പത്തനംതിട്ട: മഞ്ഞനിക്കരയിൽ കബറടക്കിയിരിക്കുന്ന പരിശുദ്ധ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ 86-ാമത് ഓർമപ്പെരുന്നാൾ ഫെബ്രുവരി നാലു മുതൽ 10 വരെ നടക്കും.
ജർമനിയിൽനിന്നുള്ള ആർച്ച് ബിഷപ് മാർ പീലക്സിനോസ് മത്തിയാസ് നയീസ്, ബൽജിയം-ഫ്രാൻസ്- ലക്സംബർഗ് ആർച്ച്ബിഷപ് മാർ ജോർജ് ഖൂറി എന്നിവർ പെരുന്നാൾ ശുശ്രൂഷകളിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ ശ്ലൈഹിക പ്രതിനിധികളായി പങ്കെടുക്കുമെന്നു ദയറാ തലവൻ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, യാക്കാബോയ സഭാ തുന്പമണ് ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഫെബ്രുവരി നാലിനു രാവിലെ ദയറാ കത്തീഡ്രലിൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കു ശേഷം യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പാത്രിയർക്കാ പതാക ഉയർത്തും. വൈകുന്നേരം ആറിന് ഓമല്ലൂർ കുരിശിങ്കൽ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റും. അഞ്ചു മുതൽ ഏഴുവരെ കണ്വൻഷൻ നടക്കും. ആറിനു രാവിലെ 9.30ന് ധ്യാനയോഗം.
ഒന്പതിന് ഉച്ചകഴിഞ്ഞു തീർഥാടകരെ കബറിങ്കലേക്കു സ്വീകരിക്കും. തുടർന്ന് തീർഥയാത്ര വാർഷിക സമ്മേളനം മാർ പീലക്സിനോസ് മത്തിയാസ് നയിസ് മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്യും. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അധ്യക്ഷതവഹിക്കും. മാർ ജോർജ് ഖൂറി മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും.
10നു പുലർച്ചെ മൂന്നിന് മാർ സ്തേഫാനോസ് കത്തീഡ്രലിൽ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ യും പുലർച്ചെ 5.30ന് ദയറാ പള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ യും കാർമികത്വത്തിൽ കുർബാന. 8.30ന് പെരുന്നാൾ കുർബാനയ്ക്കു പാത്രിയർക്കീസ് ബാവയുടെ പ്രതിനിധികളായ മെത്രാപ്പോലീത്തമാർ മുഖ്യകാർമികരാകും.
You must be logged in to post a comment Login