കന്യാസ്ത്രീമാരുടെ തിരുവാതിരകളി ചര്‍ച്ചയാകുമ്പോള്‍…

കന്യാസ്ത്രീമാരുടെ തിരുവാതിരകളി ചര്‍ച്ചയാകുമ്പോള്‍…

ഓണം കഴിഞ്ഞുപോയി. പക്ഷേ പുതിയൊരു വിവാദത്തിനും ചര്‍ച്ചയ്ക്കും കളമൊരുക്കിയിട്ടാണ് ഇത്തവണത്തെ ഓണം കടന്നുപോയത്.വിശ്വാസപരമായ ചില കാര്യങ്ങളെ ചൊല്ലിയായിരുന്നു ഈ വിവാദം.

പത്ത് കന്യാസ്ത്രീമാരുടെ തിരുവാതിരകളിയായിരുന്നു ഇതിലേക്ക് നയിച്ചത്. വാട്‌സാപ്പിലൂം ഫെയ്‌സ്ബുക്കിലും കന്യാസ്ത്രീമാരുടെ തിരുവാതിരകളി വ്യാപകമായതോടെ പലയിടത്തു നിന്നും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

തിരുവസ്ത്രമണിഞ്ഞ് ഓണപ്പൂക്കളുടെ ചുറ്റും നിന്ന് തിരുവാതിരകളിക്കുന്ന കന്യാസ്ത്രീമാരുടെ വീഡിയോ പുറത്തുവിട്ടത് ശശി തരൂര്‍ എംപിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മലയാളികളുടെ മതസൗഹാര്‍ദ്ദത്തിന്റെ മഹത്വം വിളിച്ചോതുന്ന ചിത്രമാണ് ഇതെന്നും രക്തത്തില്‍ മതം കലരാത്ത മൈത്രിയാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നതെന്നും ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുകൂട്ടരുടെ സംശയങ്ങള്‍ ഇങ്ങനെയാണ്.

തിരുവാതിരകളിയുടെ ഐതിഹ്യം ഇവര്‍ക്കറിയാമോ എന്നതാണ് അതിലൊന്ന്. പാര്‍വതി ശിവനെ ഭര്‍ത്താവായിലഭിക്കാനായി കഠിനമായ തപസ് ചെയ്യുകയും ശിവന്‍ ധനുമാസത്തിലെ തിരുവാതിരനാളില്‍ പാര്‍വതിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഭര്‍ത്താവാകാന്‍ സമ്മതിക്കുകയും ചെയ്ത ഐതിഹ്യത്തോട് ബന്ധപ്പെട്ടാണ് തിരുവാതിരകളി രൂപപ്പെട്ടിരിക്കുന്നത്. കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തകലാരൂപമാണ് തിരുവാതിരകളിയെന്ന് പറയുന്നുണ്ടെങ്കിലും മതപരമായ ആചാരത്തിന്റെ ഭാഗമായി ഇതിനെ കാണുന്നതുകൊണ്ടാണ് കന്യാസ്ത്രീമാരുടെ തിരുവാതിര ഒരു വിഭാഗം ആളുകളുടെ എതിര്‍പ്പ് വിളിച്ചുവരുത്തിയത്.

കത്തോലിക്കാ ദേവാലയത്തില്‍ ഗണേശോത്സവത്തിന് സ്വീകരണം നല്കിയത് നമ്മുടെ നാട്ടില്‍ ആയിരുന്നില്ലെങ്കിലും അതിലും ഭീകരമായ ചിലതൊക്കെ നമ്മുടെ നാട്ടിലും നടക്കുന്നുണ്ട് എന്ന് കാണാതെപോകരുത്. അതിലൊന്നായിരുന്നു മുസ്ലീം സഹോദരങ്ങള്‍ക്കൊപ്പം നമ്മുടെ ഒരു മതമേലധ്യക്ഷന്‍ തന്റെ ബിഷപ്‌സ് ഹൗസില്‍ നിസ്‌ക്കരിച്ചത്. അതുപോലെ ഓണത്തിനോട് താദാത്മ്യപ്പെടാനും സാംസ്‌കാരികാനുരൂപണത്തിന്റെ പേരിലും ഓണക്കുര്‍ബാനകളും അരങ്ങേറിയിട്ടുണ്ട് നമ്മുടെ നാട്ടിലും.

അത്തപ്പൂക്കളത്തിന് മുമ്പിലിരുന്നാണോ ഒരു വൈദികന്‍ ദിവ്യബലവിയര്‍പ്പിക്കേണ്ടത്.. ഓണവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ദേവാലയത്തില്‍ വരച്ചുവയ്‌ക്കേണ്ടതുണ്ടോ..ഇങ്ങനെ ചില ആശങ്കകള്‍ സാധാരണവിശ്വാസികളുടെ ഉള്ളിലുള്ളപ്പോഴാണ് തിരുവാതിരകളിയുമായി കന്യാസ്ത്രീയമ്മമാരും എത്തിയിരിക്കുന്നത്.

ഇത്തരത്തിലുള്ളവയുടെ ശരിതെറ്റുകളെ കൃത്യമായി നിര്‍വചിക്കുവാനും നിര്‍ദ്ദേശങ്ങള്‍ നല്കാനും അധികാരികള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.. ഒരാള്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍ അവരുടെ വിശ്വാസത്തിന് ഇടര്‍ച്ചവരുത്താന്‍ നമ്മുടെ പ്രവൃത്തികളോ പ്രഘോഷണങ്ങളോ ഇടയാകുന്നുണ്ടോയെന്ന് ഓരോരുത്തരും ആത്മശോധന നടത്തേണ്ട സമയം കൂടിയാണിത് എന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.

You must be logged in to post a comment Login