തട്ടിക്കൊണ്ടുപോകല്‍; മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക്കെ​തി​രേ പോ​ലീ​സ് കേസ്

തട്ടിക്കൊണ്ടുപോകല്‍; മ​ല​യാ​ളി ക​ന്യാ​സ്ത്രീ​ക്കെ​തി​രേ  പോ​ലീ​സ് കേസ്

ന്യൂഡൽഹി:  മലയാളി കന്യാസ്ത്രീക്കെതിരേ തട്ടിക്കൊണ്ടുപോകലിനു മധ്യപ്രദേശ് പോലീസ് കേസെടുത്തു.  ജാർഖണ്ഡിൽനിന്നു ഭോപ്പാലിലേക്കു സത്ന എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ചൊവ്വാഴ്ച രാത്രി 11.40നു ട്രെയിനിൽ നിന്നിറക്കി റെയിൽവേ പോലീസ് 12 മണിക്കൂറോളം തടഞ്ഞുവച്ച സിസ്റ്റർ ബീന ജോസഫിനെതിരെയാണ് പോലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.

ആദിവാസി യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനു കൊണ്ടുപോകുകയാണെന്ന ബജരംഗ്ദൾ പ്രവർത്തകരുടെ പരാതിയിലായിരുന്നു അർധരാത്രിയിലുള്ള പോലീസ് നടപടി. ഇതേ തുടർന്ന് സബ് ജുഡീഷൽ മജിസ്ട്രേറ്റിനു മുന്പാകെ ഹാജരാക്കിയ ഇവരെ ആരോപണങ്ങൾ കളവാണെന്നു തെളിഞ്ഞതിനെ തുടർന്ന് വിട്ടയയ്ക്കുകയായിരുന്നു. നിർബന്ധ മതപരിവർത്തനം നടത്തിയെന്ന പരാതി കളവാണെന്നു തെളിഞ്ഞതിനു പിന്നാലെയാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുറ്റം ചുമത്തി സത്ന റെയിൽവേ പോലീസ് കേസെടുത്തത്.

പെണ്‍കുട്ടിക്കു പ്രായപൂർത്തിയായില്ലെന്ന ആരോപണവും തെറ്റാണെന്നിരിക്കേയാണ് സബ് ജുഡീഷൽ മജിസ്ട്രേറ്റ് ഇടപെട്ട് മോചിപ്പിച്ച സിസ്റ്റർ ബീന ജോസഫിനെതിരേയുള്ള പുതിയ നടപടി.

20 വയസുള്ള പെണ്‍കുട്ടിയുടെ ആധാർ കാർഡിൽ ജനന തീയതി തെറ്റായി രേഖപ്പെടുത്തിയതാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും ഇതു പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് തട്ടിക്കൊണ്ടുപോയെന്ന പേരിൽ പുതിയ കേസെടുത്തത്.
ട്രെയിനിൽ യാത്ര ചെയ്തിരുന്ന കന്യാസ്ത്രീക്കും സംഘത്തിനുമെതിരേ അർധരാത്രിയിൽ പോലീസ് നടപടിയുണ്ടായതിലും പരാതി വ്യാജമാണെന്ന് അറിഞ്ഞിട്ടും പുതിയ കേസെടുത്തതിലും വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ഭോപ്പാൽ അതിരൂപതയും വിവിധ ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

You must be logged in to post a comment Login