വത്തിക്കാനിലെ സ്ത്രീ അഥവാ ലേഡി പോപ്പ്

വത്തിക്കാനിലെ സ്ത്രീ അഥവാ ലേഡി പോപ്പ്

1958 ഒക്‌ടോബര്‍ 9

കാസ്റ്റല്‍ ഗൊണ്ടാല്‍ഫ

1954 മുതല്‍ രോഗബാധിതനായിക്കഴിഞ്ഞ പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചത് അന്നേ ദിവസമായിരുന്നു. അദ്ദേഹത്തിന്റെ മരണം സംഭവിച്ച് രണ്ടുമണിക്കൂറിനുള്ളില്‍ ആ വസതിയില്‍ നിന്ന് ഒരു സ്ത്രീ പുറത്തേക്കിറങ്ങി. അവരുടെ കൈയില്‍ ചെറിയൊരു സ്യൂട്ട് കെയ്‌സുണ്ടായിരുന്നു. പിന്നെ മാര്‍പാപ്പയുടെ ഓമനകളായ രണ്ട് പക്ഷികളും. അവസാനമായെന്നോണം അവര്‍ പുറകോട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവണം. കാരണം മടങ്ങിവരവില്ലാത്ത ഒരു യാത്രയായിരുന്നു അത്.

മാര്‍പാപ്പയുടെ മരണത്തിന്റെ നടുക്കവും ദു :ഖവും തെല്ലുപോലും കുറയാത്ത അതേ നിമിഷത്തില്‍ തന്നെ നിര്‍ബന്ധപൂര്‍വ്വമായ പടിയിറക്കലായിരുന്നു അത്.
ജീവിതത്തിന്റെ മൂന്നുഘട്ടങ്ങളിലായി പിയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയെ നാല്പതു വര്‍ഷക്കാലം സേവിച്ചിരുന്ന മദര്‍ പാസ്‌ക്കലീന ലേനേര്‍ട്ടായിരുന്നു ആ സ്ത്രീ.

വത്തിക്കാനിലെ സ്ത്രീ എന്നും ലേഡി പോപ്പ് എന്നും ഒക്കെ അറിയപ്പെട്ട, ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയയായ കന്യാസ്ത്രീ. മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ സാന്നിധ്യമറിയിച്ച ഒരേയൊരു സ്ത്രീ..പുരുഷന്മാര്‍ക്ക് മേല്‍ക്കോയ്മയുള്ള വത്തിക്കാന്റെ ചരിത്രത്തില്‍ ഇത്രയേറെ നിര്‍ണ്ണായക സാന്നിധ്യമായി മറ്റൊരു സ്ത്രീയെയും അടയാളപ്പെടുത്തിയിട്ടില്ല. അതുപോലെ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും അതിന് നേതൃത്വം നല്കുകയും ചെയ്ത മറ്റൊരു സ്ത്രീയുമില്ല.

വത്തിക്കാന്‍ രേഖകളില്‍ മദര്‍ പാസ്‌ക്കലീനയുടെ ഔദ്യോഗിക ബഹുമതി ഹൗസ് കീപ്പര്‍ എന്നാണ്. പക്ഷേ പിയൂസ് പന്ത്രണ്ടാമന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരിയും ഉപദേശകയുമായിരുന്നു യഥാര്‍ത്ഥത്തില്‍ മദര്‍ പാസ്‌ക്കലീന. പാസ്‌ക്കലിനയുടെ അനുവാദം കൂടാതെ കര്‍ദിനാള്‍മാര്‍ക്കുപോലും മാര്‍പാപ്പയെ കാണാന്‍ സാധിച്ചിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. സുതാര്യവും ദൃഢവും ആയിരുന്നു വിനിമയ ശൈലി. നയമോ സൗമ്യതയോ പലപ്പോഴും അതിന് ഉണ്ടായിരുന്നുമില്ല. തന്മൂലം ശത്രുക്കളുടെ എണ്ണം വര്‍ദ്ധിച്ചതില്‍ അത്ഭുതപ്പെടാനുമില്ല.

ആസ്ട്രി ഹംഗറിയിലെ ബാവറിയയില്‍ 1894 ഓഗസ്റ്റ് 25 ന് ആണ് പാസ്‌ക്കലീന ജനിച്ചത്. ആറുമക്കളില്‍ ഇളയവളായിരുന്നു അവള്‍. നന്നേ ചെറുപ്പം മുതല്‌ക്കേ വയലിലും മറ്റ് ജോലി ചെയ്യാന്‍ അവള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മാതാപിതാക്കളുടെ അസാനിധ്യത്തില്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍കൂടി സ്തുത്യര്‍ഹമാം വിധം ചെയ്യുന്നതിലും മുതിര്‍ന്ന സഹോദരങ്ങള്‍ക്ക് പോലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നതിലും അവള്‍ക്ക് വൈഭവമുണ്ടായിരുന്നു. പഠനകാര്യങ്ങളില്‍ എന്നും അവള്‍ മുമ്പന്തിയിലായിരുന്നു.

പത്തൊമ്പതാം വയസില്‍ മാതാപിതാക്കളുടെ എതിര്‍പ്പുകളെസ്‌നേഹത്താല്‍ കീഴടക്കി അവള്‍ ഹോളിക്രോസ് ഓഫ് മെന്‍സിന്‍ഗെനില്‍ അംഗമായി. സിസ്റ്റര്‍ പാസ്‌ക്കലിന്റെ ആദ്യ ജോലി ജര്‍മ്മനിയിലെ സ്റ്റെല്ലാ മാരീസ് റിട്രീറ്റ ഹൗസിലായിരുന്നു. രോഗങ്ങള്‍ക്ക് ശേഷം സ്വാസ്ഥ്യപ്രാപ്തിക്കായി വത്തിക്കാനിലെ പുരോഹിതഗണം എത്തിച്ചേര്‍ന്നിരുന്നത് അവിടെയായിരുന്നു. അവിടെ വച്ചാണ് മോണ്‍. പാസെല്ലി ആദ്യമായി സിസ്റ്റര്‍ പാസ്‌ക്കലിനെ കണ്ടുമുട്ടുന്നത്. സിസ്റ്ററിന്റെ വ്യക്തിത്വത്തില്‍ ആകൃഷ്ടനായ അദ്ദേഹം തന്റെ ഹൗസ്‌കീപ്പറായി സിസ്റ്ററെ നിയമിക്കുകയായിരുന്നു.

അപൂര്‍വ്വമായ ഒരു ബന്ധത്തിന്റെ പ്രയാണം ആരംഭിച്ചത് അങ്ങനെയാണ്. പിന്നീട് മോണ്‍. പാസെല്ലിയുടെ ജീവിതത്തിന്റെ മൂന്നുഘട്ടങ്ങളിലായി സിസ്റ്റര്‍ പാസ്‌ക്കലിന്‍ അനിഷേധ്യമായ അടയാളങ്ങള്‍ വീഴ്ത്തിക്കൊണ്ട് നാല്പത് വര്‍ഷങ്ങളിലൂടെ മരണനിമിഷം വരെ കൂടെയുണ്ടായിരുന്നു. മ്യൂണിക്കിലെ പേപ്പല്‍ ന്യൂണ്‍ഷ്യോ(1917-1929), വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി(1930-1939) ഒടുവില്‍ മാര്‍പാപ്പ(1939-1958) എന്നിങ്ങനെയാണ് ആ ഘട്ടങ്ങള്‍.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നപ്പോള്‍ മോണ്‍. പാസെല്ലി നടത്തിയ ചരിത്രപരവും വിവാദപരവുമായ അമേരിക്കന്‍ യാത്രയില്‍ സിസ്റ്റര്‍ പാസ്‌ക്കലിനുമുണ്ടായിരുന്നു. പിന്നെ പിയൂസ് പതിനൊന്നാമന്റെ മരണത്തെത്തുടര്‍ന്ന് കോണ്‍ക്ലേവ് വിളിച്ചുകൂട്ടിയപ്പോഴും മാര്‍ച്ച് രണ്ടിന് പുതിയ മാര്‍പാപ്പയായി പിയൂസ് പന്ത്രണ്ടാമന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോഴും അവിടെയും സിസ്റ്റര്‍ പാസ്‌ക്കലിന്റെ അനിഷേധ്യ സാന്നിധ്യമുണ്ടായിരുന്നു.
ചരിത്രത്തില്‍ നിര്‍ണ്ണായകമായിത്തീര്‍ന്ന പല തീരുമാനങ്ങളും എടുക്കാന്‍ പിയൂസ് പന്ത്രണ്ടാമനെ പ്രേരിപ്പിച്ചത് മദര്‍ പാസ്‌ക്കലിനായാണത്രെ.

1943 ല്‍ വത്തിക്കാനും കൂരിയായും ഒരു സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്ന സഖ്യകക്ഷികളുടെ നിര്‍ദ്ദേശമുണ്ടായപ്പോള്‍ അത് വേണ്ടെന്ന തീരുമാനത്തിന് ഉപകരണമായി മാറിയത് മദറായിരുന്നു. യുദ്ധകാലത്ത് നാസികള്‍ വത്തിക്കാന്‍ വളഞ്ഞെങ്കിലും ഔദ്യോഗികവക്താക്കളുടെ പ്രവേശനനിര്‍ഗ്ഗമനങ്ങള്‍ക്ക് വിലക്കുകള്‍ ഉണ്ടായിരുന്നില്ല.

പാസ്‌ക്കലിനെ മുഖ്യസ്ഥാനത്ത് നിയോഗിച്ചുകൊണ്ടാണ് പൊന്തിഫിക്കല്‍ റിലീഫ് കമ്മറ്റി യുദ്ധാവസരത്തില്‍ രൂപീകരിച്ചത്. അത് സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസനടപടിയായി വിലയിരുത്തപ്പെടുന്നു. പേപ്പല്‍ കെട്ടിടങ്ങള്‍ അക്കാലത്ത് യഹൂദരെക്കൊണ്ട് നിറഞ്ഞു. 1944 ലെ ക്രിസ്മസ് കാലത്ത് 15000 യഹൂദഅഭയാര്‍ത്ഥികളാണ് കാസ്റ്റല്‍ ഗൊണ്ടാല്‍ഫയിലും മറ്റുമായി തിങ്ങിക്കൂടിയത്. താമസം, ഭക്ഷണം, വസ്ത്രം എന്നിവയുടെ വിതരണത്തിന് പാസ്‌ക്കലിന നേതൃത്വം നല്കി. യുദ്ധാനന്തരം രണ്ട് ലക്ഷത്തോളം യഹൂദര്‍ക്ക് അഭയം നല്കിയതും പാസ്‌ക്കലിനയുടെ നേതൃത്വത്തിലാണ്.

റോമില്‍ ഏകരാക്കപ്പെട്ട കുട്ടികള്‍ക്കായി 12,000 പാക്കേജുകള്‍ ആവിഷ്‌ക്കരിക്കുന്നതിനും സാധിച്ചു. മരുന്നും വസ്ത്രവും ചെരിപ്പുകളും നിറച്ച വണ്ടികള്‍ പാസ്‌ക്കലിനയുടെ നിര്‍ദ്ദേശാനുസരണം തലങ്ങും വിലങ്ങും ഓടി. നൂറുകണക്കിന് വൈദികര്‍ക്ക് ബലിയര്‍പ്പണത്തിനുള്ള ഭക്തവസ്തുക്കള്‍ എത്തിച്ചുകൊടുക്കാനും അവര്‍ക്ക് സാധിച്ചു. പല യഹൂദര്‍ക്കും കൃത്രിമമായ ഐഡന്റിറ്റി കാര്‍ഡുകള്‍ നല്കി അവരെ ക്രിസ്ത്യാനികളെന്ന് നാസിപ്പടയെ തെറ്റിദ്ധരിപ്പിച്ച് വത്തിക്കാനില്‍ അഭയം നല്കാനും പാസ്‌ക്കലിനയുടെ സാമര്‍ത്ഥ്യം കാരണമായി.

ഒരാളുടെ ആത്മകഥ മറ്റൊരാളുടെ ജീവചരിത്രം കൂടിയായി മാറുന്ന അപൂര്‍വ്വമായി അവകാശപ്പെടാവുന്ന ഒരു രസതതന്ത്രം മദര്‍ പാസ്‌ക്കലിനയുടെ ലാ പോപ്പസയ്ക്കുണ്ട്. ആ കൃതിയിലെ 200 പേജുകള്‍ പിയൂസ് പന്ത്രണ്ടാമനെക്കുറിച്ചുള്ളതാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകള്‍, നര്‍മ്മരസികത, രോഗം, മരണം എന്നിവ അതില്‍ പരാമര്‍ശിതമാകുന്നു. ചരിത്രപരമായി പ്രാധാന്യമുള്ള 1939 ലെ കോണ്‍ക്ലേവ്, രണ്ടാം ലോകമഹായുദ്ധം, 1950 ലെ വിശുദ്ധവര്‍ഷ പ്രഖ്യാപനം, എന്നിവയും അക്കൂട്ടത്തില്‍പെടും. 1959 ല്‍ എഴുതിയ ആ കൃതി പ്രസിദ്ധീകരിക്കാന്‍ സഭാധികാരികള്‍ അനുമതി നല്കിയത് 1982 ലാണ്.

1983 ല്‍ 89  വയസിലാണ് മദര്‍ പാസ്‌ക്കലിനഈ ലോകത്തോട് യാത്ര പറഞ്ഞത്. വത്തിക്കാന്‍ സെമിത്തേരിയില്‍ അന്തിയുറങ്ങുന്ന മദറിന്റെ ശവസംസ്‌കാരശുശ്രൂഷകളില്‍ കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ പങ്കെടുത്തിരുന്നു.

You must be logged in to post a comment Login