വെളളപ്പൊക്ക ദുരിതം, ദേവാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും തുറന്നുകൊടുക്കണമെന്ന് മാര്‍ മനത്തോടത്ത്

വെളളപ്പൊക്ക ദുരിതം, ദേവാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും തുറന്നുകൊടുക്കണമെന്ന് മാര്‍ മനത്തോടത്ത്

കൊച്ചി: മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആവശ്യമുള്ളിടത്തു ദേവാലയങ്ങളും അനുബന്ധ സ്ഥാപനങ്ങളും തുറന്നുകൊടുക്കാന്‍ നിര്‍ദ്ദേശിച്ച് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത്. മഴക്കെടുതിയില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും മഴക്കെടുതി നേരിടുന്നതിനു സര്‍ക്കാരിന്‍റെ മുന്നറിയിപ്പുകളും ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായി സഹകരിക്കാനും ഏവരും ശ്രദ്ധിക്കണമെന്നും ബിഷപ്പ് അഭ്യര്‍ത്ഥിച്ചു.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ കനത്ത മഴയും ഉരുള്‍പ്പൊട്ടലും മൂലം അസാധാരണമായ ദുരന്തസാഹചര്യമാണുള്ളത്. വിവിധ ഡാമുകള്‍ തുറന്നതിനാല്‍ പെരിയാറിന്‍റെയും മറ്റു നദികളുടെയും തീരങ്ങളിലുള്ളവര്‍ ആശങ്കയിലാണ്. ജനജീവിതത്തിനും കൃഷികള്‍ക്കും മഴക്കെടുതി നാശം വിതയ്ക്കുന്നുണ്ട്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പടെ ആവശ്യമായ സഹായങ്ങളെത്തിക്കാന്‍ ഇടവകകളും സ്ഥാപനങ്ങളും വിശ്വാസിസമൂഹവും സന്നദ്ധരായി മുന്നിട്ടിറങ്ങണം. സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയും മറ്റു പ്രസ്ഥാനങ്ങളും ഇടവകകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും ദുരിതബാധിതര്‍ക്കും രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മാര്‍ മനത്തോടത്ത് ആഹ്വാനം ചെയ്തു.

You must be logged in to post a comment Login