ഈ അത്ഭുതമാണ് ജസീന്തയെയും ഫ്രാന്‍സിസ്‌ക്കോയെയും വിശുദ്ധരാക്കിയത്

ഈ അത്ഭുതമാണ് ജസീന്തയെയും ഫ്രാന്‍സിസ്‌ക്കോയെയും വിശുദ്ധരാക്കിയത്

മരണമുഖത്ത് നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് രക്ഷപ്പെട്ട് വന്ന ലൂക്കാസ് എന്ന അഞ്ചുവയസുകാരനുണ്ടായ സൗഖ്യമാണ് ഫ്രാന്‍സിസ്‌ക്കോയെയും ജസീന്തയെയും വിശുദ്ധരായി പ്രഖ്യാപിക്കാന്‍ കാരണമായത്.

2013 മാര്‍ച്ച് മൂന്നിന് രാത്രി എട്ടുമണിക്ക് തന്റെ സഹോദരിയുമൊത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ലൂക്കാസ്. അപ്പോഴാണ് 20 അടി ഉയരത്തില്‍ നിന്ന് ജനാലയിലൂടെ അവന്‍ താഴേക്ക് പതിച്ചത്. തലയ്ക്ക് മാരകമായ ക്ഷതമേറ്റ് കുട്ടി ജീവിതത്തിനും മരണത്തിനും ഇടയിലായി.

വിദഗ്ദ ചികിത്സകള്‍ക്കായി സമീപത്തെ ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് അവനെ കൊണ്ടുപോയി. അപ്പോഴേയ്ക്കും ലൂക്കാസ് കോമാ സ്‌റ്റേജിലായിരുന്നു. കുട്ടിയുടെ ഓപ്പറേഷന്റെ സമയത്ത് മാതാപിതാക്കള്‍ പ്രാര്‍ത്ഥനയില്‍ മുഴുകി. ജീവിതത്തിലേക്കുള്ള കുട്ടിയുടെ മടക്കയാത്ര തീര്‍ത്തും അസാധ്യമാണെന്നും ഇനി ജീവിച്ചാല്‍ തന്നെ സാധാരണനിലയിലേക്കുള്ള മടങ്ങിവരവ് വളരെ സാവധാനമായിരിക്കുമെന്നും ഡോക്ടേഴ്‌സ് വിധിയെഴുതിയിരുന്നു.

അത്തരമൊരു ദിവസമാണ് കാംപോ മൗറോയിലെ കാര്‍മ്മലെറ്റ് കോണ്‍വെന്റിലേക്ക് പ്രാര്‍ത്ഥനാസഹായത്തിനായി അവര്‍വിളിച്ചത്. അവിടെ ഒരു സിസ്റ്റര്‍ ജസീന്തയുടെയും ഫ്രാന്‍സിസ്‌ക്കോയുടെയും തിരുശേഷിപ്പ് അടക്കം ചെയ്തിരുന്ന ഇടത്തേക്ക് പോയി ലൂക്കാസിന് വേണ്ടി മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. നന്നേ ചെറുപ്രായത്തിലേ മരണമടഞ്ഞവരായിരുന്നുവല്ലോ അവരും.

പിന്നീട് കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം ആ ഇടയവിശുദ്ധരോട് കരഞ്ഞ് മാധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. മാര്‍ച്ച് ഒമ്പതിന് ലൂക്കാസ് പതിയെ സംസാരിച്ചുതുടങ്ങി. 11 ാം തീയതി ഐസിയുവില്‍ നിന്ന് അവന്‍പുറത്തേക്ക് വന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിടുകയും ചെയ്തു. അതിന് ശേഷം ഇന്നുവരെ ലൂക്കാസിന് യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിട്ടുമില്ല.

ഡോക്ടേഴ്‌സിന് പോലും വിശദീകരിക്കാന്‍ കഴിയാത്ത രോഗസൗഖ്യമായിരുന്നു ലൂക്കാസിന് സംഭവിച്ചത്. ഇന്നലെ ഫാത്തിമായില്‍ നടന്ന പത്രസമ്മേളനത്തില്‍ ലൂക്കാസിന്റെ മാതാപിതാക്കളായ ജോ ബാറ്റിസ്റ്റയും ഭാര്യ ലൂസിലായുമാണ് ഇക്കാര്യം വിശദമാക്കിയത്.

You must be logged in to post a comment Login