പരിശുദ്ധ മറിയം ജപമാല ചൊല്ലിയിരുന്നോ?

പരിശുദ്ധ മറിയം ജപമാല ചൊല്ലിയിരുന്നോ?

ജപമാല കൈയിലേന്തി നില്ക്കുന്ന പരിശുദ്ധ മറിയത്തെയാണ് പെയ്ന്റിങുകളിലും രൂപങ്ങളിലുമെല്ലാം നാം കൂടുതലായി കണ്ടിട്ടുള്ളത്. ലൂര്‍ദ്ദിലും ഫാത്തിമായിലും മാതാവ് പ്രത്യക്ഷപ്പെട്ടപ്പോഴും കൈയില്‍ കൊന്തയുണ്ടായിരുന്നു. കൊന്ത പ്രാര്‍ത്ഥിക്കാനും വണങ്ങാനുമുള്ളതായിരിക്കെ ജപമാല കൈയിലേന്തി നില്ക്കുന്ന മാതാവിന്റെ രൂപം കാണുമ്പോള്‍ ചിലരെങ്കിലും ചിലപ്പോള്‍ സംശയിച്ചിട്ടുണ്ടാവാം മാതാവ് ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നോ എന്ന്.

എന്നാല്‍ മാതാവ് ഒരിക്കലും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിട്ടില്ല. അമ്മ എപ്പോഴും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.

വിശുദ്ധ ബെര്‍ണദീത്തയുടെ അനുഭവസാക്ഷ്യം ഇതിനെ ഉദാഹരിക്കുന്നു. മാതാവ് ജപമാല ചൊല്ലി പ്രാര്‍ത്ഥി്ച്ചില്ല എന്നും എന്നാല്‍ തന്നോടൊപ്പം പ്രാര്‍ത്ഥനയില്‍പങ്കെടുത്തുവെന്നും ജപമാല പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ മേഘങ്ങള്‍ക്കിടയിലേക്ക് അമ്മ അപ്രത്യക്ഷയായെന്നും ബെര്‍ണദീത്ത പറയുന്നു.

ലൂര്‍ദ്ദില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അമ്മ പറഞ്ഞത് പാപികള്‍ക്ക് വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനായിരുന്നു ഫാത്തിമായില്‍ ആദ്യതവണ പ്രത്യക്ഷപ്പെട്ടപ്പോള്‍ അമ്മയുടെ കൈയില്‍ ജപമാല യുണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്ന് അമ്മ കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടത് അവര്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചതിന് ശേഷമായിരുന്നു.

എല്ലാദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക, ലോകസമാധാനത്തിനും യുദ്ധങ്ങള്‍ അവസാനിക്കുന്നതിനും.പാപികളുടെ മാനസാന്തരത്തിന് വേണ്ടി ത്യാഗം അനുഷ്ഠിക്കുക. ഇതായിരുന്നു മാതാവ് ഫാത്തിമായില്‍ പറഞ്ഞത്.

ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ മാതാവ് നമ്മെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. നാം ജപമാല ചൊല്ലുമ്പോള്‍ മാതാവ് നമ്മുടെ കൂടെയുണ്ട്..എങ്ങനെയാണ് നല്ലരീതിയില്‍ ജപമാല ചൊല്ലേണ്ടത് എന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കിക്കൊണ്ട്…

പ്രാര്‍ത്ഥനയുടെ സ്‌കൂളാണ് ജപമാലയെന്നും ജപമാല വിശ്വാസത്തിന്റെ സ്‌കൂള്‍ ആണെന്നുമാണല്ലോ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരിക്കുന്നത്.?

You must be logged in to post a comment Login