മാ​​ർ ക്രി​​സോ​​സ്റ്റം മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ രാ​​ജ്യ​​ത്തി​​നു മാ​​തൃ​​ക​​

മാ​​ർ ക്രി​​സോ​​സ്റ്റം  മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ രാ​​ജ്യ​​ത്തി​​നു മാ​​തൃ​​ക​​

തിരുവല്ല: ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ പ്രവർത്തനങ്ങൾ രാജ്യത്തിനു മാതൃകയാണെന്നു മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അഡ്വാനി. തിരുവല്ലയിൽ മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിൽ ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്തയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സാമുദായികമായ വേർതിരിവുകളോ ജാതിമത ചിന്തകളോ ഇല്ലാതെ പ്രവർത്തിക്കാനും സാമൂഹികമായ ഇടപെടലുകൾ നടത്താനും വലിയ മെത്രാപ്പോലീത്തയ്ക്കു കഴിയുന്നുണ്ടെന്ന് അഡ്വാനി പറഞ്ഞു. അടിയുറച്ച ഭാരതീയ സംസ്കാരം പിന്തുടരുന്ന മാർത്തോമ്മാ സഭയുടെ വലിയ ഇടയൻ അനുകരിക്കാൻ കഴിയുന്ന വ്യക്തിത്വമാണ്. മാർ ക്രിസോസ്റ്റമിന്‍റെ ചിന്തകൾക്കും ശൈലിക്കും സമാനതകളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലളിതമായും സരസമായും സംവദിക്കാൻ അദ്ദേഹത്തിന് ഈശ്വരൻ നൽകിയ കഴിവ് സമൂഹത്തിനു ചാലകശക്തിയായി.

മാർത്തോമ്മാസഭയും സാമൂഹികമായ പ്രതിബദ്ധത നിലനിർത്തുന്നതിൽ മാതൃകാപരമായ പങ്കാണ് വഹിക്കുന്നതെന്ന് അഡ്വാനി പറഞ്ഞു.അടിയന്തരാവസ്ഥക്കെതിരേയുള്ള പോരാട്ടത്തിന് മാർത്തോമ്മാ സഭ നൽകിയ പിന്തുണ മഹത്തരമാണ്. ആരുടെയും സ്വാധീനമില്ലാതെ സഭ സ്വീകരിച്ച ഈ നിലപാട് ചരിത്രപരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

നൂറാം ജന്മദിനാഘോഷ പരിപാടിയോടനുബന്ധിച്ചു തപാൽ വകുപ്പ് പുറത്തിറക്കിയ പ്രത്യേക പോസ്റ്റൽ കവറിന്‍റെ പ്രകാശനം ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അഞ്ജലി ആനന്ദ് ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയ്ക്കു നൽകി നിർവഹിച്ചു. ഇതോടൊപ്പം ഭിന്നലിംഗക്കാരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി നവോദയ മൂവ്മെന്‍റിനു തുടക്കമിട്ടു. നൂറു വീടുകൾ നിർമിക്കാൻ സഹായം നൽകാനുള്ള പദ്ധതിയും പ്രഖ്യാപിച്ചു.

രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ, മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ല‌ീമിസ് കാതോലിക്കാ ബാവ, അന്ത്യോക്യൻ പാത്രിയർക്കീസിന്‍റെ പ്രതിനിധിയും ബെയ്റൂട്ട് ആർച്ച്ബിഷപ്പുമായ മാർ ക്ലിമീസ് ദാനിയേൽ, തമിഴ്നാട് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രേയ ജോബി, സഭാ സെക്രട്ടറി റവ. ഉമ്മൻ ഫിലിപ്പ്, സീനിയർ വികാരി റവ. ഡോ.ചെറിയാൻ തോമസ്, സഭാ ട്രസ്റ്റി പ്രകാശ് തോമസ്, വൈദിക ട്രസ്റ്റി റവ. ലാൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. വിവിധ സഭാ മേലധ്യക്ഷൻമാർ, ആന്‍റോ ആന്‍റണി എംപി തുടങ്ങിയവർ പങ്കെടുത്തു.

You must be logged in to post a comment Login