മാപ്പിളപ്പാട്ട് പാടുന്ന ക്രൈസ്തവ പുരോഹിതന്‍

മാപ്പിളപ്പാട്ട് പാടുന്ന ക്രൈസ്തവ പുരോഹിതന്‍

കലയോടും സംഗീതത്തോടുമുള്ള സ്‌നേഹമാണ് ഈ വൈദികന്റെ ഉള്ളു നിറയെ. സംഗീതത്തില്‍ അദ്ദേഹം ഏറ്റവും ഇഷ്ടപ്പെടുന്നത് മാപ്പിളപ്പാട്ടിനെ. ഇത് ഫാ. സേവേറിയോസ് തോമസ്. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികന്‍. പത്തനംതിട്ട, ആനിക്കാട് മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദയറയുടെ സുപ്പീരിയര്‍.

പത്താം ക്ലാസ് മുതലേ തോമസ് പാടിയിരുന്നു. ആ ശബ്ദം മാപ്പിളപ്പാട്ടിന് അനുയോജ്യമാണെന്ന് കണ്ടെത്തിയത് അയല്‍വാസിയായ ബെന്നിയായിരുന്നു. അദ്ദേഹം വഴിയാണ് മാപ്പിളപ്പാട്ടിന്റെ ഓഡിയോ കാസറ്റുകളുടെ ലോകത്തിലേക്ക് ക്ഷണം കിട്ടിയത്. അപ്പോഴെല്ലാം ചര്‍ച്ച് ക്വയറിലും പാടിയിരുന്നു.സംഗീതപാരമ്പര്യമുള്ള കുടുംബമായിരുന്നു തോമസിന്റേത്. വിവാഹച്ചടങ്ങുകളിലും പ്രോഗ്രാമുകളിലുമെല്ലാം അന്നേ പാടിയിരുന്നു. ഇങ്ങനെ രണ്ടുവര്‍ഷം കടന്നുപോയതിന് ശേഷമാണ് ദൈവവിളി വന്നത്.

വൈദികനായതോടെ മാപ്പിളപ്പാട്ടുകളുടെ ലോകം വിട്ടു. ദേവാലയസംഗീതത്തിലേക്ക് മാത്രമായി ശ്രദ്ധ. അക്കാലത്ത് ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആല്‍ബങ്ങളില്‍ പാടിയിരുന്നു.പക്ഷേ കഴിഞ്ഞ വര്‍ഷം അച്ചന്‍ പാടിയ ഒരു മാപ്പിളപ്പാട്ട് വൈറലായതോടെ വീണ്ടും അദ്ദേഹത്തിലെ മാപ്പിളപ്പാട്ടിനോടുള്ള സ്‌നേഹം തിരികെ വന്നു.

സുപ്പീരിയേഴ്‌സും അപ്പോഴാണ് ഈ ഗാനപ്രതിഭയെ തിരിച്ചറിഞ്ഞത്. മേലധികാരികളുടെ പിന്തുണയും പ്രോത്സാഹനവും തന്നെ ഒരുപാട് സഹായിച്ചതായി അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമായി 25 ല്‍ അധികം സ്റ്റേജ് പ്രോഗ്രാമുകള്‍ ചെയ്തുകഴിഞ്ഞു. പ്രതിഫലം ചെലവഴിക്കുന്നത് ആശ്രമത്തിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ്. മലപ്പുറംഭാഗത്തുനിന്ന് നിരവധി ക്ഷണം വരുന്നുണ്ട്.

പക്ഷേ ആശ്രമത്തിന്റെ ചുമതല ഉള്ളതുകൊണ്ട് എല്ലാം ഏറ്റെടുക്കാന്‍ കഴിയുന്നില്ല. അച്ചന്‍ പറയുന്നു.

You must be logged in to post a comment Login