ക്രിസ്തു ഉയിര്‍പ്പിക്കുമെന്ന് കരുതി 11 ദിവസം കാത്തിരുന്നു, ഒടുവില്‍ മരിച്ച മകനെ സംസ്‌കരിക്കാന്‍ സമ്മതിച്ചു

ക്രിസ്തു ഉയിര്‍പ്പിക്കുമെന്ന് കരുതി 11 ദിവസം കാത്തിരുന്നു, ഒടുവില്‍ മരിച്ച മകനെ സംസ്‌കരിക്കാന്‍ സമ്മതിച്ചു

മുംബൈ: കാന്‍സര്‍ രോഗബാധിതനായി മരണമടഞ്ഞ 17 കാരനെ മാതാപിതാക്കള്‍ സംസ്‌കരിക്കാതെ കാത്തുസൂക്ഷിച്ചത് 11 ദിവസം. മറ്റൊന്നുമല്ല കാരണം യേശുക്രിസ്തു തങ്ങളുടെ മകനെ ഉയിര്‍ത്തെണീല്പിക്കുമെന്ന് അവര്‍ വിശ്വസിച്ചു. അതുകൊണ്ട് യേശുക്രിസ്തുവില്‍ വിശ്വാസമര്‍പ്പിച്ച് മകന്‍ മരിച്ച നിമിഷം മുതല്‍ അവര്‍ പ്രാര്‍ത്ഥന ആരംഭിച്ചു. ക്രിസ്തു തങ്ങളുടെ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന്.

ഒക്ടോബര്‍ 26 നാണ് മെഷ്ഹാക്ക് മരണമടഞ്ഞത്. കുട്ടിയുടെ പിതാവ് ഒരു പ്രാര്‍ത്ഥാസംഘത്തിന്റെ സ്ഥാപകനാണ്. അത്യത്ഭുതകരമായ രോഗശാന്തി വരമുള്ള വ്യക്തിയാണ് താന്‍ എന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത് നെവീസ് ജീസസ് ഫോര്‍ ആള്‍ നേഷന്‍സ് മിനിസ്ട്രി എന്നാണ് ഇദ്ദേഹത്തിന്റെ ശുശ്രൂഷകളുടെ പേര്.

രണ്ടു വര്‍ഷം മുമ്പും മകന്‍ മരിച്ചുപോയിരുന്നുവെന്നും പ്രാര്‍ത്ഥനയിലൂടെ തിരികെ വന്നു എന്നുമാണ് ഇദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ അവകാശപ്പെടുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ മരിച്ചപ്പോഴും ശവം സംസ്‌കരിക്കാതെ കാത്തുസൂക്ഷിക്കാന്‍ ഇവര്‍ തയ്യാറായത്. ഇത്തവണ മൃതദേഹം എംബാം ചെയ്ത് പള്ളിയില്‍ സൂക്ഷിക്കുകയാണ് ചെയ്തത്. പള്ളിയുടെ എതിര്‍വശത്താണ് നാഗ്പാഡാ പോലീസ് സ്‌റ്റേഷന്‍.

പോലീസ് ഇടപെട്ട് കുടുംബത്തെ മകന്റെ മരണം ബോധ്യപ്പെടുത്താനും മൃതദേഹം സംസ്‌കരിക്കാനും ആവശ്യപ്പെട്ടുവെങ്കിലും അവര്‍ ആദ്യമൊന്നും തയ്യാറായില്ല. പിന്നീട് മുന്‍സിപ്പല്‍ അധികാരികളും പള്ളിയിലെത്തുകയും സത്യാവസ്ഥ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇനിയും സംസ്‌കരിച്ചില്ലെങ്കില്‍ ബ്ലാക്ക് മാജിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് പറഞ്ഞപ്പോഴാണ് കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ തയ്യാറായത്‌.

You must be logged in to post a comment Login