കല്‍ക്കുരിശിന് മുമ്പില്‍ താണുവണങ്ങി നിന്ന ആന, മണര്‍കാട് പള്ളിയിലെ അത്ഭുതകഥകള്‍

കല്‍ക്കുരിശിന് മുമ്പില്‍ താണുവണങ്ങി നിന്ന ആന, മണര്‍കാട് പള്ളിയിലെ അത്ഭുതകഥകള്‍

പരിശുദ്ധ കന്യാമറിയത്തിന്റെ എട്ടുനോമ്പ് ആചരിക്കുന്ന വേളയില്‍ ഏറ്റവുമധികം അനുസ്മരിക്കപ്പെടുന്ന ഒരു പേരാണ് മണര്‍കാട് പള്ളി. കാരണം മലങ്കര സഭയില്‍ ആദ്യം എട്ടുനോമ്പ് ആചരണം ആരംഭിച്ചത് മണര്‍കാട് പള്ളിയിലാണ് എന്നതാണ് വിശ്വാസം. 1836 മുതലുള്ള പള്ളിയുടെ ചരിത്രത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്.

2004 ല്‍ പാത്രിയാര്‍ക്കിസ് ബാവയാണ് ഈ പള്ളിയെ കത്തീഡ്രല്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയതും ആഗോള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചതും.

മണര്‍കാട് പള്ളിയിലെ കല്‍ക്കുരിശുമായി ബന്ധപ്പെട്ടുള്ള ഒരു ഐതിഹ്യം ഇങ്ങനെയാണ്. പള്ളിയോളം തന്നെ പഴക്കമുണ്ട് ഇവിടുത്തെ കല്‍ക്കുരിശിനും. വലിയ ഈ കല്‍ക്കുരിശ് ഉയര്‍ത്താന്‍ ആനയുടെ സഹായം വേണ്ടിവന്നിരുന്നു. അപ്പോള്‍ പുതുപ്പള്ളിയില്‍ നിന്ന് ആനയെ എത്തിക്കേണ്ട സാഹചര്യമുണ്ടായി. പക്ഷേ ആനയുടെ ഉടമ ആനയെ കൊടുത്തുവിടാന്‍ തയ്യാറായില്ല. പള്ളിക്കാര്‍ നിരാശരായി മടങ്ങിപ്പോയി.

അവര്‍ തിരികെയെത്തിയപ്പോള്‍ കണ്ടത് കുരിശു സ്ഥാപിക്കാന്‍ വേണ്ടി നിര്‍മ്മിച്ച കുഴിയില്‍ കുരിശു നിവര്‍ന്നുനില്ക്കുന്നതും തങ്ങള്‍ അന്വേഷിച്ചുപോയ ആന കുരിശിന്‍ചുവട്ടില്‍ കൊമ്പുകുത്തി നില്ക്കുന്നതുമാണ്. ആന ചങ്ങല പൊട്ടിച്ച് ഇവിടേയ്ക്ക് ഓടിയെത്തുകയായിരുന്നുവത്രെ.

എട്ടുനോമ്പുതിരുനാളിലെ ഏഴാം ദിവസം മധ്യാഹ്നപ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് പ്രധാന ത്രോണോസിന് മുകളില്‍ പ്രതിഷ്ഠിച്ചിട്ടുള്ള മാതാവിന്റെയും ഉണ്ണിയേശുവിന്റെയും പ്രസിദ്ധമായ ചിത്രം വിശ്വാസികളുടെ ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇപ്രകാരം ചെയ്യുന്നത്. അതും ഏഴു ദിവസത്തേക്ക് മാത്രവും. പള്ളിയുടെ സ്ഥാപനത്തിന് കാരണമായ ദര്‍ശനത്തെ അനുസ്മരിപ്പിക്കുന്ന ചടങ്ങാണിത്.

 

You must be logged in to post a comment Login