മറയൂർ: പരിചയക്കാരന് ആതിഥേയത്വം നല്കിയപ്പോള് അത് ഇങ്ങനെയാകുമെന്ന് ഫാ. ഫ്രാന്‍സിസ് നെടുംപറന്പന് വിചാരിച്ചിരുന്നില്ല. പക്ഷേ സംഭവിച്ചത് അച്ചന് സ്വപ്നത്തില്‍ പോലും നടക്കാത്ത കാര്യം. ബംഗളൂരു സ്വദേശിയും പരിചയക്കാരനുമായ ഹേമന്ദിനും സുഹൃത്ത് സുദേവിനും പള്ളിക്കെട്ടിടത്തിലെ ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ ഇടം നല്കിയതായിരുന്നു അദ്ദേഹം ചെയ്ത തെറ്റ്. എന്നാല്‍ ചങ്ങാതിമാര്‍ രണ്ടുപേരും കൂടി അച്ചന് രാത്രിഭക്ഷണത്തില്‍ മയക്കുമരുന്ന് നല്കി വന്‍ കവര്‍ച്ച നടത്തി സ്ഥലം വിട്ടു.
വിജയപുരം രൂപതയുടെ മറയൂർ സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലാണ് സംഭവം നടന്നത്. ഒന്നരലക്ഷം രൂപയും ഒരുലക്ഷം രൂപ വിലമതിക്കുന്ന കാമറയും ലാപ്പ് ടോപ്പും മൊബൈൽ ഫോണുമാണ് കവർച്ച ചെയ്യപ്പെട്ടത്. പള്ളിമുറിയിൽ അവശനിലയിൽ കണ്ട വികാരി ഫാ. ഫ്രാൻസിസ് നെടുംപറന്പിനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറയൂർ പള്ളിയിലേക്ക് സ്ഥലംമാറി എത്തുന്നതിനുമുൻപ് ബംഗളുരുവിലെ സെന്റ് ജോസഫ് മെഡിക്കൽ കോളജിൽ ചാപ്ലിനായിരുന്ന അച്ചന് ഇവിടെവച്ചാണ് ഹേമന്ദിനെ പരിചയപ്പെടുന്നത്. പിന്നീട് മറയൂരിലേക്ക് സ്ഥലം മാറിയപ്പോഴും ഫോണിലുടെ ഫാ. ഫ്രാൻസിസുമായി ബന്ധപ്പെടുകയും പരിചയം നിലനിർത്തുകയും ചെയ്തിരുന്നു. 24നു പുലർച്ചെയാണ് ഹേമന്ദും സുഹൃത്ത് സുദേവും മറയൂർ പള്ളിയിലെത്തിയത്. പള്ളിയിലെ അതിഥിമന്ദിരത്തിലാണ് അവര്‍ക്ക് താമസമൊരുക്കിയത്.
അടുത്തദിവസം മറയൂർ മേഖലയിൽ ചുറ്റി സഞ്ചരിച്ചശേഷം വൈകുന്നേരം പള്ളിയിൽ മടങ്ങിയെത്തിയ കൂട്ടുകാരാണ് രാത്രിഭക്ഷണം തയ്യാറാക്കിയതും അച്ചന് വിളന്പിയതും. ഭക്ഷണം കഴിച്ച് കുറച്ചു സമയത്തിനുള്ളിൽതന്നെ വൈദികൻ മയക്കത്തിലായത്രെ. പിന്നീടാണ് കവർച്ച നടത്തിയത്.
പള്ളിവക സ്ഥലത്തുള്ള കരിന്പ് കൃഷിയിലെ ശർക്കര വിറ്റ് ലഭിച്ച ഒന്നരലക്ഷം രൂപയാണ് മുറിയിൽ സൂക്ഷിച്ചിരുന്നത്. ഈ പണവും മൊബൈൽ ഫോണും കാമറയുമാണ് തട്ടിയെടുത്തത്. ഇടവകാംഗങ്ങൾ ഇന്നലെ രാവിലെ കുർബാനക്കെത്തിയപ്പോഴാണ് ഫാ. ഫ്രാൻസിസിനെ അവശനിലയിൽ കണ്ടത്.
പോലീസ് അന്വേഷണം ആരംഭിച്ചു.
You must be logged in to post a comment Login