും കുറയ്ക്കുന്ന മദ്യനയം ആവഷ്‌കരിക്കുക, ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നില്പുസമരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികളായ ജസ്റ്റിസ് പി.കെ.ഷംസുദ്ദീന്‍, അഡ്വ.ചാര്‍ളി പോള്‍, ഫാ.ജേക്കബ് വെള്ളമരുതുങ്കല്‍, പ്രസാദ് കുരുവിള, ഫാ. സെബാസ്റ്റ്യന്‍ വട്ടപ്പറമ്പില്‍, ഫാ.ജോര്‍ജ് നേരേവീട്ടില്‍ എന്നിവര്‍ അറിയിച്ചു.

മറ്റു പ്രക്ഷോഭ-സമരപരിപാടികള്‍ കെ.സി.ബി.സി. യുടെ നേതൃത്വത്തില്‍ ജൂണ്‍ 15 ന് ഉച്ചയ്ക്ക് 1.30 ന് പാലാരിവട്ടം പി.ഒ.സി.യില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

You must be logged in to post a comment Login