പ്രകൃതിദുരന്തങ്ങള്‍ യേശുക്രിസ്തുവിന്റെ രണ്ടാം വരവിന്റെ മുന്നറിയിപ്പെന്ന് സുവിശേഷപ്രഘോഷകന്‍

പ്രകൃതിദുരന്തങ്ങള്‍ യേശുക്രിസ്തുവിന്റെ രണ്ടാം വരവിന്റെ മുന്നറിയിപ്പെന്ന് സുവിശേഷപ്രഘോഷകന്‍

ടെക്‌സാസ്: ഹാര്‍വി പോലെയുള്ള പ്രകൃതിദുരന്തങ്ങള്‍ യേശുക്രിസ്തുവിന്റെ വരാനിരിക്കുന്ന രണ്ടാം വരവിന്റെ പ്രത്യക്ഷമായ സൂചനകളാണെന്ന് ടെക്‌സാസിലെ ഓക്ക് ഹില്‍സ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍ മാക്‌സ് ലൂക്കാഡോ. ഇത്തരം ദുരന്തങ്ങളിലൂടെ യേശുക്രിസ്തു നമുക്ക് മുന്നറിയിപ്പ് നല്കുകയാണ്. ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കുകയും സന്നദ്ധസംഘടനകള്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കുകളാകുകയും വേണം.

വളരെപ്രധാനപ്പെട്ട ചില ആത്മീയ പാഠങ്ങള്‍ ഹാര്‍വി നമുക്ക് നല്കുന്നുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സ്‌ററഫ് ഒരിക്കലും നിലനില്ക്കുന്നതല്ല എന്നതാണ് അതിലൊരു പാഠം. എന്നും നിലനില്ക്കുന്നത് ബന്ധങ്ങള്‍ മാത്രമേയുള്ളൂ. രക്ഷപ്പെട്ട ആളുകളാരും തങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ ടിവിയെക്കുറിച്ചോ ഫോണിനെക്കുറിച്ചോ വിലപിച്ചു കേട്ടില്ല. മറിച്ച് അവര്‍ വിലപിച്ചത് നഷ്ടപ്പെട്ടുപോയ തങ്ങളുടെപ്രിയപ്പെട്ടവരെക്കുറിച്ചായിരുന്നു. വലിയ സമ്പത്തിലോ സുഖസൗകര്യങ്ങളിലോ അല്ല മനുഷ്യന്‌റെ ജീവിതമിരിക്കുന്നത് എന്ന് വിശുദ്ധ ലൂക്കായുടെ സുവിശേഷം 12:15 ഉദാഹരിച്ചുകൊണ്ട് ലൂക്കാഡോ വ്യക്തമാക്കി.

നമ്മള്‍ ഒരുമിച്ച് നില്‌ക്കേണ്ടവരാണ് എന്നതാണ് ഈ ദുരന്തം ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു സംഗതി. ത്വക്കിന്‌റെ നിറം നോക്കിയല്ല ലൈഫ് ബോട്ടുകള്‍ ആളുകളെ തേടി ചെന്നത്. റിപ്പബ്ലിക്കനെന്നോ ഡെമോക്രാറ്റെന്നോ നോക്കിയല്ല രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തനം നടത്തിയത്. സമ്പന്നനെന്നോ വിദ്യാഭ്യാസമുള്ളവനെന്നോ ഹെലികോപ്റ്ററുകളും അന്വേഷിച്ചിട്ടില്ല. മറ്റുള്ളവരെ സഹായിക്കാനുള്ളവയാണ് ഇത്തരം അവസരങ്ങള്‍.

ഈ ലോകത്തിന് വേണ്ടി ജീവിക്കേണ്ടിയവരല്ല നാം എന്നാണ് ഈ ദുരന്തം ഓര്‍മ്മപ്പെടുത്തുന്ന മറ്റൊരു സംഗതി. മറ്റൊരു ലോകം നമുക്കുണ്ട്. അദ്ദേഹം പറഞ്ഞു.

ദൈവം എന്നാണ് രണ്ടാമത് വരുന്നത് എന്ന തീയതി എനിക്കറിയില്ല. പക്ഷേ അവിടുന്ന് വീണ്ടും വരുമെന്ന് നമുക്കറിയാം. ഈ നാശം നിലവിലുള്ളതിന്റെ അന്ത്യവും മറ്റൊരു തുടക്കത്തിന്റെ ആരംഭവുമാണ്. ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും പുതിയൊരു ലോകത്തിന്റെ തുടക്കമാണ്. അദ്ദേഹം പറയുന്നു.

You must be logged in to post a comment Login