യഥാര്‍ത്ഥ അമ്മയ്ക്ക് തന്റെ ജീവനെക്കാള്‍ വലുത് സ്വന്തം കുഞ്ഞ് തന്നെ

യഥാര്‍ത്ഥ അമ്മയ്ക്ക് തന്റെ ജീവനെക്കാള്‍ വലുത് സ്വന്തം കുഞ്ഞ് തന്നെ

ഈരാറ്റുപേട്ട: ഫേസ്ബുക്ക് കാമുകന്മാര്‍ക്കൊപ്പം ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ചു കടന്നുകളയുന്ന കാമുകിമാരായ അമ്മമാരുടെ കഥകള്‍ വര്‍ത്തമാനവാര്‍ത്തകളില്‍ നിറയുമ്പോള്‍ ഇതാ അമ്മയെന്ന വാക്കിന്റെ അര്‍ത്ഥവും പരപ്പും വ്യക്തമാക്കിക്കൊണ്ട് ഒരു സ്‌നേഹത്യാഗത്തിന്റെ കഥ. ഈരാറ്റുപേട്ട ചേന്നാട് താന്നിപ്പൊതിയില്‍ ആന്റണിയുടെ ഭാര്യ മായയാണ് മകന്റെ ജീവനുവേണ്ടി ഏതറ്റവും പോകാന്‍ യഥാര്‍ത്ഥത്തിലുള്ള ഒരമ്മ തയ്യാറാണെന്ന് ലോകത്തോട് വീണ്ടും വ്യക്തമാക്കിയത്.

എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മായ- ആന്‍റണി ദന്പതികള്‍ക്ക് ജനിച്ച അപ്പൂസ് , കിണറിന്റെ ചുറ്റുമതിലില്‍ വച്ചിരുന്ന ബക്കറ്റില്‍ നിന്ന് വെള്ളമെടുക്കാന്‍ ശ്രമിക്കുമ്പോള്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഈ സമയം ആന്റണി കടയിലും മായ അടുക്കളയിലുമായിരുന്നു. ശബ്ദം കേട്ട്, മകനെ വിളിച്ചു ഓടിയെത്തിയ മായ കിണറ്റിലേക്ക് നോക്കിയപ്പോള്‍ ഒരു നിമിഷം തളര്‍ന്നുപോയി. മരണവുമായി മല്‍പ്പിടുത്തം നടത്തുന്ന തന്റെ പൊന്നുമോന്‍. 14 കോല്‍ താഴ്ചയുള്ള കിണറ്റില്‍ 20 അടിയോളം വെള്ളമുണ്ടായിരുന്നു.

ആദ്യത്തെ നടുക്കത്തില്‍ നിന്ന് ഉണര്‍ന്ന മായ പിന്നെ ഒന്നും ആലോചിച്ചില്ല. കയര്‍ കെട്ടി കപ്പിയില്‍ കൂടി കിണറ്റിലേക്ക്  ഊര്‍ന്നിറങ്ങി. പിന്നെ ആര്‍ത്തനാദത്തോടെ മകനെ കോരിയെടുത്ത് നെഞ്ചോട് ചേര്‍ത്ത് കയറില്‍ തൂങ്ങിനിന്നു.

അപ്പോഴേയ്ക്കും മായയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയിരുന്നു. പാലാ കെഎസ് ആര്‍ടിസിയിലെ കണ്ടക്ടറായ റിജു അവസരത്തിനൊത്ത് പ്രവര്‍ത്തിച്ചു. കയറുമായി റിജു കിണറ്റിലേക്കിറങ്ങി. പിന്നെ സമീപവാസികളുടെ സഹായത്തോടെ മായയെയും അപ്പൂസിനെയും കരയ്‌ക്കെത്തിച്ചു. പ്രാഥമികശുശ്രൂഷകള്‍ക്ക് ശേഷം ഇപ്പോള്‍ അമ്മയും മകനും സുഖമായിരിക്കുന്നു.

സ്വന്തം ജീവന്‍ മറന്നും മകന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച മായാ, നീയാണ് യഥാര്‍ത്ഥ അമ്മ. നിനക്ക് ഹൃദയവയലിന്റെ വക ഒരു ബിഗ് സല്യൂട്ട്.

You must be logged in to post a comment Login