താബോര്‍ മലയെക്കുറിച്ച് അറിയാമോ?

താബോര്‍ മലയെക്കുറിച്ച് അറിയാമോ?

പഴയ നിയമത്തില്‍ താബോര്‍ മലയെക്കുറിച്ചു ധാരാളം പരാമര്‍ശങ്ങള്‍ ഉണ്ടെങ്കിലും പുതിയ നിയമത്തില്‍ ഈശോയുടെ രൂപാന്തരീകരണവുമായിട്ടാണ് ഈ മല ബന്ധപ്പെട്ടിട്ടുള്ളത്. സുവിശേഷങ്ങളില്‍ രൂപാന്തരീകരണം നടന്നത് ഒരു ഉയര്‍ന്ന മലയില്‍ ആണെന്നാണ് കാണുന്നത്.

ജെസ്റ്റില്‍ താഴ്‌വരയില്‍ പറിച്ചു നടപ്പെട്ട ഒരു ഒറ്റയാനെപ്പോലെ 600 മീറ്റര്‍ ഉയരത്തില്‍ നസ്രത്ത് പട്ടണത്തില്‍ നിന്നും ഏകദേശം 5 മൈല്‍ കിഴക്കായി താബോര്‍ മല സ്ഥിതി ചെയ്യുന്നു. താബോര്‍ മലയില്‍ നിന്നു നോക്കിയാല്‍ ചുറ്റുമുള്ള മനോഹര ദൃശ്യങ്ങള്‍ കാണാം.

യൂദായിലെ പര്‍വ്വതനിരകള്‍ പോലെയുള്ള ഒന്നല്ല ഈ പര്‍വ്വതം. ഇതു വേറിട്ടു നില്‍ക്കുന്നു. ചുറ്റുമുള്ള ദൃശ്യങ്ങള്‍ മനോഹരമാണ്. സ്വര്‍ഗ്ഗാരോഹണത്തിനു മുന്‍പ് തന്റെ എല്ലാ ശിഷ്യന്മാര്‍ക്കും ഈ മലയില്‍ വച്ചു ദര്‍ശനം നല്‍കിയെന്നും കാണുന്നു.

ദൈവമനുഷ്യന്റെ സ്‌നേഹഗീതയിലെ വിവരണം ഇങ്ങനെയാണ്

ഈശോ, പത്രോസ്, യോഹന്നാന്‍, യാക്കോബ് എന്നിവരെ മലയിലേക്കു കൊണ്ടുപോയി . ഈശോ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ഇവര്‍ മൂന്നുപേരും യാത്രാക്ഷീണവും ഇളംതെന്നലിന്റെ തലോടലും മൂലം സ്വല്പം ഒന്നു മയങ്ങിപ്പോയി. സ്വല്പം കഴിഞ്ഞപ്പോള്‍ ഒരു വലിയ പ്രകാശം അവരെ ഉണര്‍ത്തി. അവര്‍ കണ്ണുതുറന്നു നോക്കിയപ്പോള്‍ ഈശോയുടെ മുഖം സൂര്യനെപ്പോലെ വെട്ടിത്തിളങ്ങി. വസ്ത്രം പ്രകാശംപോലെ ധവളമായി. പ്രകാശം ഒന്നുകൂടി വര്‍ദ്ധിച്ചു. മോശയും ഏലിയായും ഈശോയുടെ അടുക്കലേക്കു വന്നു. രണ്ടുപേരും ഈശോയോടു വളരെ ബഹുമാനത്തോടുകൂടിയാണ് സംസാരിച്ചത്. ഈശോ ചിരപരിചിതരോടെന്നപോലെ അവരോട് വളരെ സ്വാതന്ത്ര്യമായി സംസാരിച്ചു. അടുത്തുതന്നെ ജറുസലേമില്‍ പൂര്‍ത്തിയാകേണ്ട ഈശോയുടെ കടന്നുപോകലിനെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്.

നിദ്രാവിവശരായിരുന്നിട്ടും ശിഷ്യര്‍ ഉണര്‍ന്നിരുന്നു. അവര്‍ അവന്റെ മഹത്വം ദര്‍ശിച്ചു. അവര്‍ക്കു ഭയം തോന്നി. അവസാനം പത്രോസ് ഒരുവിധം ധൈര്യം ശേഖരിച്ചു. ”ഗുരുവേ, നിനക്കു സമ്മതമാണെങ്കില്‍ ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങള്‍ ഉണ്ടാക്കാം.” ആ സമയത്ത് ഒരു മേഘം വന്ന് അവരെ ആവരണം ചെയ്തു. അവര്‍ മേഘത്തിനുള്ളിലായപ്പോള്‍ പിതാവിന്റെ സ്വരം കേട്ടു: ”ഇവന്‍ എന്റെ പ്രിയ പുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. ഇവന്റെ വാക്കുകള്‍ ശ്രവിക്കുവിന്‍.”

ശിഷ്യര്‍ ഇതുകേട്ട് ക്ഷണത്തില്‍ കമിഴ്ന്നു വീണു. ഭയവിഹ്വലരായ അവരെ ഈശോ സ്പര്‍ശിച്ചു. ”ഭയപ്പെടേണ്ട, എഴുന്നേല്‍ക്കുവിന്‍” എന്നു പറഞ്ഞു. അവര്‍ കണ്ണുകള്‍ ഉയര്‍ത്തിയപ്പോള്‍ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല. മലയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഈശോ അവരോടു പറഞ്ഞു: ”മനുഷ്യപുത്രന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍പ്പിക്കപ്പെടുന്നതുവരെ നിങ്ങള്‍ ഇത് രഹസ്യമായി സൂക്ഷിക്കണം.” അവര്‍ അനുസരിച്ചു.

ഇതിന്റെ സ്മാരകമായി മനോഹരമായ ഒരു പള്ളി ഇവിടെയുണ്ട്. ഈശോയുടെയും മോശയുടെയും ഏലിയായുടെയും പേരില്‍ വര്‍ണ്ണഭംഗിയുള്ള അള്‍ത്താരകള്‍ കാണാം.

താബോറില്‍ നിന്നു കുറച്ചു ദൂരെ മാറിനില്‍ക്കുന്ന ഒരു അറബി ഗ്രാമമാണ് നായിന്‍. നായിനിലെ വിധവയുടെ മകനെ ഉയിര്‍പ്പിച്ചത് സുവിശേഷത്തില്‍ നാം വായിക്കുന്നുണ്ടല്ലോ. ഇതിന്റെ ഓര്‍മ്മയ്ക്കായി ഫ്രാന്‍സിസ്‌കന്‍ സഭക്കാരുടെ വകയായി ഒരു ചെറിയ ദൈവാലയമുണ്ട്.

You must be logged in to post a comment Login