സാത്താന്റെ ഏറ്റവും ശക്തമായ ഉപകരണം ഏതാണെന്നറിയാമോ? എങ്ങനെയാണ് അതിനെ പരാജയപ്പെടുത്തേണ്ടത്? ഒരു വൈദികന്‍ സംസാരിക്കുന്നു

സാത്താന്റെ ഏറ്റവും ശക്തമായ ഉപകരണം ഏതാണെന്നറിയാമോ? എങ്ങനെയാണ് അതിനെ പരാജയപ്പെടുത്തേണ്ടത്? ഒരു വൈദികന്‍ സംസാരിക്കുന്നു

മനുഷ്യര്‍ക്കെതിരെ സാത്താന്‍ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ഉപകരണം ഭയമാണ്. ഇത് ഫാ. ബില്‍ പെക്ക്്മാന്റെ വാക്കുകള്‍. ഭയത്തെ അച്ചന്‍ ഇങ്ങനെയാണ് വിശദീകരിക്കുന്നത്.

ദൈവഭയം നല്ലതാണ്. കാരണം ദൈവത്തെ ബഹുമാനിക്കാനും ആദരിക്കാനും അത് കാരണമാകുന്നു. എന്നാല്‍ സാത്താന്‍ നമ്മില്‍ നിക്ഷേപിക്കുന്നത് അത്തരമുള്ള ഭയമല്ല. ഭയത്തില്‍ നിന്നാണ് എല്ലായ്‌പ്പോഴും ലംഘനങ്ങളുണ്ടാകുന്നത്. വിശ്വാസമില്ലായ്മയും ശരണമില്ലായ്മയുമാണ് ഭയത്തിന് കാരണം.

ഭയം കൊണ്ടാണ് സാത്താന്‍ നമ്മെ നയിക്കുന്നത്. ദൈവത്തില്‍ ശരണപ്പെടാനോ അവിടുത്തെ ഹിതം നിറവേറ്റാനോ സാത്താന്‍ നമ്മെ അനുവദിക്കുന്നില്ല. അവന്‍ നമ്മില്‍ നിക്ഷേപിക്കുന്ന ഭയം ദൈവത്തെ മറുതലിക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്.

ഏദെന്‍തോട്ടത്തിലെ പ്രലോഭനത്തിന്റെ അടിസ്ഥാനം ഭയമാണ്. നിങ്ങള്‍ക്ക് വേണ്ടത് എന്തെന്ന് ദൈവത്തിന് അറിയില്ല..ദൈവത്തില്‍ ശരണപ്പെടരുത്. ഇതാണ് സാത്താന്‍ ആദത്തിനും ഹവ്വയ്ക്കും പറഞ്ഞുകൊടുത്തത്.

ഭയത്തിലേക്ക് വീണതുകൊണ്ടാണ് തങ്ങളുടെ നഗ്നത അവര്‍തിരിച്ചറിഞ്ഞത്. അതിന് മുമ്പും അവര്‍ നഗ്നരായിരുന്നു. പക്ഷേ ഭയത്തിന് അടിമകളായപ്പോള്‍ മാത്രമേ അവരത് തിരിച്ചറിഞ്ഞുള്ളൂ. ഭയമാണ് അവരെ ദൈവത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ പ്രേരണ നല്കിയത്.

ഭയമാണ് കത്തോലിക്കരെ സുവിശേഷവല്‍ക്കരണത്തില്‍ നിന്നും പുറകോട്ട് വലിക്കുന്നത്. നാം തിരസ്‌ക്കരിക്കപ്പെടുമോ അവഗണിക്കപ്പെടുമോ എന്നെല്ലാം കത്തോലിക്കര്‍ ഭയക്കുന്നു. അതുകൊണ്ട് സുവിശേഷം പ്രസംഗിക്കാന്‍ , മറ്റുള്ളവരെ അറിയിക്കാന്‍ അവര്‍ ഭയപ്പെടുന്നു.

ഭയം തന്നെയാണ് എല്ലാ ദൈവവിളികളെയും നശിപ്പിക്കുന്നത്. അവിശ്വസ്തരായ വൈദികര്‍. അസന്തുഷ്ടരായ ദമ്പതികള്‍.. ഇതെല്ലാമാണ് അവരുടെ മനസ്സില്‍. അതുകൊണ്ട് അവര്‍ സ്വഭാവികമായും ചിന്തിക്കുന്നു, ഞാനെന്തിന് ഈ വഴി തന്നെ തിരഞ്ഞെടുക്കണം? ഇത്തരം ജീവിതാവസ്ഥകളോടുള്ള ഭയം കാരണം ദൈവം അതിലേക്ക് തന്നെ വിളിച്ചിട്ടും അതിനോട് അവര്‍ മറുതലിച്ചു നില്ക്കുന്നു.

സത്യത്തില്‍ നാം എന്തിനാണ് ഭയക്കുന്നത്? ബൈബിളില്‍ 365 തവണയാണ് പറയുന്നത് ഭയക്കരുത് എന്ന്. ഭയം ഒരിക്കലും ദൈവം നമുക്ക് തരുന്നതല്ല. ദൈവം നമ്മില്‍ യഥാര്‍ത്ഥത്തില്‍ നിക്ഷേപിച്ചിരിക്കുന്നത് സ്‌നേഹമാണ്. നന്മയാണ്. അവിടുന്നില്‍ ശരണപ്പെടാനും വിശ്വസിക്കാനുമാണ് ദൈവം നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ദൈവത്തില്‍ ശരണപ്പെടുമ്പോഴാണ് നമുക്ക് ധൈര്യവും ബലവും ഉണ്ടാകുന്നത്. ഭയം നമ്മില്‍ നിന്ന് എല്ലാം അപഹരിച്ചുകളയുമെന്ന് ദൈവത്തിന് അറിയാം. ഭയം നമ്മെ കോപത്തിലേക്ക് നയിക്കുന്നു. അതാവട്ടെ ഇരുട്ടിലേക്കും. അടുത്തപടി നിരാശതയിലേക്കും. ഇതെല്ലാം ചേര്‍ന്നുകഴിയുമ്പോള്‍ ജീവിതത്തില്‍ അസംതൃപ്തി നിറയുന്നു.

അതുകൊണ്ട് ഭയത്തെ ഇല്ലായ്മ ചെയ്യാന്‍ നമുക്ക് ചെയ്യാവുന്നത് ഒന്നേയുള്ളൂ വിശ്വാസം. വിശ്വാസം, പ്രത്യാശ, ശരണം ഇവയാണ് ഭയത്തെ ഉന്മൂലനം ചെയ്യുന്നത്. വിശ്വാസവും സ്‌നേഹവും പ്രത്യാശയും നിറയുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് ഭയം അപ്രത്യക്ഷമാകുന്നു.

ഇനിയുള്ളത് നമ്മുടെ തീരുമാനമാണ്. നാം ഭയക്കണോ.അതോ ദൈവത്തെ വിശ്വസിക്കണോ.. ദൈവത്തില്‍ നാം വിശ്വസിക്കുമ്പോള്‍ നമമില്‍ നിന്ന് ഭയം അപ്രത്യക്ഷമാകുന്നു. അതോടെ സാത്താന്‍ നമ്മില്‍ നിന്ന് ഓടിയൊളിക്കുന്നു.

You must be logged in to post a comment Login