അദ്ഭുതവിളക്കുകളുടെ രാത്രി

അദ്ഭുതവിളക്കുകളുടെ രാത്രി

ക്രിസ്മസ് ആഘോഷിക്കാന്‍ അവധിയെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആല്‍ബര്‍ട്ട്. കുണ്ടും കുഴിയും നിറഞ്ഞ ദുര്‍ഘടമായ വഴിയിലൂടെ വേണമായിരുന്നു അയാള്‍ക്ക് വീട്ടിലെത്താന്‍. യാത്ര ഏറെ പിന്നിട്ടശേഷമാണ് തന്റെ കൈയില്‍ ഒരു മെഴുകുതിരിപോലും ഇല്ലല്ലോയെന്ന് അയാള്‍ക്ക് ഓര്‍മ്മ വന്നത്.

ദൂരെയെവിടെയൊക്കെയോ നക്ഷത്രവിളക്കുകള്‍ പ്രകാശിച്ചു കിടക്കുന്നത് കണ്ടപ്പോള്‍ വീട്ടിലെത്താന്‍ മുമ്പത്തെക്കാളേറെ ധൃതി തോന്നി. ക്രിസ്മസെന്നാല്‍ ഓര്‍മ്മ വരുന്നതുതന്നെ നക്ഷത്രവിളക്കുകളാണല്ലോ. ബാഗിനുള്ളില്‍ തന്റെ പ്രിയപ്പെട്ടവര്‍ക്കു സമ്മാനിക്കാനായി അയാള്‍ ക്രിസ്മസ് സമ്മാനങ്ങള്‍ കരുതിയിരുന്നു.

അപ്പോഴാണ് വഴിയോരത്തായി ഒരു വീടും അതിനുള്ളില്‍ വെളിച്ചവും അയാള്‍ കണ്ടത്. ആല്‍ബ ര്‍ട്ടിന് സന്തോഷമായി. അയാള്‍ അവിടേക്ക് കയറിച്ചെന്നു. വാതിലില്‍ മുട്ടി വിളിച്ചപ്പോള്‍ ഒരു വൃദ്ധനാണ് പുറത്തേക്കുവന്നത്. ആല്‍ബര്‍ട്ട് ഭവ്യതയോ ടെ അയാളോട് പറഞ്ഞു.

‘ജോലിസ്ഥലത്തുനിന്ന് വരികയാ ഞാന്‍. വീട്ടിലേക്കാണെങ്കില്‍ ഒരുപാട് ദൂരം നടക്കാനുമുണ്ട്. വണ്ടിയൊന്നും കിട്ടിയില്ല. എന്റെ കൈയില്‍ വെളിച്ചവുമില്ല. ഒരു വിളക്ക് കിട്ടിയിരുന്നെങ്കില്‍….”
വൃദ്ധന്‍ മറുപടിയായി ചിരിച്ചതേയുള്ളൂ. പിന്നെ അയാള്‍ പുറംതിരിഞ്ഞ് ഒരു വിളക്കെടുത്ത് ആല്‍ ബര്‍ട്ടിനു നേരെ നീട്ടി. അപ്പോള്‍ ആ മുറിയില്‍ ഇ ത്തരം അനേകം വിളക്കുകളിരിക്കുന്നത് ആല്‍ബര്‍ട്ട് കണ്ടു. അയാള്‍ക്കെന്തോ അത്ഭുതം തോന്നി. ഒരേ വലുപ്പത്തില്‍, ഒരേപോലുള്ള, ഭംഗിയുള്ള അനേകം വിളക്കുകള്‍. വൃദ്ധന് ഒരുപക്ഷേ വിളക്ക് നിര്‍മ്മാണമുണ്ടായിരിക്കും. അയാള്‍ ചിന്തിച്ചു.

വിളക്കിന്റെ വിലയെന്താണെന്ന് ചോദിച്ച ആല്‍ ബര്‍ട്ടിനോട് വൃദ്ധന്‍ പറഞ്ഞു. ”പൊയ്‌ക്കോളൂ, നീ ഉദ്ദേശിക്കുന്നതിലും വില ഇതിനുണ്ട്.” വൃ ദ്ധന്‍ വാതില്‍ ചേര്‍ത്തടയ്ക്കുന്നതിന് മുമ്പ് പുഞ്ചിരിയോടെ ആല്‍ബര്‍ട്ടിന് നേരെ കരമുയര്‍ത്തി ആ ശംസ നേരാനും മറന്നില്ല. ‘ഹാപ്പി ക്രിസ്മസ്.’

‘ഹാപ്പി ക്രിസ്മസ്’ ആല്‍ബര്‍ട്ടും ആശംസിച്ചു. വൃ ദ്ധനോട് നന്ദിപറഞ്ഞ് അയാള്‍ യാത്ര തുടര്‍ന്നു.
പെട്ടെന്നാണ് ഇരുളില്‍നിന്ന് ഒരു വി ലാപം അയാളുടെ കാതുകളിലെത്തിയത്. ”വിശക്കുന്നു, വല്ലതും തരണേ.” ഏറെ പരിചയമുള്ള സ്വരമായിരുന്നു അത്. പക്ഷേ അതാരുടേതെന്ന് വേര്‍തിരിച്ചെടുക്കാന്‍ ആല്‍ബര്‍ട്ടിന് സാധിച്ചില്ല. ”ആ രാത്?” അയാള്‍ കൈയിലിരുന്ന വിളക്ക് ഉയര്‍ത്തിപ്പിടിച്ചു. ആ വെളിച്ചത്തില്‍ മുമ്പില്‍ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചുകളഞ്ഞു.

അപ്പന്‍! ”അപ്പാ, അപ്പനെന്താ….ഇവിടെ,” സങ്കടം കൊണ്ട് അയാള്‍ക്കൊരു വാക്കും പുറത്തേക്കു വന്നില്ല. അയാള്‍ അപ്പനെ കെട്ടിപ്പുണര്‍ന്നു.
”വിശക്കുന്നു,” അപ്പന്റെ മന്ത്രണം.
അയാള്‍ വേഗം ബാഗ് തുറന്ന് തനിക്ക് കഴിക്കാന്‍ വച്ചിരുന്ന ഭക്ഷണപ്പൊതിയെടുത്തു.
”ഇതാ, അപ്പന്‍ വേഗം കഴിച്ചോളൂ.”

അപ്പന്‍ ആര്‍ത്തിയോടെ ഭക്ഷണം കഴിക്കുന്നത് നിറകണ്ണുകളോടെ ആല്‍ബര്‍ട്ട് നോക്കിനിന്നു.
”ഇനി നമുക്ക് പോകാം,” അപ്പന്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ആല്‍ബര്‍ട്ട് പറഞ്ഞു. അപ്പന്റെ കൈ യ്ക്കുപിടിച്ച് ആല്‍ബര്‍ട്ട് യാത്ര തുടര്‍ന്നു.

അപ്പോഴാണ് വഴിയോരത്തുനിന്നായി ഒരു ദീനസ്വരം പിന്നെയും ആല്‍ബര്‍ട്ടിന്റെ കാതുകളിലെത്തിയത്. ഡിസംബറിന്റെ മഞ്ഞേറ്റ് തണുത്ത് വിറയ്ക്കുന്നതിന്റെ സ്വരം… ആ സ്വരത്തിന് നേര്‍ക്ക് ആല്‍ബര്‍ട്ട് വിളക്കുയര്‍ത്തി. അയാള്‍ ഞടുങ്ങിപ്പോയി.

അമ്മ! ”അമ്മേ…” ഹൃദയം തകര്‍ന്ന് ആല്‍ബര്‍ട്ട് വിളിച്ചു. അമ്മ അയാള്‍ക്കുനേരെ നോക്കി പറഞ്ഞു. ”തണുക്കുന്നു…” ആല്‍ബര്‍ട്ട് തന്റെ മേല്‍ക്കുപ്പായമൂരി അ മ്മയെ വേഗം പുതപ്പിച്ചു. പക്ഷേ അമ്മ പിന്നെയും പറഞ്ഞു. ”തണുക്കുന്നു…” ആല്‍ബര്‍ട്ട് തന്റെ ഷര്‍ട്ടും ഊരി. പിന്നെ തൊപ്പിയെടുത്ത് അമ്മയുടെ ശിരസില്‍ വച്ചു. ഇപ്പോള്‍ കുറെ ആശ്വാസമായെന്ന് തോന്നുന്നു. ”വരൂ അമ്മേ…” അമ്മയെ തന്നോട് ചേര്‍ത്തുനിര്‍ത്തി ആല്‍ബര്‍ട്ട് യാത്ര തുടര്‍ന്നു.

കുറെ ദൂരം പിന്നിട്ടപ്പോഴാണ് ആല്‍ബര്‍ട്ട് മറ്റൊരു കാഴ്ച കണ്ടത്. വഴിയോരത്ത് മുറിവേറ്റ് കിടക്കുന്ന തന്റെ സഹോദരന്‍. ”ദൈവമേ, ഇതെന്താണിങ്ങനെ….എന്റെ പ്രിയപ്പെട്ടവര്‍ക്ക് എന്താണ് സംഭവിച്ചത്…” ആല്‍ബര്‍ട്ടിന്റെ ഹൃദയം തേങ്ങി. അയാള്‍ സഹോദരന്റെ അടുത്തേക്ക്

ഓടിച്ചെന്നു. അവന്റെ ശിരസെടുത്ത് മടിയില്‍ വച്ചു.
”മോനേ”, ആല്‍ബര്‍ട്ട് അവനെ കുലുക്കി വിളിച്ചു. അനക്കമില്ല. ഇനിയെന്തു ചെയ്യും? ഒരു നിശ്ചയവുമില്ലാതെ ആല്‍ബര്‍ട്ട് നാലുപാടും നോക്കി. അപ്പോഴാണ് കുറച്ചകലെയായി ഒരു വീട് കണ്ടത്. ആല്‍ബര്‍ട്ടിന് ആശ്വാസമായി. സഹോദരനെ തോളത്തെടുത്തിട്ട് ആ വെളിച്ചത്തിന് നേര്‍ക്ക് ആല്‍ബര്‍ട്ട് നടന്നു.

ഒരു സത്രമായിരുന്നു അത്.
”ഇതെന്റെ സ്വന്തം അനുജനാണ്. നിങ്ങളിവനെ രക്ഷിക്കണം” ആല്‍ബര്‍ട്ട് സത്രമുടമയോട് അപേക്ഷിച്ചു.
”രക്ഷിക്കാം, പക്ഷേ എനിക്കെന്തു കിട്ടും” സത്രമുടമ ചോദിച്ചു.
”എനിക്കുള്ളതെല്ലാം.”
”അതിന് നിന്റെ കൈയില്‍ എന്തിരിക്കുന്നു? ഈ തണുപ്പത്തണിയാന്‍ ഒരു ഷര്‍ട്ടുപോലും ഇല്ലാത്ത പരമദരിദ്രനല്ലേ നീയ്. എന്നിട്ട് പറയുന്നു, എനിക്കുള്ളതെല്ലാം നല്‍കാമെന്ന്.” സത്രമുടമ പരിഹസിച്ചു.

ശരിയാണ്! ആല്‍ബര്‍ട്ട് ഓര്‍ത്തു. തനിക്ക് ഷര്‍ട്ടുപോലുമില്ല. പെട്ടെന്നാണ് തന്റെ ബാഗിലുള്ള ക്രിസ്മസ് സമ്മാനങ്ങളെക്കുറിച്ച് അയാള്‍ക്ക് ഓര്‍മ്മ വന്നത്.
”ഇതു മുഴുവന്‍ നിങ്ങളെടുത്തോളൂ. എനിക്കെന്റെ അനിയന്റെ ജീവന്‍ മാത്രം മതി. അപ്പനെയും അ മ്മയെയും വീട്ടിലെത്തിച്ചിട്ട് ഞാനുടനെ മടങ്ങിവരാം.” സത്രമുടമയോട് യാത്ര പറഞ്ഞ് ആല്‍ബര്‍ട്ട് യാത്ര തുടര്‍ന്നു.

വീടിന് മുമ്പിലെത്തിയപ്പോഴാണ് ആല്‍ബര്‍ട്ട് ശരിക്കും അത്ഭുതപ്പെട്ടത്. വീട് മുഴുവന്‍ അലങ്കാരദീപങ്ങളാല്‍ തിളങ്ങിനില്‍ക്കുന്നു. അനിയന്‍ സ ന്തോഷവാനായി പുല്‍ക്കൂടൊരുക്കുന്ന തിരക്കിലാണ്. അവനെ സഹായിക്കാന്‍ പെങ്ങളുമുണ്ട്. ആ ല്‍ബര്‍ട്ട് അന്തിച്ചുനില്‍ക്കുമ്പോള്‍ വീടിന്റെ അകത്തുനിന്ന് അമ്മ മുന്‍വശത്തേക്കിറങ്ങിവന്നു.
”മോനേ, ആല്‍ബീ, നീയെന്താ അവിടെത്തന്നെ നിന്നുകളഞ്ഞത്. എത്ര നേരമായി ഞങ്ങള്‍ നിന്നെ കാക്കുന്നു.” അമ്മയ്ക്കു പിന്നാലെ അപ്പനും ഇറങ്ങിവന്നു. സഹോദരങ്ങള്‍ ആല്‍ബര്‍ട്ടിന്റെ അടുത്തേക്ക് ഓടിവന്നു.

ആല്‍ബര്‍ട്ട് പെട്ടെന്ന് തിരിഞ്ഞുനോക്കി. തനിക്കൊപ്പമുണ്ടായിരുന്നവര്‍ പിന്നില്‍ത്തന്നെയുണ്ട്. ഇപ്പോഴിതാ, അവര്‍ക്ക് മറ്റേതോ മുഖം. താനിന്നേവരെ കണ്ടിട്ടില്ലാത്ത മുഖം.
”ചേട്ടായീടെ ഷര്‍ട്ടെവിടെ…..ഞങ്ങള്‍ക്കുള്ള ക്രിസ്മസ് സമ്മാനങ്ങളെവിടെ…?” സഹോദരങ്ങള്‍ ആല്‍ബര്‍ട്ടിന് ചുറ്റും കൂടി. ആല്‍ബര്‍ട്ട് വേഗം വിളക്കെടുത്ത്, തനിക്ക് പിന്നില്‍ നിന്നിരുന്നവരെ നോക്കി.
ദാ, വീണ്ടും അപ്പനും അമ്മയും. ആല്‍ബര്‍ട്ട് മുഖം തിരിച്ച് വരാന്തയിലേക്കു നോക്കി. അവിടെയും തന്റെ അപ്പനും അമ്മയും.
ആല്‍ബര്‍ട്ടിന് ഇപ്പോള്‍ കാര്യങ്ങളെല്ലാം വ്യക്തമായി. വൃദ്ധന്‍ പറഞ്ഞത് അയാളുടെ ഓര്‍മ്മയിലെത്തി. ”നീ ഉദ്ദേശിക്കുന്നതിലും വില….” ആ വൃദ്ധന്‍ ആരായിരുന്നു? ആല്‍ബര്‍ട്ട് ചിന്തിച്ചു. ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്തവിധം ശാന്തിയും സമാധാനവും തന്റെ മനസ്സില്‍ മഞ്ഞുപോലെ നിറയുന്നത് ആല്‍ബര്‍ട്ടറിഞ്ഞു.

അനന്തരം അയാള്‍ വീടിന്റെ ഇറയത്ത് തൂക്കിയിരുന്ന സാധാരണ നക്ഷത്രവിളക്ക് അഴിച്ചുവച്ചതിനുശേഷം തന്റെ അത്ഭുതവിളക്ക് അവിടെ തൂക്കി.

വിനായക്

You must be logged in to post a comment Login