13 കാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു, കന്യാസ്ത്രീയായ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

13 കാരിയായ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു, കന്യാസ്ത്രീയായ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

ടിന്‍സുക്കിയ: സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ പതിമൂന്നുകാരി നദിയില്‍ ചാടി ആത്മഹത്യ ചെയ്തതിന് ആ സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ കന്യാസ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ആസാമിലാണ് സംഭവം. ഡിബ്രുഹാ ജില്ലയിലെ സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റെന്‍സി സെബാസറ്റിയനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിസ്റ്റര്‍ തന്നെ അപമാനിച്ചു എന്നതിന്റെ പേരില്‍ ഓഗസ്റ്റ് 29 നാണ് പതിമൂന്നുകാരി പാലത്തില്‍ നിന്ന് നദിയിലേക്ക് എടുത്തുചാടി മരണം വരിച്ചത്.

ഇന്ത്യന്‍ പീനല്‍ കോഡ് 306,34 കുറ്റം ചുമത്തിയാണ് സിസ്റ്ററെ അറസ്റ്റ് ചെയ്തത് . മിഷനറി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഹെല്‍പ് ഓഫ് സിസ്റ്റേഴ്‌സ് സഭാംഗമാണ് . തന്റെ മേല്‍ ചുമത്തിയ എല്ലാ കുറ്റങ്ങളും സിസ്റ്റര്‍ നിഷേധിച്ചു. താന്‍ ക്ലാസിലേക്ക് കടന്നുവന്നപ്പോള്‍ ബെഞ്ചിലും ഡെസ്‌ക്കിലും അമാന്യമായ ഭാഷയില്‍ എഴുതിയിരിക്കുന്നത് കണ്ടുവെന്നും അതാരാണ് എഴുതിയത് എന്ന് അന്വേഷിച്ചതേയുള്ളൂ എന്നും സിസ്റ്റര്‍ പറയുന്നു.

സിസ്റ്റര്‍ റെന്‍സി ചീത്തയാണെന്നും സുഹൃത്തുക്കളുടെ മുമ്പില്‍ വച്ച് തന്നെ അടിച്ചുവെന്നും ആത്മഹത്യാക്കുറിപ്പില്‍ വിദ്യാര്‍ത്ഥിനി എഴുതിയിട്ടുണ്ട് എന്ന് പോലീസ് അവകാശപ്പെടുന്നു. കൃത്രിമമമായ തെളിവുകളോടെ നിരപരാധികളെ മാധ്യമങ്ങള്‍ ആക്രമിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സഭയുടെ പ്രൊവിന്‍ഷ്യാല്‍ സിസ്റ്റര്‍ ഡെയ്‌സി പറഞ്ഞു. സിസറ്റര്‍ റെന്‍സി എല്ലാവര്‍ക്കും ആദരണീയ ആയ വ്യക്തിയാണെന്നും പ്രൊവിന്‍ഷ്യാല്‍ തുടര്‍ന്നു പറഞ്ഞു.

You must be logged in to post a comment Login