നാ​​​ഷ​​​ണ​​​ല്‍ മ​​​റൈ​​​ന്‍ ഫി​​​ഷ​​​റീ​​​സ് ന​​യം തി​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി

നാ​​​ഷ​​​ണ​​​ല്‍ മ​​​റൈ​​​ന്‍ ഫി​​​ഷ​​​റീ​​​സ് ന​​യം തി​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് കെ​​​ആ​​​ര്‍​എ​​​ല്‍​സി​​​സി

കൊച്ചി: മത്സ്യസമ്പത്ത് കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നാഷണല്‍ മറൈന്‍ ഫിഷറീസ് നയം തിരുത്തണമെന്ന് കെആര്‍എല്‍സിസി നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു. പുതിയ ഫിഷറീസ് നയം പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴിലിനും ജീവിതത്തിനും കനത്ത ആഘാതമാണ്. പൊതു – സ്വകാര്യപങ്കാളിത്തത്തോടുകൂടി കടലില്‍ മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്കുന്ന നയം വിദേശട്രോളറുകള്‍ക്ക് വീണ്ടും കടന്നുവരാനുള്ള അവസരമാണ് ഒരുക്കുന്നത്.

മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അവകാശസംരക്ഷണ കണ്‍വന്‍ഷന്‍ നടത്താനും നിര്‍വാഹകസമിതി യോഗത്തിൽ തീരുമാനമായി. പുല്ലുവിളയില്‍ മത്സ്യത്തൊഴിലാളി നായയുടെ കടിയേറ്റു മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ തീരപ്രദേശത്തെ ജനങ്ങള്‍ക്ക് ശുചിമുറി, സുരക്ഷിതഭവനം എന്നിവ ലഭ്യമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയാറാകണം.

മാലിന്യനിര്‍മാര്‍ജനത്തിനായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കണം. തീരദേശ വികസനത്തിനായി സ്‌പെഷല്‍ പാക്കേജ് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

വൈപ്പിനിലെ പുതുവൈപ്പിൽ പാചകവാതക ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്ന് ഐഒസി പിന്‍വാങ്ങണം. നിലവിലുള്ള നിയമവ്യവസ്ഥകളെ മറികടന്നുകൊണ്ട് ജനസാന്ദ്രത നിറഞ്ഞ പ്രദേശത്ത് എല്‍പിജി ടെര്‍മിനല്‍ നിര്‍മിക്കാനുള്ള നീക്കം ന്യായീകരിക്കാവുന്നതല്ല. ഐഒസി പദ്ധതിക്കെതിരെ പുതുവൈപ്പിലെ ജനങ്ങള്‍ നടത്തുന്ന സമരത്തിന് കെആര്‍എല്‍സിസി പിന്തുണ പ്രഖ്യാപിച്ചു.

കെആര്‍എല്‍സിസി 15-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി എറണാകുളം ആശിര്‍ഭവനില്‍ നടന്ന നിര്‍വാഹകസമിതിയോഗം പ്രസിഡന്‍റ് ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം ഉദ്ഘാടനം ചെയ്തു. ഭീകരതയ്ക്കും വിഭാഗിയതയ്ക്കുമെതിരേ ശക്തമായ നിലപാടുകള്‍ സ്വീകരിക്കണമെന്ന് ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു.

വൈസ്പ്രസിഡന്‍റുമാരായ ഷാജി ജോര്‍ജ്, ഫാ. പ്രസാദ് തെരുവത്ത്, ജനറല്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് സേവ്യർ, ഫാ. തോമസ് തറയിൽ, തോമസ് കെ.സ്റ്റീഫന്‍, ചെറുപുഷ്പം, ബെന്നി പാപ്പച്ചൻ, ഫാ. വില്യം രാജൻ, ജോസഫ് ജൂഡ്, മോൺ. ജയിംസ് കുലാസ്, മോൺ. വിന്‍സെന്‍റ് ഡിക്രൂസ്, ജോസി സേവ്യർ, സിനി ജോര്‍ജ്, ജോര്‍ജ് എസ്.പള്ളിത്തറ, ജെസി ജയിംസ് എന്നിവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login