ദമ്പതികളായ എത്ര വിശുദ്ധരെക്കുറിച്ചറിയാം?

ദമ്പതികളായ എത്ര വിശുദ്ധരെക്കുറിച്ചറിയാം?

വിശുദ്ധരാകാന്‍ കഴിയുന്നത് സന്യസ്തര്‍ക്കും പുരോഹിതര്‍ക്കും മാത്രമാണെന്നാണ് ഭൂരിപക്ഷം പേരുടെയും ചിന്ത. സന്യസ്ത ജീവിതം കുടുംബജീവിതത്തെക്കാള്‍ മെച്ചപ്പെട്ടതാണ് എന്നൊരു തെറ്റായ ധാരണകൊണ്ട് നമ്മുടെ ഉള്ളില്‍കടന്നുകൂടിയതാണെന്ന് തോന്നുന്നു ഇത്തരമൊരു ചിന്ത. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ ആയിരുന്നുകൊണ്ടുതന്നെ വിശുദ്ധപദവിയിലെത്തിയ എത്രയോ പേരുണ്ട് കത്തോലിക്കാസഭയില്‍.

വിശുദ്ധ യൗസേപ്പിതാവും പരിശുദ്ധ കന്യാമറിയവുമാണ് നമ്മുടെ ഓര്‍മ്മയിലേക്ക് ഇപ്രകാരം ആദ്യമായി കടന്നുവരുന്നവര്‍. അതുപോലെ തന്നെ പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളായ യൊവാക്കിമും അന്നായും സ്‌നാപകയോഹന്നാന്റെ മാതാപിതാക്കളായ സക്കറിയായും എലിസബത്തും ബൈബിളില്‍ തന്നെയുള്ള വിശുദ്ധ ദാമ്പത്യങ്ങളുടെ പട്ടികയില്‍ പെടുന്നവരാണ്.

വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ സെലിന്‍ ഗ്വെരിനും മാര്‍ട്ടിനും സമീപകാലത്ത് വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതോടെ അവരും നമുക്ക് പരിചിതരായി.

ഇതുകൂടാതെയുമുണ്ട് കത്തോലിക്കാസഭ വിശുദ്ധരായി വണങ്ങുന്ന ചില പുണ്യപ്പെട്ട ദമ്പതികള്‍.
അവരില്‍ പ്രധാനികളാണ് മൂന്ന് വിശുദ്ധരായ മക്കള്‍ക്ക് ജന്മം നല്കിയ ദമ്പതികളായ സെന്റ് ഗ്രിഗോറിയും നോനായും. വിശുദ്ധ ജോര്‍ജിയാന, വിശുദ്ധ സീസറസ്, വിശുദ്ധ ഗ്രിഗറി ഓഫ് നാസിയാന്‍സ് എന്നിവരാണ് ഈ വിശുദ്ധരുടെ മക്കള്‍.

വിശുദ്ധ പൗലോസ് മാനസാന്തരപ്പെടുത്തിയ യഹൂദ ദമ്പതികളായിരുന്നു വിശുദ്ധ അക്വിലായും വിശുദ്ധ പ്രിസ്സില്ലായും. കോറീന്തില്‍ വച്ചായിരുന്നു പൗലോസുമായുള്ള ഇവരുടെ കണ്ടുമുട്ടലും തുടര്‍ന്നുള്ള മാനസാന്തരവും. പിന്നീട് അവര്‍ പൗലോസിനൊപ്പം എഫേസൂസിലേക്ക് തിരിച്ചു. രക്തസാക്ഷികളായിട്ടാണ് ഇവര്‍ മരിച്ചതെന്നാണ് പാരമ്പര്യം.

വിശുദ്ധ വിന്‍സെന്റും വാല്‍ഡെറ്റുഡിസുമാണ് മറ്റ് രണ്ടുപേര്‍. മക്കള്‍ വളര്‍ന്നുകഴിഞ്ഞതോടെ പൂര്‍ണ്ണമായും ദാമ്പത്യവിരക്തി സ്വീകരിച്ച് ശിഷ്ടകാലം മതാത്മകജീവിതം നയിച്ച് പോന്നവരായിരുന്നു ഇവര്‍.

കര്‍ഷകനായ വിശുദ്ധ ഇസിദോറും ഭാര്യ മരിയ ദെ ലാ കാബെസായും വിശുദ്ധ ദാമ്പത്യജീവിതത്തിന്റെ മറ്റൊരു ഉദാഹരണമാണ്. തങ്ങളുടെ മകന്‍ കിണറ്റില്‍ വീണപ്പോള്‍ മാതാവിന്റെ മാധ്യസ്ഥത്തിലൂടെ ജീവന്‍ തിരികെ കിട്ടിയ കഥയും ഇവരുടെ ജീവിതത്തോട് ചേര്‍ത്തുപറയപ്പെടുന്നു.

വാഴ്ത്തപ്പെട്ട ലൂജിയും മരിയ ബെല്‍ട്രാമെയും ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴ്‌പ്പെട്ട് ജീവിച്ച ദമ്പതികളായിരുന്നു.

You must be logged in to post a comment Login