മുന്‍ മെക്‌സിക്കന്‍ സുന്ദരി കന്യാസ്ത്രീ മഠത്തിലേക്ക്..

മുന്‍ മെക്‌സിക്കന്‍ സുന്ദരി കന്യാസ്ത്രീ മഠത്തിലേക്ക്..

മെക്‌സിക്കോ സിറ്റി; എസ്‌മെറാള്‍ഡാ സോളിസ് ഗോണ്‍സാലെസ് എന്ന ഇരുപത്തിരണ്ടുകാരിയായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന ബ്യൂട്ടി ക്വീന്‍ മത്സരത്തില്‍ തന്റെ നഗരത്തില്‍ നിന്ന് ഏറ്റവും മികച്ച സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കഥ മാറി. അതേ സുന്ദരി ഇതാ പുവര്‍ക്ലെയര്‍ മിഷനറീസ് ഓഫ് ദ ബ്ലെസഡ് സാക്രമെന്റ് എന്ന സന്യാസസഭയില്‍ അംഗമായി ചേര്‍ന്നിരിക്കുന്നു.

സോഷ്യല്‍ മീഡിയായില്‍ കഴിഞ്ഞ ആഴ്ച വൈറലായി മാറിക്കഴിഞ്ഞ ജീവിതപരിണാമത്തിന്റെ കഥയായിരുന്നു ഇത്.

എനിക്കുള്ള എല്ലാറ്റിലും ഞാന്‍ സന്തുഷ്ടയാണ്. എന്നാല്‍ ആ സന്തോഷങ്ങളെയൊന്നിനെയും ദൈവം എനിക്ക് എന്റെ ഹൃദയത്തില്‍ നല്കിയ സന്തോഷവുമായി താരതമ്യം ചെയ്യാനാവില്ല. സന്യാസജീവിതം അതിനുള്ളില്‍ ആകുന്നതുവരെ നാം അറിയുന്നില്ല, അതെന്താണെന്ന്. ലോകം നല്കിയിരിക്കുന്നതിനെയും ലോകത്തിലുള്ളതിനെയും എല്ലാം മറ്റൊരു രീതിയില്‍ നോക്കിക്കാണുവാന്‍ എനിക്കിപ്പോള്‍ കഴിഞ്ഞിരിക്കുന്നു. ഗോണ്‍സാലെസ് പറയുന്നു.

ന്യൂട്രീഷനിസ്റ്റായിട്ടായിരുന്നു ഗോണ്‍സാലെസ് ജോലി ചെയ്തിരുന്നത്. അഞ്ചുവര്‍ഷം മുമ്പാണ് ഗോണ്‍സാലെസ് പുവര്‍ ക്ലെയര്‍ മിഷനറിമാരെ ആദ്യമായി കണ്ടുമുട്ടിയത്. അന്ന് അവള്‍ക്ക് 14 വയസായിരുന്നു പ്രായം. ദൈവവിളി ക്യാമ്പിലെ ദിനങ്ങളും മിഷന്‍ പ്രവര്‍ത്തനങ്ങളും ക്യാമ്പുകളും എല്ലാം അവളില്‍ ഒരു സന്യാസജീവിതത്തിലേക്കുള്ള വിളി ഉണര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു.

എങ്കിലും ഉറച്ചതും ശക്തവുമായ ഒരു യെസ് അവള്‍ അതിന് നല്കിയത് മംഗളവാര്‍ത്തതിരുനാളിലായിരുന്നു.

ദൈവത്തിന്റെ സമയം പരിപൂര്‍ണ്ണമാണ്. സുന്ദരിപ്പട്ടം മുതലായ പല അനുഭവങ്ങളിലൂടെയും ദൈവം എന്നെ ഇതിനകം കടത്തിക്കൊണ്ടുപോയി.  ദൈവം എന്നെ വ്യത്യസ്തമായ രീതിയിലൂടെ അവിടുത്തെ സേവിക്കാനാണ് വിളിക്കുന്നത്.

ഏതൊരു ദൈവവിളിയിലും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുകയാണെങ്കില്‍ അത്തരക്കാരോടായി എസ്‌മെറാള്‍ഡ പറയുന്നു. ദൈവത്തിന്റെ അടുക്കലേക്ക് പോകാനും അവിടുത്തെ കരം പിടിക്കാനും നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും അടുത്ത പടി കയറിച്ചെല്ലാന്‍ കഴിയും. സന്യസ്തജീവിതം എന്ന് പറയുന്നത് ഓരോ ദിവസവും പുതിയതാണ്..പുതിയ തുടക്കമാണ്..പുതിയ സാധ്യതകളുടേതാണ്.ചെറിയ ത്യാഗങ്ങളും അതിലുണ്ട്. പക്ഷേ ലഭിക്കുന്ന പ്രതിഫലം വലിയ സന്തോഷത്തിന്റേതാണ്. ദൈവം നിന്നെ വിളിക്കുന്നുവെങ്കില്‍ അതിനൊരിക്കലും ഭയപ്പെടരുതെന്നും ഈ നവസന്യാസിനി ഓര്‍മ്മിപ്പിക്കുന്നു.

1945 ല്‍ വാഴ്ത്തപ്പെട്ട മരിയ തെരേസ അരിയാസ് സ്ഥാപിച്ച സന്യാസസമൂഹമാണ് പൂവര്‍ ക്ലെയര്‍ മിഷനറിസ് ഓഫ് ദ ബ്ലെസഡ് സേക്രമെന്റ്‌സ്. മെക്‌സിക്കോ, അര്‍ജന്റീന, യുഎസ്,സ്‌പെയ്ന്‍, ഇറ്റലി, വിയറ്റ്‌നാം, നൈജീരിയ, ഇന്ത്യ എന്നിവിടങ്ങളിലെല്ലാം ഈ സഭയ്ക്ക് മഠങ്ങളുണ്ട്.

You must be logged in to post a comment Login