പ്രകൃതിയെ സ്‌നേഹിക്കാം; മനുഷ്യനെയും

പ്രകൃതിയെ സ്‌നേഹിക്കാം; മനുഷ്യനെയും

പരിസ്ഥിതിയെ സ്‌നേഹിക്കേണ്ടതിന്റെയും സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത ഇന്നു പൊതുസമുഹം കൂടുതല്‍ മനസിലാക്കുന്നുണ്ട്. എന്നാല്‍ പരിസര മലിനീകരണത്തിന്റെ പ്രവണതകളും സമാന്തരമായുണ്ട് എന്നതാണു വസ്തുത. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിലും പിന്നീടും പരിസ്ഥിതി സംരക്ഷണത്തിന് ഉപകരിക്കുന്ന കര്‍മപരിപാടികളിലേക്ക് എല്ലാവരുടെയും ശ്രദ്ധയും സഹകരണവും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഈ വര്‍ഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായി ഐക്യരാഷ്ട്രസംഘടന മുന്നോട്ടുവച്ചിട്ടുള്ളത് ജനങ്ങളെ പ്രകൃതിയുമായി ചേര്‍ത്തുനിര്‍ത്തുക (‘Connecting People to Nature’) എന്നതാണ്. ഭാരതത്തിലെ കത്തോലിക്കാസഭയും കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സിലും പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പച്ചയായ പുല്‍ത്തകിടികളിലേക്ക് എന്ന പേരിലാണു പരിസ്ഥിതിയെക്കുറിച്ചുള്ള കെസിബിസിയുടെ മാര്‍ഗദര്‍ശനരേഖ പ്രസിദ്ധീകരിച്ചത്. ഈ രേഖകളെ അടിസ്ഥാനമാക്കി സഭയുടെ എല്ലാ തലങ്ങളിലും ബോധവത്കരണവും കര്‍മപരിപാടികളും നടക്കുന്നുണ്ട്. അവയിലെല്ലാം സര്‍വാത്മനാ സഹകരിക്കുവാന്‍ എല്ലാവരും സന്നദ്ധരാകേണ്ടിയിരിക്കുന്നു.

പരിസ്ഥിതി ആധ്യാത്മികത

അങ്ങേയ്ക്കു സ്തുതി (ലൗദാത്തോ സി) എന്ന ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് പാപ്പ പറയുന്നു: ‘പ്രകൃതിയെ ആര്‍ത്തിയോടെ ചൂഷണം ചെയ്യുന്ന ഇന്നത്തെ അവസ്ഥ നമ്മള്‍ അവസാനിപ്പിക്കണം. മലയും പുഴയും മരവും മൃഗങ്ങളെയും നശിപ്പിക്കരുത്… മനുഷ്യനെ സൃഷ്ടിച്ച ദൈവം തന്നെയാണ് ഈ പ്രപഞ്ചത്തെയും അതിലെ ചരാചരങ്ങളെയും സൃഷ്ടിച്ചതെന്ന തിരിച്ചറിവാണു പരിസ്ഥിതി ആധ്യാത്മികതയുടെ അടിസ്ഥാനം. അതിനൊപ്പം ഉത്ഥിതനായ ക്രിസ്തു ഭൗതികലോകത്തെ തന്നിലേക്കു സ്വാംശീകരിച്ചിരിക്കുന്നുവെന്നും അതിലൂടെ ഓരോ സൃഷ്ടവസ്തുവിലും അവിടുന്ന് സന്നിഹിതനാകുന്നുവെന്നുമുള്ള തിരിച്ചറിവും കൂടിയാണിത്’. (നമ്പര്‍ 221).

പാപ്പ വീണ്ടും പറയുന്നു; ‘മനുഷ്യന്റെ ആര്‍ത്തിയെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങള്‍ ഭൂമിയിലില്ല. മറിച്ച് അവന്റെ ആവശ്യങ്ങള്‍ക്കുള്ളവയേ ഉള്ളൂ. മനുഷ്യരായ നമ്മള്‍ ഈ പൊതുഭവനത്തിന്റെ ഉടമസ്ഥരല്ല, കാവല്‍ക്കാരും സംരക്ഷകരുമാണെന്ന ഉത്തരവാദിത്തബോധത്തില്‍നിന്നുമാണു പരിസ്ഥിതി ആധ്യാത്മികത രൂപം കൊള്ളുന്നത്’ (നമ്പര്‍ 67). ‘എല്ലാ മനുഷ്യരുടെയും ആവശ്യത്തിനുള്ളത് ഈ ഭൂമിയിലുണ്ട്, ആരുടേയും അത്യാര്‍ത്തിക്കുള്ളതില്ല’ എന്ന മഹാത്മാഗാന്ധിയുടെ ഓര്‍മപ്പെടുത്തലിനെ ഇതിനോടു ചേര്‍ത്തുവായിക്കാം. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെപ്പറ്റി പാപ്പാ പറയുന്നത് ഇപ്രകാരമാണ്: ‘നമുക്കുശേഷം വരാനിരിക്കുന്ന തലമുറകള്‍ക്കെല്ലാമായി ഈ ഭൂമിയെയും അതിലെ ചരാചരങ്ങളെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം മനുഷ്യനുണ്ട്’. (ലൗദാത്തോ സി – നമ്പര്‍ 68).

മനുഷ്യന്‍ പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുകയാണെങ്കില്‍ അതിനെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യും എന്നതു തീര്‍ച്ചയാണ്. പൊതുസ്വത്ത് സംരക്ഷിക്കാന്‍ നമുക്കെല്ലാവര്‍ക്കും കടമയുണ്ട്. ഭൂമി നമ്മുടെ പൊതുഭവനമാണെന്ന പാപ്പയുടെ ദര്‍ശനത്തെ ആഴത്തില്‍ മനസിലാക്കാനും പാലിക്കാനും നമുക്കു സാധിക്കണം.

പ്രകൃതിയോടു ചേര്‍ന്ന്

വായു, ജലം, അഗ്നി, ആകാശം, ഭൂമി എന്നീ പഞ്ചഭൂതങ്ങളുടെ സമന്വയമാണു പ്രകൃതിയെന്നു ഭാരതീയദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ മനസിലാക്കാവുന്നതാണ്. മനുഷ്യപ്രകൃതിയിലും ഈ പഞ്ചഭൂതങ്ങള്‍ ഉണ്ടല്ലൊ. അതിനാല്‍ പ്രകൃതിയും മനുഷ്യനും ചേര്‍ന്നു നില്‍ക്കേണ്ടത് രണ്ടിന്റെയും സുസ്ഥിതിക്ക് ആവശ്യമാണ്. പ്രകൃതിയില്‍ നിന്ന് അകലുന്ന മനുഷ്യന്‍ ശാസ്ത്രത്തിന്റെയും സാങ്കേതികയുടെയും അധീനതയില്‍പ്പെട്ടുപോകുന്നു. ജീവിതത്തിന്റെ സ്വാഭാവികതയും ലാളിത്യവും അവനു നഷ്ടപ്പെടുന്നു. യാന്ത്രികത അവന്റെ ദൈനംദിന ജീവിതത്തിന്റെ സ്വഭാവത്തെ കീഴടക്കുന്നു. പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന മനുഷ്യന്‍ പ്രപഞ്ചത്തിന്റെ എല്ലാ ഘടകങ്ങളെയും സംരക്ഷിക്കുവാന്‍ സ്വാഭാവികമായും തത്പരനായിരിക്കും.

അകലണം ആശങ്കകള്‍

ഭൂമിയും വെള്ളവും വായുവും ആകാശവും മലിനപ്പെടുത്തുവാനും നശിപ്പിക്കുവാനും മടിയില്ലാത്ത മനുഷ്യര്‍ നമുക്കു ചുറ്റുമുണ്ടെന്നത് വര്‍ത്തമാനകാലത്തിന്റെ ആകുലതയാണ്. പരിസര മലിനീകരണവും അന്തരീക്ഷ മലിനീകരണവും നമ്മുടെ നദികളിലും കടലിലുമുള്ള ജലത്തിന്റെ മലിനീകരണവും ഒരു മനസാക്ഷിക്കുത്തുമില്ലാതെ ഇന്നു മനുഷ്യന്‍ അനുവര്‍ത്തിക്കുന്ന അപകടശൈലിയായിട്ടുണ്ടല്ലൊ. മനുഷ്യന്റെ അവശിഷ്ടങ്ങളും അനാവശ്യവസ്തുക്കളും വലിച്ചെറിയാനുള്ള ഇടങ്ങളായി പാതയോരങ്ങളെയും ജലാശയങ്ങളെയും കാണുന്നയാളുകള്‍ ഏറെയുണ്ടെന്നത് ഖേദകരമാണ്. നഗരങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ തങ്ങളുടെ മാലിന്യങ്ങള്‍ കാറുകളില്‍ കൊണ്ടുവന്ന് പാതയോരങ്ങളില്‍ തള്ളുന്ന കാഴ്ച സാധാരണമായിരിക്കുന്നു. ഫാക്ടറികളില്‍ നിന്ന് ഒഴുക്കിവിടുന്ന രാസമാലിന്യങ്ങള്‍ പെരിയാര്‍ പോലുള്ള നമ്മുടെ ജലസ്രോതസുകളെ വിഷമയമാക്കിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാമെതിരെ നാം സംഘടിതമായ പരിഹാര മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതാണ്.

ഓരോ വ്യക്തിയും പരിസ്ഥിതി സംരക്ഷകനാവണം. അതുപോലെ തന്നെ ഓരോ കുടുംബവും ഓരോ ഗ്രാമത്തിലെയും നഗരത്തിലെയും ജനങ്ങളും പരിസ്ഥിതി ബോധമുള്ളവരായി മാറണം. ഭൂമിയും വെള്ളവും വായുവും ആകാശവും സംരക്ഷിക്കുവാന്‍ നാം തയാറാകണം.
പ്രകൃതിയെ ഞാന്‍ ദ്രോഹിച്ചാല്‍ പ്രകൃതി എന്നെയും ദ്രോഹിക്കുമെന്ന പ്രകൃതി നിയമം മനസിലാക്കുവാന്‍ നമുക്കു കഴിയണം.

പ്രപഞ്ചവസ്തുക്കളുടെ മലിനീകരണം മൂലമാണു രോഗവാഹികളായ പുതിയ വൈറസുകള്‍ പ്രത്യക്ഷപ്പെടുന്നതെന്നും മാരകമായ രോഗങ്ങള്‍ ഉണ്ടാകുന്നതെന്നും ന്യായമായും അനുമാനിക്കാം. രാസമാലിന്യങ്ങള്‍ നിറഞ്ഞ ജലം കുടിക്കുന്നതും കീടനാശിനികള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ കഴിക്കുന്നതും കാന്‍സറിനും വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുമെന്നു ഡോക്ടര്‍മാര്‍ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. മലിനീകരണം മൂലം മത്സ്യങ്ങളും പക്ഷിമൃഗാദികളും നശിപ്പിക്കപ്പെടുന്ന സാഹചര്യവുമുണ്ട്. ഇവയെല്ലാം ആത്യന്തികമായി മനുഷ്യസമൂഹത്തിന്റെ നിലനില്‍പിനെയും വളര്‍ച്ചയെയും സ്വാധീനിക്കുമെന്നതില്‍ സംശയമില്ല.

നടാം, ഒരു മരമെങ്കിലും

പരിസ്ഥിതി സംരക്ഷണത്തില്‍ നമ്മുടെ ഇടവക സമൂഹങ്ങളും സ്ഥാപനങ്ങളും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്. പരിസരങ്ങളുടെയും വഴികളുടെയും ജലാശയങ്ങളുടെയും ശുചിത്വം പാലിക്കുവാന്‍ ഏവരും ശ്രദ്ധിക്കണം. അതിനുള്ള ബോധനം കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും നിരന്തരം നല്‍കേണ്ടിയിരിക്കുന്നു. ജൈവകൃഷി കഴിവതും പ്രചരിപ്പിക്കുവാന്‍ ഏവര്‍ക്കും സാധിക്കണം. സ്‌കൂളുകളിലും കോളജുകളിലും പരിസ്ഥിതി സംരക്ഷണത്തിനു യോജിച്ച പരിശീലനം വിദ്യാര്‍ഥികള്‍ക്കു കൊടുക്കേണ്ടതാണ്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് ഒരു വൃക്ഷത്തൈയെങ്കിലും നടുവാന്‍ ഭവനങ്ങളും സ്ഥാപനങ്ങളും മുന്‍കൈയെടുക്കേണ്ടതാണ്. പരിസ്ഥിതി സൗഹൃദ മനോഭാവങ്ങളും പ്രകൃതിയോടു സമന്വയപ്പെട്ടുള്ള ജീവിതശൈലിയുമാകട്ടെ നമ്മുടേത്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്

You must be logged in to post a comment Login