പുരുഷന്മാര്‍ എന്തിനാണ് കരയുന്നത്?

പുരുഷന്മാര്‍ എന്തിനാണ് കരയുന്നത്?

ഭൂമിയില്‍ ആദ്യം വീണ കണ്ണുനീര്‍ സ്ത്രീയുടേതായിരുന്നില്ല പുരുഷന്റേതായിരുന്നു. കരയാന്‍ മാത്രമറിയാവുന്നവള്‍ എന്നും ഒന്നു പറഞ്ഞ് രണ്ടാമത് കരയുന്നവള്‍ എന്നുമെല്ലാം നമ്മള്‍ അല്പം വിലകുറച്ച് പറയുന്ന സ്ത്രീയുടെ കണ്ണീരല്ല പുരുഷന്റെ കണ്ണുനീരാണ് ഭൂമിയെ ആദ്യമായി നനയിച്ചത് എന്നാണ് പറഞ്ഞുവരുന്നത്. പുറമേക്ക് കരയുന്ന കരച്ചിലുകളല്ല സങ്കടങ്ങളുടെയെല്ലാം തീവ്രത നിശ്ചയിക്കുന്നതെങ്കിലും കരയാതെ കരയുന്ന പുരുഷന്റെ സങ്കടങ്ങള്‍ക്ക് ഈ ഭൂമിയെ മുഴുവന്‍ നനയിക്കുവാന്‍ കഴിവുണ്ട്

പുരുഷന്‍ കരയുകയോ? നമ്മുടെ പുരുഷമേധാവിത്വ സങ്കല്പങ്ങള്‍ക്ക് അതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല. കരച്ചില്‍ എന്നും പെണ്ണിന്റെ വിധിയും അവളെ കരയിപ്പിക്കല്‍ പുരുഷന്റെ അവകാശവുമെന്നുമുള്ള സങ്കുചിതത്വങ്ങള്‍ കൊണ്ടുതന്നെയാണത്. പക്ഷേ സത്യമാണ്. ആദ്യമായി കരഞ്ഞ മനുഷ്യന്‍ പുരുഷനായിരുന്നു, ആദാമായിരുന്നു. അവന്‍ എന്തിനാണ് കരഞ്ഞത്? അതിന് അവനെ പ്രേരിപ്പിച്ചതെന്തായിരുന്നു?

അവന്റെ സ്‌നേഹമാണ് അവന്റെ കരച്ചിലിന് ഹേതുവായി മാറിയത്. ലോകത്തിലെ എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞ ഭൂമിയുടെ സൗന്ദര്യത്തില്‍ ജീവിക്കുമ്പോഴും തന്റെ ആത്മാവിന്റെ ഒരുപാതിയില്‍ നിറഞ്ഞുകവിയുന്ന ശൂന്യതയെ നികത്താന്‍ ഒരു കൂട്ട് അവന്‍ ആഗ്രഹിച്ചു. (ആ ആഗ്രഹമായിരുന്നു അവന്റെ തെറ്റ്. ദൈവത്തിന് സ്ത്രീയെക്കുറിച്ചുള്ള ചിന്തപോലും നല്കിയത് പുരുഷന്റെ ഈ ആഗ്രഹമായിരുന്നു. അതില്ലായിരുന്നുവെങ്കില്‍ ഇന്ന് ലോകത്തില്‍ സ്ത്രീകള്‍ തന്നെ ഉണ്ടാകുമായിരുന്നില്ല. അങ്ങനെയെങ്കില്‍ സര്‍വ്വമാന സ്ത്രീജനങ്ങളും എന്തുമാത്രം പുരുഷനോട് കടപ്പാടുണ്ടായിരിക്കണം!).

ആ കൂട്ടിനെ പെണ്‍തുണയായി നല്കി ദൈവം അവനെ അനുഗ്രഹിച്ചു. പക്ഷേ ദൈവത്തിന്റെയും അവന്റെയും പദ്ധതികളെയും ആലോചനകളെയും തെറ്റിച്ചുകൊണ്ട് ആ അനുഗ്രഹം അവന്റെ ദു:ഖമായി മാറി. ദൈവത്തിന്റെ വേദനയും പരിഭവവുമായി മാറി.

സ്ത്രീ മുന്‍കൈ എടുത്തിട്ടുപോലും അവളെ മാത്രമായി കുറ്റപ്പെടുത്താതിരിക്കാനും ഒറ്റപ്പെടുത്താതിരിക്കാനുമായി ദൈവം ആ പാപത്തിന്റെ കേസ് വിസ്തരിക്കാനെടുത്തപ്പോള്‍ പുരുഷനെയും പ്രതിചേര്‍ത്തു. അല്ലെങ്കിലും ദൈവം എന്നും സ്ത്രീപക്ഷക്കാരനാണല്ലോ? സ്ത്രീയെ ഒറ്റപ്പെടുത്താതിരിക്കാന്‍ ദൈവം അവനെയും സഹനങ്ങളുടെയും വിയര്‍പ്പുചിന്തലുകളുടെയും ഭൂമിയിലേക്ക് അവള്‍ക്കൊപ്പം പറഞ്ഞയച്ചു.

(അതെ സ്ത്രീയുടെ സുരക്ഷിതത്വത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് എന്നും പുരുഷനെ നിയമിച്ചിട്ടുള്ളത്. പുരുഷന്‍ പുരുഷനുവേണ്ടി മാത്രമായി നിലകൊള്ളുന്നില്ല. സ്ത്രീക്കുവേണ്ടിയാണ് അവന്റെ അദ്ധ്വാനവും കഷ്ടപ്പാടുകളും എല്ലാം. അത് വല്ലതും സ്ത്രീ അറിയുന്നുണ്ടോ ആവോ?).

ആയുഷ്‌ക്കാലം മുഴുവന്‍ കഠിനാദ്ധ്വാനം കൊണ്ട് നീ അതില്‍ നിന്ന് കാലയാപനം ചെയ്യുമെന്നും മണ്ണില്‍ നിന്ന് എടുക്കപ്പെട്ട നീ മണ്ണിനോടു ചേരുന്നതുവരെ നെറ്റിയിലെ വിയര്‍പ്പുകൊണ്ട് ഭക്ഷണം സമ്പാദിക്കുമെന്നുമുള്ള ദൈവശിക്ഷയുടെ ആദ്യപാഠം മുതല്‍ ആരംഭിച്ചു അവന്റെ കഷ്ടപ്പാടുകള്‍. മണ്ണില്‍ നിന്നെടുത്ത മനുഷ്യനെ മണ്ണിനോട് മല്ലിടാന്‍ ദൈവം വിട്ടപ്പോള്‍ അവന്റെ ഹൃദയം എത്രയോ വേദനിച്ചിരിക്കണം… മണ്ണില്‍ കഷ്ടപ്പെടുമ്പോള്‍ തീര്‍ച്ചയായും അവന്റെ ഉള്ളില്‍ ആരും (അല്ലെങ്കില്‍ ഒരുവന്റെ കണ്ണുനീരൊക്കെ ആരു കാണാന്‍… മനസ്സിലാക്കാന്‍, ദൈവമല്ലാതെ) കാണാത്ത കരച്ചിലിന്റെ ഒരു സമുദ്രമുണ്ടായിരുന്നിരിക്കണം.

എന്നിട്ടും ആദം കരഞ്ഞുവെന്ന് ബൈബിള്‍ രേഖപ്പെടുത്തുന്നുമില്ല. പക്ഷേ സ്വന്തം പിഴവുകളോര്‍ത്ത്, സുഖസമൃദ്ധിയുടെ നിറവില്‍ നിന്ന് ദുരിതങ്ങളുടെ നടുവിലേക്ക്, തണലില്‍ നിന്ന് പൊരിവെയിലിലേക്ക് നീക്കിനിര്‍ത്തപ്പെട്ടപ്പോള്‍ ആ മനസ്സില്‍ തീര്‍ച്ചയായും കരച്ചിലുണ്ടായിരുന്നിരിക്കില്ലേ? ഉണ്ടാവുമെന്ന് അറിയാന്‍ പാഴൂര്‍പടിപ്പുര വരെ പോവേണ്ട കാര്യമൊന്നുമില്ല. പുരുഷനെ ഇത്തിരിയെങ്കിലും മനസ്സിലാക്കാനുള്ള കഴിവുണ്ടായാല്‍ മാത്രം മതി.

അങ്ങനെ ഭൂമിയെ നനയിച്ച ആദ്യ കണ്ണുനീര്‍ ആദാമിന്റേതായി. പക്ഷേ അവന്‍ അതില്‍ തളര്‍ന്നുവീഴാതിരുന്നത് തന്നില്‍ അഭിലാഷമുള്ള ഒരു ഇണ കൂടെയുള്ളതുകൊണ്ട് മാത്രമായിരുന്നു. പിന്നെ മക്കളിലൊരുവന്‍ സ്വസഹോദരനാല്‍ കൊല്ലപ്പെടുമ്പോള്‍ ആ താതഹൃദയം എത്രയോ വേദനിച്ചിട്ടുണ്ടാവണം. ആകാശം നടുങ്ങത്തക്കവിധത്തില്‍ അവന്‍ അലറിക്കരഞ്ഞിട്ടുണ്ടാവില്ലേ? മക്കളെയോര്‍ത്തും ഭാര്യയെയോര്‍ത്തുമുള്ള അവന്റെ സങ്കടങ്ങള്‍ ആരറിയുന്നു? അറിയുന്നതിലേറെ ആഴമുണ്ട് പുരുഷന്റെ സങ്കടങ്ങള്‍ക്കും അവന്റെ മനസ്സിനും. ആരും അറിയരുതെന്ന് ആഗ്രഹിക്കുന്നതുകൊണ്ട് അവന്‍ തന്റെ ആത്മഗതങ്ങള്‍ അങ്ങനെ തന്നെ സൂക്ഷിക്കുന്നുവെന്നു മാത്രം. പക്ഷേ തന്റെ നിസ്സഹായതയില്‍ ദൈവം മാത്രം സാക്ഷിയാക്കി അവന്‍ കരഞ്ഞിട്ടുള്ള എത്രയോ സന്ദര്‍ഭങ്ങള്‍!

ഇതാ, മറ്റൊരു പിതാവ്. അബ്രാഹം. വിശ്വാസികളുടെ പിതാവെന്ന് ഖ്യാതി നേടിയവന്‍. ആ പിതാവിനെയും കരച്ചിലിലേക്ക് തള്ളിവിട്ടത് സ്ത്രീയാണ്. തനിക്കു പകരം ദാസിയായ ഹാഗാറില്‍ കുഞ്ഞിനെ ജനിപ്പിക്കാനുള്ള ബുദ്ധി പറഞ്ഞുകൊടുത്തത് ഭാര്യ സാറാ തന്നെ. എത്ര അനുസരണയുള്ള കുഞ്ഞാടായിപ്പോയി അബ്രാഹം!

ദൈവദൂതന്റെ വാക്കുകളെക്കാള്‍ പ്രിയതമയുടെ വാക്കുകളില്‍ ദൈവഹിതം കണ്ട് വെളിപ്പെടുവാനായി തീരുമാനിച്ചുറച്ച് അവന്‍ ദാസിയെ പ്രാപിക്കുക തന്നെ ചെയ്തു. ഫലമോ ഇസ്മായേല്‍ പിറക്കുന്നു. പക്ഷേ ദൈവത്തിന് തന്റെ വാക്കു മാറ്റാന്‍ കഴിയില്ലല്ലോ. സാറായില്‍ നിന്ന് തന്നെ അബ്രാഹത്തിന് കുഞ്ഞിനെ ജനിപ്പിച്ച് ദൈവം വാഗ്ദാനങ്ങളില്‍ വിശ്വസ്തനായി. അതോടെ സാറായുടെ മട്ട് മാറി. തന്റെ മകന്‍ ഇസഹാക്കിനൊപ്പം അവകാശിയാകാന്‍ ഇസ്മായേലിനെ സമ്മതിക്കാതിരുന്ന സാറാ ഹാഗാറിനെയും മകനെയും വീട്ടില്‍ നിന്നിറക്കിവിടാന്‍ അബ്രാഹത്തിനെ ചട്ടം കെട്ടുകയാണ്.

ആ നിമിഷങ്ങളില്‍ ഒരു പിതാവെന്ന നിലയില്‍ അബ്രഹാം എത്രമാത്രം തീ തിന്നിരിക്കണം. ആദ്യതാതന്‍ ഇസ്മായേല്‍ തന്നെ…അവന്റെ കളിചിരിയാണ് താന്‍ ആദ്യം കണ്ടത്. അവനെയാണ് താന്‍ ആദ്യം കൈകളിലെടുത്തത്. എന്നിട്ട് ഇപ്പോള്‍ അവനെ ഉപേക്ഷിക്കേണ്ടി വരുന്നു. തന്‍മൂലം മകനെയോര്‍ത്ത് അബ്രാഹം വളരെ അസ്വസ്ഥനായി (ഉല്പത്തി 21;11)

ഭാര്യമാര്‍ മക്കളെ വീതം വയ്ക്കുമ്പോഴോ ഭര്‍ത്താവിന് എതിര് പറഞ്ഞ് മക്കളെ തന്റെ പക്ഷത്ത് ചേര്‍ത്തുനിര്‍ത്തുമ്പോഴോ ആ പാവങ്ങള്‍ എന്തുമാത്രം വേദന തിന്നുന്നുണ്ടാവണം! നോക്കൂ ഇവിടെയും ദൈവത്തിന്റെ സ്ത്രീപക്ഷഇടപെടല്‍. സാറായെ പ്രതിസ്ഥാനത്ത് ചേര്‍ക്കാതെ അവളുടെ ഹിതത്തെ തന്റെ ഹിതമാക്കി ദൈവം പറയുന്നത് ഇതാണ്. സാറാ പറയുന്നതുപോലെ ചെയ്യുക.

അപ്പോഴും ഹാഗാറിന്റെ കാര്യത്തിലും ദൈവം കരുതലുള്ളവനായി മാറുന്നത് കാണാതിരിക്കാനാവില്ല. തുടര്‍ന്ന് ഹാഗാറിനും ഇസ്മായേലിനും എന്താണ് സംഭവിച്ചതെന്ന് നമുക്കറിയാം. പിന്നെ എന്നെങ്കിലും ഇസ്മയേലിനെ അബ്രാഹം കണ്ടതായി അറിവുമില്ല. നഷ്ടപ്പെടുത്തിക്കളഞ്ഞ തന്റെ മകനെയോര്‍ത്ത് അബ്രാഹം കരഞ്ഞതിന് കണക്കുണ്ടാവുമോ?
പിന്നീട് ഇസഹാക്കിനെയും കൊണ്ട് ബലിയര്‍പ്പിക്കാന്‍ പോകുമ്പോഴോ? ഉള്ളുനിറയെ തീ കത്തിയിട്ടും അതിന്റെ ചൂട് പുറമേയ്ക്ക് അറിയിക്കാതിരിക്കാന്‍ അബ്രാഹം എന്തുമാത്രം പാടുപെട്ടിട്ടുണ്ടാവണം? ആരും കേള്‍ക്കാതെ പോയ അബ്രാഹത്തിന്റെ നിലവിളികള്‍… അബ്രാഹത്തിന്റെ ആ ഭാവതീവ്രത ഒരു നടന്‍ എങ്ങനെ അഭിനയിച്ച് ഫലിപ്പിക്കുമെന്ന് ഇടയ്‌ക്കെങ്കിലും വെറുതെ ആലോചിച്ചുപോയിട്ടുണ്ട്.

ഒരു മകനെ ഉപേക്ഷിക്കാന്‍ ദൈവമാണ് പറഞ്ഞത്, മറ്റൊരു മകനെ ബലിയര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതും അതേ ദൈവം തന്നെ. ദൈവനീതിക്ക് ദാക്ഷിണ്യമില്ലേയെന്ന ചിന്ത ഉയര്‍ന്നിട്ടും അബ്രാഹം നിശ്ശബ്ദനാകുന്നു… സങ്കടങ്ങള്‍ കൊണ്ട് ജീവിതത്തെ ചേര്‍ത്തുപിടിക്കാമെന്ന് ഇങ്ങനെയൊക്കെയായിരിക്കാം എല്ലാ പുരുഷന്മാരും പഠിച്ചിട്ടുണ്ടാവുക.

അബ്രാഹത്തിന്റെയും ആദത്തിന്റെയും വിട്ടുകളഞ്ഞ നിശ്ശബ്ദ രോദനങ്ങള്‍ക്കപ്പുറം ഒരു പൊട്ടിക്കരച്ചിലിന്റെ ചീളുകൊണ്ട് നാം മുറിയുന്നുണ്ട്, അതേ പുസ്തകത്തില്‍ തന്നെ. ഏസാവാണത്. എന്റെ പിതാവേ, ഒറ്റ വരമേ അങ്ങയുടെ പക്കല്‍ ഉള്ളോ? എന്നെയും അനുഗ്രഹിക്കുക എന്നു പറഞ്ഞ് അവന്‍ പൊട്ടിക്കരഞ്ഞു (ഉല്പത്തി 27;38).

അര്‍ഹതപ്പെട്ടതു ലഭിക്കാതെ പോകുമ്പോഴുണ്ടാകുന്ന വേദനയില്‍നിന്നുള്ള കരച്ചിലാണത്. ഏതെങ്കിലും വിധത്തില്‍ ചില അനുഗ്രഹങ്ങള്‍ നഷ്ടപ്പെടുത്തിക്കളയുന്നതുകൊണ്ടുള്ള വിലാപത്തിന്റെ മാറ്റൊലിയാണത്. ചില തീവ്രനഷ്ടങ്ങള്‍ക്കുമുമ്പില്‍ പുരുഷാ, നീ ഇനിയും പൊട്ടിക്കരയാതിരിക്കരുത്… നീ കരഞ്ഞുകൊള്ളുക… നിനക്കുമുമ്പേ പല പുരുഷന്മാരും ഇപ്രകാരം തന്നെ കരഞ്ഞിട്ടുള്ള ഭൂമിയാണിത്.

സ്വസഹോദരങ്ങളാല്‍ തിരസ്‌കൃതനാകുമ്പോഴും അന്യായമായി യജമാനന്‍ ജയിലില്‍ അടയ്ക്കുമ്പോഴും പൂര്‍വ്വജോസഫ് അനുഭവിക്കുന്ന മാനസികക്ലേശങ്ങളും സങ്കടങ്ങളുടെ നീര്‍ച്ചാലുകളും അളക്കുവാന്‍ ആര്‍ക്കാണ് കഴിഞ്ഞിട്ടുള്ളത്? ചില സങ്കടങ്ങള്‍ കരഞ്ഞാല്‍ തീരാവുന്നതേയുളളൂ. എന്നാല്‍ ചില സങ്കടങ്ങള്‍ക്കുമുമ്പില്‍ കണ്ണീരുപോലും തോറ്റുതരില്ല. അതാണ് ആത്മാവിന്റെ സങ്കടങ്ങള്‍. പൂര്‍വ്വജോസഫ് അനുഭവിച്ച സങ്കടങ്ങളുടെ കടലാഴങ്ങള്‍ അപ്രകാരമുള്ളവയാണ്.

സഹോദരന്മാരുടെ ക്ഷേമം തിരക്കി ചെന്നതായിരുന്നു ജോസഫ്. പക്ഷേ, അസൂയാലുക്കളായ സഹോദരങ്ങള്‍ അവനെ പൊട്ടക്കിണറ്റില്‍ തള്ളിയിടുകയും പിന്നീട് ഇസ്മായേല്യര്‍ക്ക് വില്ക്കുകയും ചെയ്തു. ഇളയവനായതിനാല്‍ തന്നെ സഹോദരങ്ങളുടെ വാത്സല്യങ്ങള്‍ക്ക് അവകാശമുള്ളവനായിരുന്നു അവന്‍. പക്ഷേ അതു കിട്ടിയില്ലെന്നു മാത്രമല്ല അവരുടെ ദ്രോഹങ്ങള്‍ക്കു വിധേയനായിത്തീരുകയും ചെയ്യേണ്ടിവന്നു.

ഇത്തരം അവസരങ്ങളില്‍ എന്തായിരുന്നു അവന്റെ മനസ്സില്‍? പ്രതികാരചിന്തയായിരുന്നില്ലെന്നു പിന്നീടുളള സംഭവവികാസങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ സങ്കടമുണ്ടായിരുന്നില്ലേ… തീര്‍ച്ചയായും സങ്കടമുണ്ടായിരുന്നു. ആ സങ്കടങ്ങള്‍ ഒരു തോരാമഴയായി പെയ്യുന്നത് ഇങ്ങനെയാണ്. തന്റെ സഹോദരനെ പ്രതി ഹൃദയം തേങ്ങിയപ്പോള്‍ ജോസഫ് കരയാനൊരിടം നോക്കി. കിടപ്പറയില്‍ പ്രവേശിച്ച് അവന്‍ കരഞ്ഞു (ഉല്‍പത്തി 43:30).

ഓരോ പുരുഷനും കരയാനൊരിടം തേടുന്നുണ്ട്. മറ്റാരും അറിയുകയില്ലെന്ന് ഉറപ്പുള്ള ഒരിടം. രാത്രിയുടെ നിശ്ശബ്ദതയില്‍ തലയണയില്‍ മുഖമമര്‍ത്തി ഇണയറിയാതെ ചില പുരുഷന്മാര്‍ ഇന്നും കരയുന്നുണ്ട്, അത് എന്തിന്റെ പേരിലാണെങ്കിലും.

കരഞ്ഞു കരഞ്ഞ് എല്ലുംതോലുമായ വ്യക്തിയാണ് ദാവീദ്. (സങ്കീ. 102:5) പാനപാത്രത്തില്‍ കണ്ണീരു കുടിച്ചവന്‍ കൂടിയാണ് ദാവീദ്. എത്രയെത്ര സങ്കടങ്ങള്‍ കൊണ്ടാണ് തന്റെ ഹൃദയത്തിനിണങ്ങിയ ദാവീദിനെ ദൈവം സൃഷ്ടിച്ചയച്ചത്.

സ്ത്രീയെ കരയിപ്പിക്കുന്നത് പുരുഷനാണെന്നാണ് അലിഖിത നിയമങ്ങള്‍ പറയുന്നത്. സ്ത്രീയോട് നീയെന്തിനാണ് കരയുന്നതെന്ന് ചോദിക്കാന്‍ പലരുമുണ്ടാവാം… എന്നാല്‍ പുരുഷനോട് ആരും അപ്രകാരം ചോദിക്കുന്നില്ല. അത് പുരുഷന് സങ്കടങ്ങളില്ലാത്തതുകൊണ്ടല്ല അവന് കരയാന്‍ അവകാശമില്ലാത്തതുകൊണ്ടാണ്. കരയുന്നത് മോശമാണെന്ന ചില ടാബൂസ് അവന്റെ തലച്ചോറില്‍ കറങ്ങുന്നതുകൊണ്ടാണ്.

പക്ഷേ സ്ത്രീയുടെ കരച്ചിലിനെക്കാള്‍ ശക്തമാണ് പുരുഷന്റെ കണ്ണീര്. ഏതു മനുഷ്യന്റെ കണ്ണീരാണ് രക്തമായി മാറിയിട്ടുള്ളത്. ഒരു സ്ത്രീയുടെയും കണ്ണീര് രക്തമായി മാറിയിട്ടില്ല. ക്രിസ്തുവിന്റേതൊഴികെ…

മനുഷ്യന്റെ തീവ്രസങ്കടങ്ങള്‍ രക്തത്തുള്ളികളായി മാറുമെന്നതിന് ഗത്സെമിനി തന്നെ ഉദാഹരണം. തീവ്രവേദനയില്‍ മുഴുകി തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചപ്പോള്‍ ക്രിസ്തുവിന്റെ വിയര്‍പ്പുത്തുള്ളികള്‍ രക്തത്തുള്ളികളായി മാറുന്നത് നാം അവിടെ വായിക്കുന്നു. അതിനുമുമ്പും ക്രിസ്തു കരഞ്ഞിട്ടുണ്ട്. കണ്ണീര്‍ പൊഴിക്കുന്ന ഈശോയെ വരച്ചുകാണിക്കുന്നത് യോഹന്നാന്‍ ശ്ലീഹായാണ്. (അധ്യായം 11:35) ലാസറിനെ ഉയിര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രംഗമാണിത്. കണ്ണീര് സ്‌നേഹത്തിന്റെ അടയാളമാണെന്ന സൂചന കൂടി അവിടെയുണ്ട്. അപ്പോള്‍ യഹൂദര്‍ പറഞ്ഞു, നോക്കൂ അവന്‍ എത്രമാത്രം അവനെ സ്‌നേഹിച്ചിരുന്നു. (11:36) ഓരോ കണ്ണീരിനും സ്‌നേഹത്തിന്റെ ചിലകഥകള്‍ കൂടി പറയാനുണ്ട്.

പ്രകൃതിയെപ്പോലും പ്രകമ്പനം കൊള്ളിക്കുവാന്‍ ക്രിസ്തുവിന്റെ നിലവിളിക്ക് കഴിഞ്ഞു. യേശുവിന്റെ മരണസമയത്താണത്. (ലൂക്ക 23:44) ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശ്ശീല നടുവേ കീറി. യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു, പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. നല്ല മനുഷ്യരുടെ മരണത്തില്‍ പ്രകൃതിയുടെ കരച്ചിലാണ് മഴയെന്ന മട്ടിലുള്ള സങ്കല്പങ്ങളുമുണ്ടല്ലോ?

ഓര്‍മ്മകള്‍ സ്‌നേഹമാണെന്നും സ്‌നേഹം ചിലപ്പോള്‍ ചിലരെ കരയിപ്പിക്കുമെന്നും മുകളിലെഴുതിയതിന്റെ തുടര്‍ച്ചയായി പത്രോസിനെ വായിക്കാവുന്നതാണ് ഇന്നു കോഴി കൂവുന്നതിന് മുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ നിഷേധിക്കും എന്ന് കര്‍ത്താവ് പറഞ്ഞ വചനം അപ്പോള്‍ പത്രോസ് ഓര്‍മ്മിച്ചു. അവന്‍ പുറത്തുപോയി മനം നൊന്തുകരഞ്ഞു. (ലൂക്ക 22:62)

അതെ, ഓര്‍മ്മ വന്ന് തിരി തെളിക്കുമ്പോള്‍ പത്രോസിനും കരയാതിരിക്കാനാവില്ല. ആ കരച്ചിലില്‍ മനസ്താപവുമുണ്ട്. പിന്നീടുള്ള ജീവിതത്തിന്റെ വഴികളില്‍ കോഴി കൂവലുകളെല്ലാം ആ വലിയ മുക്കുവനെ കരയിപ്പിച്ചുകൊണ്ടിരുന്നു എന്നാണ് പുരാവൃത്തം.

പറഞ്ഞുവരുന്നത് ഇത്രയേയുള്ളൂ, ഇത്രയുമുണ്ട് താനും. പുരുഷനും കരച്ചിലുണ്ട്. അവന്റെ കരച്ചിലുകളെയും അതിന്റേതായ അര്‍ത്ഥത്തില്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. കണ്ണീരിനെക്കാള്‍ വലുതായിട്ട് മറ്റൊന്നുമില്ല.

കണ്ണീരിലെല്ലാം ആര്‍ദ്രതയുണ്ട്… കരുണയുണ്ട്… സ്‌നേഹവും സൗഹൃദവുമുണ്ട്… താദാത്മ്യപ്പെടലും തന്മയീഭവിക്കലുമുണ്ട്. ക്രിസ്തുപോലും കരഞ്ഞ ഭൂമിയാണിതെന്ന തിരിച്ചറിവ് പുരുഷന്റെ കണ്ണീരുകളെ കുറെക്കൂടി വിമലീകരിക്കുമെന്ന് വിശ്വസിക്കുന്നു. കരച്ചിലിനെ ആരും ഇകഴ്ത്തിക്കാണരുത്.

മനുഷ്യനെ മനുഷ്യനാക്കുന്നതില്‍ ഒരു പ്രധാനപങ്ക് വഹിക്കുന്ന ഘടകമാണ് കണ്ണീര്. ഒരുപക്ഷേ ഓരോരുത്തര്‍ക്കും കരയാന്‍ ഓരോ കാരണങ്ങളായിരിക്കാം. മദ്യപിച്ച് തല പെരുക്കുമ്പോള്‍ ഫയല്‍വാന്മാരെപ്പോലെയുളള പുരുഷന്മാരെല്ലാം വെറുതെ ഓരോ നിസ്സാരകാരണങ്ങള്‍ പറഞ്ഞു കരയുന്നത് കണ്ടിട്ടില്ലേ? ഈ കണ്ണീരെല്ലാം പുരുഷന്മാര്‍ എവിടെയാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. പുരാണത്തില്‍ ശിവന്‍ തന്റെ ജടയില്‍ ഗംഗാനദിയെ കടത്തിക്കൊണ്ടുവന്നതുപോലെ പുരുഷന്‍ അവന്റെ ഹൃദയത്തിന്റെ ഏതെങ്കിലും ഒരു കോണില്‍ കരച്ചിലിന്റെ ഗംഗയെ അടക്കിവച്ചിട്ടുണ്ടാകാം.

അല്ലെങ്കില്‍ പുരുഷന്‍ കരയാത്തതാണ് ഈ ഭൂമിക്ക് ഇത്രമേല്‍ പാരുഷ്യം കൂടിവരുന്നതിനു കാരണം. പുരുഷാ നിന്റെ കരച്ചിലുകള്‍ക്ക് നീ ഇനി തടയിടരുത്. അത് പൊട്ടിയൊഴുകട്ടെ… നിന്നെത്തന്നെ അത് ശുദ്ധീകരിക്കും. നിന്റെ കണ്ണീരിന്റെ സ്‌നാനഘട്ടങ്ങളില്‍ ഇനി പുനര്‍ജ്ജനിയുടെ നിര്‍ത്ഝരി മുഴങ്ങട്ടെ…

കണ്ണീരിന്റെ മഴവില്ലുകള്‍ എല്ലാവര്‍ക്കും ആശംസിച്ചുകൊണ്ട്…

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login